സി.കെ വിശ്വനാഥ്
സമരകാലത്ത് ജനിക്കുകയും കൗമാരവും യൗവ്വനവും സ്വാതന്ത്ര്യാനന്തര കേരളീയാവസ്ഥയിലെ ദളിത്-കമ്മ്യൂണിസ്റ്റ് ആത്മാഭിമാന മുന്നേറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും പിന്നീട് പാരിസ്ഥിതിക ജനാധിപത്യ സമരങ്ങളിലെ മുന്നളിപ്പോരാളിയായി മാറുകയും ചെയ്ത ഒരു ജൈവ ബുദ്ധിജീവിയാണ് പൊക്കുടന്‍. അയിത്തം മുതല്‍ പരിസ്ഥിതി വരെ വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ വിശാലമായ ഇടപെടലുകള്‍ ആധുനിക ഇന്ത്യയുടെ ദേശനിര്‍മ്മാണ പ്രക്രിയയിലെ ഒരു ദളിത് ജീവിതത്തിന്റെ ഇടപെടലുകളാണ്. പൊക്കുടന്‍ ഉയര്‍ത്തിയ ചോദ്യങ്ങളെല്ലാം തന്നെ ഈ കീഴാളജീവിതത്തിന്റെ ഉയിര്‍ത്തെയുന്നേല്‍പ്പുകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
ആത്മാഭിമാനത്തിന്റെ ഈ ദളിത് ഉയര്‍ത്തെഴുന്നേല്‍പ്പ് ദൈനംദിന ജീവിത സമരത്തിന്റെ പ്രതിരോധാവസ്ഥകളായി (every day forms of resistance)മാറുന്ന കാഴ്ച്ച വര്‍ത്തമാന കാലത്തെ വിപ്ലവ സാമുദായിക രാഷ്ട്രീയവുമായി (radical communitarian politics) അഭേധ്യമാം വിധം ബന്ധപ്പെട്ടു കിടക്കുന്നു. ജാതിയുമായി അതിനെ മൂടപ്പെട്ട ബ്രാഹ്മണിസത്തിനെതിരായി, കര്‍ഷക- കമ്മ്യൂണിസ്റ്റ് സമരങ്ങളിലെ വര്‍ഗ്ഗ രാഷ്ട്രീയവുമായി , വര്‍ത്തമാനകാലത്തെ പാരിസ്ഥിതി – livelyhood സമരങ്ങളുമായി ഐക്യപ്പെടുന്ന പൊക്കുടന്‍, ആഗോള തലത്തില്‍ തന്നെ ഇന്ന് ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞ പാരിസ്ഥിതിക ജനാധിപത്യ സമരങ്ങളിലെ vanguard ആണ്.
ഓരോ രണ്ട് മണിക്കൂറിനുള്ളില്‍ രണ്ട് ദളിതര്‍ വീതം ആക്രമിക്കപ്പെടുന്നുവെന്നും ദിവസവും മൂന്ന് ദളിത് സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നുവെന്നും, രണ്ട് ദളിത് സ്ത്രീകള്‍ കൊല്ലപ്പെടുന്നുവെന്നുമാണ്് മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊക്കുടന്റെ “എന്റെ ജീവിതം” എന്ന പുസ്തകം ഇത്തരം കേരളീയ ജീവിതത്തിന്റെ ഒരു ദളിത് ചിത്രം വ്യക്തമാക്കുന്നുണ്ട്.
നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ദളിത് ജീവിതത്തെ നിരന്തര പോരാട്ടത്തിലൂടെ മാത്രമേ കരുപ്പിടുപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്ന തിരിച്ചറിവായിരുന്നു പൊക്കുടന്റെ ജീവിതം. നിരന്തരം സഹിക്കേണ്ടിവരുന്ന അപമാനങ്ങളും, മര്‍ദ്ദനങ്ങളും, തടവു ശിക്ഷകളും ഒളിവ് ജീവിതവുമെല്ലാം തന്നെ ദളിത് ആത്മാഭിമാന രാഷ്ട്രീയ ജീവിതത്തിന് അനിവാര്യമാണ് എന്നത് ഇന്ത്യയിലെങ്ങും അടുത്തകാലത്ത് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ദളിത് ആത്മകഥകളും ജീവചരിത്രഗ്രന്ഥങ്ങളും വ്യക്തമാക്കിയിട്ടുള്ളതാണ്. സ്‌കൂളില്‍ പോകാന്‍, പൊതുകിണറില്‍ നിന്ന് വെള്ളമെടുക്കാന്‍, വസ്ത്രം ധരിക്കാന്‍, ആധുനിക പൗരനായിരിക്കാന്‍ വേണ്ടി ഇന്ത്യന്‍ ദേശരാഷ്ട്രം നല്‍കുന്ന അവകാശ ക്ഷേമപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും അത്തരം ശ്രമങ്ങളെ ആധിപത്യം പുലര്‍ത്തുന്ന ജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് അനുകൂലമായി തിരിച്ചുവിടുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകളാണ് ഈ ദളിത് ആത്മകഥകളുടെയും ജീവചരിത്രങ്ങളുടെയും പ്രത്യേകതകള്‍. പൊക്കുടന്റെ ജീവിതവും ഈ യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നതാണ്.
ജാതിവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അതിന്റെ ജനാധിപത്യ വിരുദ്ധമായ നിലനില്‍പ്പിനെ കുറിച്ചും അംബേദ്കറിലൂടെ തിരിച്ചറിഞ്ഞു എന്ന പാഠം, ഒരര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള ശക്തമായ വിമര്‍ശനമായിരുന്നു. ബ്രാഹ്മണാധിപത്യമൂല്യങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിലും കേരളീയാവസ്ഥയിലെ ഭൂപരിഷ്‌കരണത്തിന്റെ പരിമിതിയുമെല്ലാം തന്നെ ജാതിക്കെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ട പരാജയമായിരുന്നു. അതുപോലെത്തന്നെ ദളിത് ജീവിതാവസ്ഥകളെ അതിന്റെ സമഗ്രതയില്‍ മനസ്സിലാക്കുന്നതില്‍ വന്ന പരാജയം ഇന്ത്യയിലെ കമ്മ്യൂണിസ്്റ്റ് പ്രസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട പരാജയമായിരുന്നു.
അംബേദ്കറിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതില്‍ വന്ന ഈ പരാജയം കമ്മ്യൂണിസ്റ്റ് വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ സാമൂഹ്യനീതിക്ക് വേണ്ടിയുള്ള സമരങ്ങളെ ദുര്‍ബലമാക്കുകയാണുണ്ടായത്. അംബേദ്കറും അയ്യങ്കാളിയും ദളിത് രാഷ്ട്രീയത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യ ജനാധിപത്യം രാഷ്്ട്രീയ ജനാധിപത്യത്തോളം തന്നെ പ്രാധാന്യമുളളതായിരുന്നു എന്ന അംബേദ്കറിന്റെ നിലപാട് പൊക്കുടന്‍ അടിവരയിടുന്നത് കാണാം. പൊതുസമൂഹവും ദളിത് ജീവിതവും തമ്മിലുണ്ടാകേണ്ട ആരോഗ്യകരമായ ബന്ധത്തെ തിരിച്ചറിയുന്നതില്‍ പലപ്പോഴും പരാജയപ്പെടുകയായിരുന്നു കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം എന്ന് പൊക്കുടന്‍ തിരിച്ചറിയുന്നത് എസ്. ജി. സര്‍ദേശായി അടക്കമുള്ള ഇന്ത്യയിലെ പ്രശസ്തരായ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ച ഇന്ത്യയിലെ വര്‍ഗ്ഗവിശകലനത്തിന്റെ പരിമിതിയായിരുന്നു എന്ന രീതിയില്‍ തന്നെയാണ്. അംബേദ്കറെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടത് എസ്. സര്‍ദേശായി സ്വയം വിമര്‍ശനമായി വിലയിരുത്തുന്നുണ്ട്.
ഗാന്ധിയന്‍ ദളിത് പരിഷ്‌കരണത്തിനായി ശ്രമിച്ച സ്വാമി ആനന്ദതീര്‍ത്ഥന്റെ ശ്രമങ്ങളെ പൊക്കുടന്‍ വിമര്‍ശിക്കുന്നത് അത്തരം ശ്രമങ്ങള്‍ ഒന്നും തന്നെ ദളിത് ആത്മാഭിമാന മുന്നേറ്റങ്ങള്‍ക്ക് സഹായകരമല്ല എന്നത് കൊണ്ടാണ്. ദളിതുകളെ ഗാന്ധിയന്‍ രാഷ്ട്രീയത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന ഒരു പ്രക്രിയ എന്ന നിലയിലാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. അതുപോലെത്തന്നെ മതപരിവര്‍ത്തനവും ദളിതുകള്‍ക്ക് ഗുണമൊന്നും ചെയ്യില്ല എന്നും അവര്‍ക്ക് മറ്റൊരു രക്ഷാധികാരി ഉണ്ടായി എന്നുള്ളത് മാത്രമാണ് മതപരിവര്‍ത്തനം കൊണ്ടുണ്ടായതെന്നും അദ്ദേഹം വിലയിരുത്തുന്നുണ്ട്.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനത്തിന്റെ ഏറ്റവും ആധിപത്യമേഖലയിലെ കര്‍ഷകത്തൊഴിലാളി- കര്‍ഷക സമരങ്ങളിലെ മുന്നണിപ്പോരാളിയായി, അതിന്റെ മുന്നേറ്റങ്ങള്‍ക്കൊപ്പം തീവ്രമായി മുഴുകിയ ഒരു കമ്മ്യൂണിസ്റ്റ്, പിന്നീട് പാരിസ്ഥിക ജനാധിപത്യത്തിലേക്ക് തന്റെ ജീവിതം പരിവര്‍ത്തിക്കുകയായിരുന്നു. ജനാധിപത്യം പുലര്‍ത്തിയ പ്രൊമിത്യൂസിയന്‍ സങ്കല്‍പ്പത്തില്‍ നിന്ന് തിരിച്ചറിഞ്ഞ് പിന്‍വാങ്ങുന്നതിന്റെ ഒരു യാഥാര്‍ത്ഥ്യം പൊക്കുടന്റെ ജീവിതത്തിലുണ്ട്. ലെസക് കോലക്കോവ്‌സ്‌കി എന്ന പോളിഷ് ചിന്തകന്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ Main Currents of Marxsm എന്ന കൃതിയിലാണ് മാര്‍ക്‌സിന്റെ പ്രൊമിത്യൂസിയന്‍ സങ്കല്‍പ്പത്തെ നിഷിധമായി വിമര്‍ശിക്കുന്നത്.
മനുഷ്യജീവിതത്തെ മാര്‍ക്‌സ് നിര്‍വ്വചിച്ചത് കൂടുതലും സാമൂഹ്യമായിട്ടായിരുന്നു എന്നും മനുഷ്യാവസ്ഥയുടെ പ്രകൃതിജീവിതാവസ്ഥയെ മാര്‍ക്‌സ് അവഗണിച്ചു എന്നുമായിരുന്നു കോലക്കോവ്‌സ്‌കിയുടെ വിമര്‍ശനം. ഇത് സോവിയറ്റ്-കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആധിപത്യം പുലര്‍ത്തപ്പെട്ട ഒരു യാഥാര്‍ത്ഥ്യമായിരുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളളില്‍ ഈ പ്രൊമിത്യൂസിയന്‍ സങ്കല്‍പ്പം അതിശക്തമാം വിധം നിലനില്‍ക്കുന്നുണ്ട്. കണ്ടല്‍ക്കാടുകള്‍ ഭക്ഷ്യയോഗ്യമാണോ എന്നാണ് പൊക്കുടനോട് ഉന്നയിച്ചിരുന്ന ഒരു ചോദ്യം.
ഇത് ലെസക് കൊലക്കോവ്‌സ്‌കിയും പിന്നീട് പ്രസിദ്ധചിന്തകരായ ആന്റണി ഹിസ്സന്‍സ് (A Contempory Critique of Historical Meterialism, 1981), റെയ്‌നര്‍ ഗ്രാന്റ്മാന്‍, ജോണ്‍ ക്ലാര്‍ക്ക് എന്നിവര്‍ ചൂണ്ടിക്കാണിച്ച പ്രൊമിത്യൂസിയന്‍ നിലപാടിന്റെ തുടര്‍ച്ചയായിരുന്നു. ആന്റണി ഗിസ്സന്‍സ് പറയുന്നു, “മാര്‍ക്്‌സ് വര്‍ഗ്ഗപരമായി നിലനില്‍ക്കുന്ന ചൂഷണത്തിലധിഷ്ഠിതമായ മനുഷ്യസാമൂഹികബന്ധങ്ങളെ മറികടക്കുന്നതിനെ കുറിച്ചായിരുന്നു ശ്രദ്ധിച്ചിരുന്നത്. അത് പ്രകൃതിയുടെ ചൂഷണത്തിലേക്ക് കടക്കുന്നില്ല.” ഇത്തരത്തില്‍ ആധിപത്യം പുലര്‍ത്തിയ വീക്ഷണങ്ങളോടായിരുന്നു തന്റെ കണ്ടല്‍ച്ചെടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏറ്റുമുട്ടേണ്ടിവന്നത്.
പാരിസ്ഥിതിക നാശം ഏറ്റവും ആഴത്തില്‍ തിരിച്ചറിഞ്ഞ ഒരു കാലഘട്ടത്തില്‍ കണ്ടല്‍ച്ചെടികളുടെ പ്രാധാന്യം എത്രയോ മുന്‍പ് തന്നെ പൊക്കുടന്‍ തിരിച്ചറിഞ്ഞു. അതിനു വേണ്ടി നേരിടേണ്ടി വന്ന പീഡനങ്ങളെ മറികടന്നുകൊണ്ട് മുന്നോട്ടുപോകാന്‍ തയ്യാറായത് കേരളീയ പാരിസ്ഥിതിക ജനാധിപത്യ സമരങ്ങളിലെ ഒരു നാഴികക്കല്ലാണ്. കാറല്‍ മാര്‍ക്‌സ് അദ്ദേഹത്തിന്റെ ആദ്യകാല കൃതികളില്‍ ( പെന്‍ഗ്വിന്‍ 1974) പറയുന്ന യാഥാര്‍ത്ഥ്യം “മനുഷ്യന്‍ പ്രകൃതിയില്‍ നിന്നാണ് ജീവിക്കുന്നത്, പ്രകൃതിയാണ് അവന്റെ ശരീരം, മനുഷ്യന്‍ മരിക്കാതിരിക്കണമെങ്കില്‍ പ്രകൃതിയുമായി നിരന്തരം സമരം നടത്തി കൊണ്ടിരിക്കണം.” പൊക്കുടനിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഈ യാഥാര്‍ത്ഥ്യം ഏതൊരു ഇടതുപക്ഷ-കമ്മ്യൂണിസ്റ്റ് ബുദ്ധിജീവിയെക്കാള്‍ മനസ്സിലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
സുപ്രസിദ്ധ ഇക്കോ മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ജോണ്‍ സല്ലാമിഫോസ്റ്റര്‍ ഭൂമിയുടെ പാരിസ്ഥിതിക നാശത്തെക്കുറിച്ചും അതിന്റെ ഉയര്‍ന്ന ഭീഷണിയായ ആഗോളവതാപനത്തെകുറിച്ചും ഇതിനെ മറികടക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യത്തെകുറിച്ച് എഴുതുന്നതിനും കടല്‍ പരിസ്ഥിതിയെ കുറിച്ച് ചര്‍ച്ചചെയ്യുന്നതിനും മുന്‍പ് പൊക്കുടനും കടല്‍ പാരിസ്ഥിതിക നാശത്തെക്കുറിച്ചും അതിഭയാനകമായ അവസ്ഥകളെ തങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയിരുന്നു. കണ്ടല്‍ച്ചെടികള്‍ നിര്‍വ്വഹിക്കുന്ന ഈ പാരിസ്ഥിതിക ദൗത്യം തിരിച്ചറിയുകയും അതിന് വേണ്ടിയുള്ള സംരക്ഷണത്തിനായി പൊരുതുകയും ചെയ്തത് പ്രാദേശികമായ നിരവധി അറിവുകളെ തിരിച്ചറിഞ്ഞതിലൂടെയായിരുന്നു.
പ്രകൃതിവിരുദ്ധമായ പ്രൊമിത്യൂസിയന്‍ നിലപാടുകള്‍ അതിഭീകരമായ പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമാകുകയും മനുഷ്യജീവിതത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നു തന്റെ ജൈവവ്യക്തിത്വത്തിലൂടെ കണ്ടെത്തുകയായിരുന്നു. പുഴകളും കിളികളും ചെടികളും മനുഷ്യനും എല്ലാംചേര്‍ന്നതാണ് ജീവിതമെന്ന യാഥാര്‍ത്ഥ്യം. അല്ലാതെ ഏകപക്ഷീയമായ മനുഷ്യകേന്ദ്രീകരണത്തിലൂടെയുള്ള പ്രകൃതിയുടെ ചൂഷണമല്ല എന്നുള്ളതാണിത്. റോസാ ലംസംബര്‍ഗ് തന്റെ ജയില്‍ ജീവിതത്തിനിടയിലും ഉല്‍ക്കണ്ടപ്പെട്ടത് കിളികള്‍ക്ക് ജര്‍മ്മനിയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിഭവങ്ങളെ കുറിച്ചായിരുന്നു. ഇത്തരമൊരു പാരിസ്ഥിതികമായ തിരിച്ചറിവ് പൊക്കുടന്‍ തന്റെ ദളിത് ആത്മാഭിമാന ജീവിതത്തില്‍ തിരിച്ചറിഞ്ഞുഎന്നതാണ് പ്രാധാന്യമാകുന്നത്. ഇതുതന്നെയാണ് ഇന്നു “അമ്മ ഭൂമിയുടെ രാഷ്ട്രീയം”(Mother Earth Politics) എന്ന് ആഗോളതലത്തില്‍ അറിയപ്പെടുന്നത്. പൊക്കുടന്‍ നിറവേറ്റുന്നത് ഈ രാഷ്ട്രീയ ദൗത്യമാണ്. ഒരേ സമയം ഏറ്റവും പ്രാദേശികമാകുമ്പോള്‍ തന്നെ ഏറ്റവും സാര്‍വ്വദേശീയവുമാവുന്ന ഒരു രാഷ്ട്രീയ പാരിസ്ഥിതിക സാമുദായിക രാഷ്ട്രീയം.