| Sunday, 24th June 2018, 10:01 pm

സെനഗലിനെതിരായ മത്സരത്തില്‍ ഗ്യാലറിയില്‍ വിവാദ ബാനര്‍; പോളണ്ടിന് ഫിഫയുടെ പിഴ ശിക്ഷ

സ്പോര്‍ട്സ് ഡെസ്‌ക്

മോസ്‌കോ: സെനഗലിനെതിരായ മത്സരത്തില്‍ ഗ്യാലറിയില്‍ ആരാധകര്‍ വിവാദ ബാനര്‍ കാണിച്ചതിന് പോളണ്ടിന് ഫിഫയുടെ പിഴശിക്ഷ. 10,000 സ്വിസ് ഫ്രാങ്ക് ആണ് പിഴയീടാക്കുന്നത്. ഫിഫ അച്ചടക്ക സമിതിയുടേതാണ് നടപടി. ആരാധകര്‍ ബാനറില്‍ എന്താണ് എഴുതിയിട്ടുള്ളതെന്ന് പുറത്തുവിട്ടിട്ടില്ല.

മത്സരത്തില്‍ 2-1ന് പോളണ്ട് സെനഗലിനോട് തോറ്റിരുന്നു. സംഭവത്തില്‍ പോളണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ജര്‍മ്മനിക്കെതിരായ മത്സരത്തിനിടെ അപമാനിക്കുന്ന തരത്തില്‍ പാട്ടുപാടിയതിന് മെക്‌സിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷനെയും ഫിഫ ശിക്ഷിച്ചിരുന്നു. കാണികളുടെ മോശം പെരുമാറ്റത്തിന്റെ പേരില്‍ അര്‍ജന്റീനയ്‌ക്കെതിരെയും ക്രൊയേഷ്യയ്‌ക്കെതിരെയും ഫിഫ നടപടി സ്വീകരിക്കുന്നുണ്ട്.

അതേ സമയം സെര്‍ബിയക്കെതിരായ ഗോള്‍ നേട്ടം രാഷ്ട്രീയപരമാക്കിയതിന് സ്വിസ് താരങ്ങളായ ഷെര്‍ദാന്‍ ഷാക്കിരിക്കും ഗ്രാനിറ്റ് ഷാക്കയ്ക്കുമെതിരേ ഫിഫ നടപടിയെടുത്തേക്കും. കുറ്റം തെളിയിച്ചാല്‍ രണ്ട് മത്സരങ്ങളില്‍ വിലക്കും അയ്യായിരം സ്വിസ് ഫ്രാങ്ക് പിഴയുമാണ് ശിക്ഷയുണ്ടാവുക.

ഇരുവരുടെയും ഗോളുകളിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സെര്‍ബിയയെ തോല്‍പിച്ചത്. ഈ ഗോളുകള്‍ക്കുശേഷമുള്ള ആഘോഷത്തിന്റെ പേരിലാണ് നടപടി. കൈകള്‍ നെഞ്ചില്‍ പിണച്ചുവെച്ച് തള്ളവിരലുകള്‍ കൂട്ടിമുട്ടിച്ചായിരുന്നു ഇരുവരുടെയും ആഘോഷം.

We use cookies to give you the best possible experience. Learn more