| Sunday, 12th May 2019, 12:19 pm

ഹോളോകോസ്റ്റില്‍ ജൂതര്‍ക്കു നഷ്ടപരിഹാരം നല്‍കേണ്ട; ജൂതവിരുദ്ധ പ്രക്ഷോഭവുമായി പോളണ്ടില്‍ വലതുകക്ഷികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാര്‍സോ (പോളണ്ട്): സമീപകാലത്തെ ഏറ്റവും വലിയ ജൂതവിരുദ്ധ പ്രക്ഷോഭവുമായി പോളണ്ടില്‍ വലതുകക്ഷികള്‍ തെരുവിലിറങ്ങി. ഹോളോകോസ്റ്റില്‍ വസ്തുവകകള്‍ നഷ്ടപ്പെട്ട ജൂതകുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം ആവശ്യപ്പെടുന്ന യു.എസ് നിയമത്തിനെതിരെയാണ് അവര്‍ ശനിയാഴ്ച മുതല്‍ തെരുവിലിറങ്ങിയത്.

വിവിധ വലതുകക്ഷികളും അവരെ പിന്തുണയ്ക്കുന്നവരും പോളണ്ടിലെ വാര്‍സോയിലുള്ള യു.എസ് എംബസിയിലേക്ക് ഇന്നലെ മാര്‍ച്ച് നടത്തി. പോളണ്ടിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ യു.എസിന് അവകാശമില്ലെന്ന് അവര്‍ വാദിച്ചു. പോളണ്ടിന്റെ താത്പര്യങ്ങള്‍ക്കു മുകളിലാണ് യു.എസ് സര്‍ക്കാരിന് ജൂതതാത്പര്യങ്ങളെന്ന് അവര്‍ ആരോപിക്കുകയും ചെയ്തു.

പന്ത്രണ്ടോളം രാജ്യങ്ങളില്‍ ഹോളോകോസ്റ്റില്‍ വസ്തുവകകള്‍ നശിച്ചുപോയ ജൂതര്‍ക്ക് അവയ്ക്കു നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നിയമമാണ് യു.എസ് ലോ എസ്. 447 അഥവാ ജസ്റ്റിസ് ഫോര്‍ അണ്‍കോമ്പന്‍സേറ്റഡ് സര്‍വൈവേഴ്‌സ് ടുഡേ (ജസ്റ്റ്) നിയമം.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹോളോകോസ്റ്റിന്റെ ഇരകളിലൊരാളായ പോളണ്ടിനോട് ജൂതര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെടുന്നതു ന്യായമല്ലെന്നും അതേസമയം ജര്‍മനിയില്‍ നിന്ന് പോളണ്ടിനു പോലും വേണ്ട നഷ്ടപരിഹാരം കിട്ടിയില്ലെന്നും പ്രക്ഷോഭകര്‍ വാദിക്കുന്നു.

പോളണ്ടിലെ ഭരണകക്ഷിയായ ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയും പ്രതിപക്ഷവും ഈ നിയമം നടപ്പാക്കുന്നതില്‍ തീരെ താത്പര്യം കാണിച്ചിട്ടുമില്ല. മാത്രമല്ല, പോളണ്ടുകാരാണ് നഷ്ടപരിഹാരം അര്‍ഹിക്കുന്നതെന്നും ജൂതര്‍ക്കെതിരേ പരോക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി മത്തേവൂസ് മൊറാവിക്കി പറഞ്ഞു. വലതുപക്ഷ പാര്‍ട്ടിയാണ് മത്തേവൂസിന്റേതെങ്കില്‍ പ്രതിപക്ഷത്തുള്ളത് സെന്‍ട്രിസ്റ്റ് പാര്‍ട്ടിയാണ്.

യുദ്ധകാലത്ത് ജൂതരുടേതടക്കമുള്ള വസ്തുവകകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. 1942-ലാണ് നാസി ഹോളോകോസ്റ്റ് അഥവാ കൂട്ടക്കൊലകള്‍ തുടങ്ങിയത്. മനുഷ്യരാശി അന്നോളം കണ്ടിട്ടില്ലാത്ത അത്ര കൊടുംക്രൂരതകളായിരുന്നു അരങ്ങേറിയത്. 1945 വരെ വിഷവാതകം തുറന്നുവിട്ട് ശ്വാസം മുട്ടിച്ചു കൊന്നത് ഏകദേശം മൂന്നു ദശലക്ഷം ജൂതരെയാണ്.

നാസി ഭീകരതയുടെ തലസ്ഥാനമായിരുന്നത് പോളണ്ടിലെ ഏറ്റവും വലിയ ഗ്യാസ് ചേമ്പറുകളായിരുന്ന ഓഷി വിറ്റ്‌സുകളായിരുന്നു. ഇവിടെ കൂട്ടത്തോടെ എത്തിക്കുന്ന മനുഷ്യരെ തരംതിരിച്ചായിരുന്നു ശിക്ഷ നടപ്പാക്കിയിരുന്നത്.

We use cookies to give you the best possible experience. Learn more