| Saturday, 5th October 2013, 10:26 am

പച്ചക്കറികളില്‍ മാരക കീടനാശിനി: കിഴങ്ങുകളും കാബേജും വിഷമുക്ത പട്ടികയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: സംസ്ഥാനത്തെ വിപണിയില്‍ എത്തുന്ന  14 ഇനം പച്ചക്കറികളില്‍ അപകടകരമാംവിധം വിഷാംശമുണ്ടെന്ന് കാര്‍ഷിക സര്‍വകലാശാല.

കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് വിപണികളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് മാരക കീടനാശിനികളുടെ അവശിഷ്ടം കണ്ടെത്തിയത്.

ചുവപ്പ് ചീര, പുതിനയില, കാരറ്റ്, പച്ചമുളക്, കറിവേപ്പില, വഴുതന, മല്ലിയില, പച്ചചീര, സലറി, കാപ്‌സിക്കം (പച്ച), റാഡിഷ് (വെള്ള), വെള്ളരി, വെണ്ടക്ക, മുരിങ്ങക്ക എന്നിവയിലാണ് അപകടകരമാംവിധം വിഷാംശം കണ്ടെത്തിയത്.

അതേസമയം പടവലം, മരച്ചീനി, കോവയ്ക്ക, ചേന, ചേമ്പ് നെല്ലിക്ക, ചൗചൗ, കാബേജ് (വെള്ള), പച്ചമാങ്ങ, കത്തിരി, കൈതച്ചക്ക, പാവയ്ക്ക, തണ്ണിമത്തന്‍, പീച്ചങ്ങ, റാഡിഷ് (ചുവപ്പ്), ചൊരക്ക, ബ്രോക്കോളി, ബീന്‍സ്, ഉരുളക്കിഴങ്ങ്, ബീറ്റ്‌റൂട്ട്, കുമ്പളം,  മത്തന്‍, വെളുത്തുള്ളി,  സവാള,  സാമ്പാര്‍ മുളക്, കറിക്കായ്, ഏത്തക്ക, മധുരക്കിഴങ്ങ് എന്നീ 38 ഇനം പച്ചക്കറികള്‍ വിഷരഹിതമെന്നാണ് പരിശോധനാഫലം.

ചീര, പുതിന, കറിവേപ്പില തുടങ്ങിയ പച്ചക്കറികളിലാണ് മാരക വിഷം കണ്ടെത്തിയത്.

അതേസമയം ഓണക്കാലത്ത് പൊതുവിപണിയില്‍ വിറ്റഴിച്ച പച്ചക്കറികളിലും മാരക കീടനാശിനികളുടെ സാന്നിധ്യമുണ്ടായിരുന്നതായി പരിശോധനാ ഫലം വന്നു.

കോഴിക്കോട് നിന്നും ശേഖരിച്ച കാരറ്റില്‍ കീടനാശിനികളുടെ സാന്നിധ്യം കൂടുതലായിരുന്നെന്ന് കോന്നി ഭക്ഷ്യഗവേഷണ കേന്ദ്രം അറിയിച്ചു. ഇവിടെ വെച്ചാണ് പരിശോധന നടത്തിയത്.

20 ഇനത്തില്‍പെട്ട 43 പച്ചക്കറികളുടെ സാമ്പിളുകലാണ് കോന്നിയില്‍ പരിശോധന നടത്തിയത്. ഓണക്കാലത്്ത സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും പൊതുവിപണിയിലും വിറ്റിഴിച്ച പച്ചക്കറികളുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

പരിശോധനയില്‍ 15 സാമ്പിളുകളില്‍ കീടനാശിനികളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി തെളിഞ്ഞു. ഇതില്‍ 14 എണ്ണത്തിലും അനുവദിനീയമായ അളവിലാണ് കീടനാശിനികളുടെ സാന്നിധ്യം.

We use cookies to give you the best possible experience. Learn more