കീവ്: റഷ്യ- ഉക്രൈന്‍ യുദ്ധം അയവില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കെ ഉക്രൈന് കൂടുതല്‍ യുദ്ധ സഹായങ്ങള്‍ നല്‍കാന്‍ അയല്‍ രാജ്യമായ പോളണ്ടും അമേരിക്കയും.
ഉക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാമെന്നാണ് പോളണ്ടും അമേരിക്കയും പറഞ്ഞിരിക്കുന്നത്.
മിഗ് 29, എസ്.യു 35 വിമാനങ്ങളായിരിക്കും പോളണ്ട് ഉക്രൈന് നല്‍കുക.
യു.എസില്‍ നിന്നും എഫ് 16 വിമാനങ്ങള്‍ വാങ്ങാനും ഉക്രൈന്‍ തീരുമാനിച്ചു.
പോളണ്ടുമായും നാറ്റോ അംഗരാജ്യങ്ങളുമായും സഹകരിച്ച് ഉക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കി സഹായിക്കാന്‍ ആലോചനകള്‍ നടക്കുന്നുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കൂടുതല്‍ ആയുധങ്ങളും യുദ്ധവിമാനങ്ങളും നല്‍കി സഹായിക്കണമെന്ന് നാറ്റോയോട് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അതേസമയം, യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ റഷ്യക്കെതിരെ ഉക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കി സഹായിക്കുന്നതോടെ റഷ്യയുടെ തിരിച്ചടി എത്തരത്തിലുള്ളതായിരിക്കും എന്നും ആശങ്ക ഉയരുന്നുണ്ട്.
ഇതിനിടെ ഉക്രൈന് പിന്തുണയുമായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ- നിര്‍മാണ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെ സി.ഇ.ഒ ഇലോണ്‍ മസ്‌കും രംഗത്തെത്തിയിട്ടുണ്ട്.
സ്‌പേസ് എക്‌സ് വഴി ഓപ്പറേറ്റ് ചെയ്യുന്ന സ്റ്റാര്‍ലിങ്ക് സിസ്റ്റത്തിന്റെ സേവനമാണ് ഉക്രൈന് ലഭിക്കുന്നത്. ഭാവിയില്‍ നടപ്പിലാക്കാവുന്ന ബഹിരാകാശ പ്രോജക്ടുകളെ കുറിച്ച് മസ്‌കിനോട് ചര്‍ച്ച ചെയ്‌തെന്നും സെലന്‍സ്‌കി ട്വീറ്റ് ചെയ്തു.
മസ്‌കിന്റെ പിന്തുണക്കും സേവനത്തിനും സെലന്‍സ്‌കി നന്ദി പറയുകയും ചെയ്തു.
സ്‌പേസ് എക്‌സിന്റെ കൂടുതല്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ടെര്‍മിനലുകള്‍ അടുത്തയാഴ്ച ഉക്രൈനിലെത്തുമെന്നും ഭാവിയില്‍ സാധ്യമായ സ്‌പേസ് പ്രോജക്ടുകളെക്കുറിച്ച് മസ്‌കുമായി ചര്‍ച്ച ചെയ്തതായും പ്രസിഡന്റ് വ്യക്തമാക്കി.
Content Highlight: Poland and America to give war planes to Ukraine