| Saturday, 18th November 2023, 11:30 pm

രണ്ടാം ലോക മഹായുദ്ധത്തിന്റെ നഷ്ടപരിഹാരം നല്‍കാന്‍ ജർമനിയും റഷ്യയും ബാധ്യസ്ഥരെന്ന് പോളണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാര്‍സോ: രണ്ടാം ലോക മഹായുദ്ധത്തിന്റെ നഷ്ടപരിഹാരം ലഭിക്കുന്നതിനായി പുതിയ പാര്‍ലമെന്ററി ഗ്രൂപ്പ് രൂപീകരിച്ച് പോളണ്ട്. ജര്‍മനിയില്‍ നിന്നും റഷ്യയില്‍ നിന്നുമായി തങ്ങള്‍ക്ക് കിട്ടേണ്ട നഷ്ടപരിഹാരം തിരിച്ചെടുക്കുന്നതിനായാണ് ഈ നീക്കമെന്ന് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അര്‍കാദിയൂസ് മുല്യാര്‍സിക് പറഞ്ഞു.

പോളണ്ടിലെ ലോ ആന്‍ഡ് ജസ്റ്റിസ് (പി.ഐ.എസ്) പാര്‍ട്ടിയുടെ നേതാവ് ജറോസ്ലാവ് കാസിന്‍സ്‌കിയും ഗ്രൂപ്പിലെ അംഗമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

രണ്ടാം ലോകയുദ്ധമായി ബന്ധപ്പെട്ട് ജര്‍മനിയില്‍ നിന്ന് ലഭിക്കാനുള്ള നഷ്ടപരിഹാരം കൈകാര്യം ചെയ്യുന്നതാണ് പുതിയ കമ്മീഷന്റെ ചുമതലയെന്ന് വിദേശകാര്യ മന്ത്രി മുല്യാര്‍സിക് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തില്‍ തന്നെ തീരുമാനമായ ഈ സര്‍ക്കാര്‍ നയത്തില്‍ റഷ്യയില്‍ നിന്ന് ലഭിക്കേണ്ട തുകയും കമ്മീഷന്‍ കണക്കാക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധം അവസാനിച്ച് ഏകദേശം 80 വര്‍ഷങ്ങള്‍ക്ക് ശേഷവും ധാര്‍മികവും നിയമപരവുമായ ബാധ്യതയായി ഈ നഷ്ടം തുടരുന്നുവെന്ന് മുല്യാര്‍സിക് എക്സില്‍ കുറിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള നഷ്ടപരിഹാരത്തിന്റെ അഭാവം അന്തര്‍സംസ്ഥാന ബന്ധങ്ങളില്‍ മാത്രമല്ല ആഗോള നിയമ ക്രമത്തിലും നിഴല്‍ വീഴ്ത്തുന്നുവെന്നും അദ്ദേഹം കുറിച്ചു. വര്‍ഷങ്ങളായി നീതിക്കായുള്ള പോരാട്ടത്തിലാണ് തങ്ങളെന്നും മുല്യാര്‍സിക് പറഞ്ഞു.

യുദ്ധസമയത്ത് ജര്‍മന്‍ അധിനിവേശത്തിന്റെ ഫലമായി പോളണ്ടിന് ഉണ്ടായ നഷ്ടങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം പോളണ്ട് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. റിപ്പോര്‍ട്ട് പ്രകാരം നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായി പി.എല്‍.എന്‍ 6.2 ട്രില്യണ്‍ ആവശ്യപ്പെട്ട പോളണ്ട് സര്‍ക്കാര്‍ ജര്‍മനിയുമായി നയതന്ത്ര കരാറില്‍ ഒപ്പുവെച്ചിരുന്നു.

അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഒരു ഉടമ്പടി പ്രകാരം പോളണ്ടുമായുള്ള പ്രശ്‌നം പ്രഹരിച്ചിട്ടുണ്ടെന്ന് ജര്‍മനി പ്രതികരിച്ചു. എന്നാല്‍ ജര്‍മനിയുടെ പ്രതികരണം തന്റെ രാജ്യത്തോടുള്ള അനാദരവാണെന്ന് വിദേശകാര്യ മന്ത്രി മുല്യാര്‍സിക് പറഞ്ഞു.

നാസി കൈകളാല്‍ പോളണ്ടിന് സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് ജര്‍മനി ഒരിക്കലും ശരിയായ പ്രതിഫലം നല്‍കിയിട്ടില്ലെന്നും റഷ്യയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് 1950 കളില്‍ പുറപ്പെടുവിച്ച നഷ്ടപരിഹാര ക്ലെയിമുകള്‍ ഉപേക്ഷിക്കാന്‍ പോളണ്ട് നിര്‍ബന്ധിതമായെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Content Highlight: Poland seeks World War II reparations

We use cookies to give you the best possible experience. Learn more