ക്ലാസ് മുറിയിൽ വിഷപ്പാമ്പ്; വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala News
ക്ലാസ് മുറിയിൽ വിഷപ്പാമ്പ്; വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th July 2022, 11:59 am

പാലക്കാട് : വിഷപ്പാമ്പിനെ ചവിട്ടിയ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മങ്കര ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം നടന്നത്. വിദ്യാർത്ഥിയെ പാമ്പ് കടിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ സ്‌കൂളിലെത്തിയ കുട്ടി ക്ലാസ് മുറിയിൽ എത്തിയപ്പൊൾ നിലത്ത് കിടന്നിരുന്ന പാമ്പിനെ അറിയാതെ ചവിട്ടുകയായിരുന്നു. തുടർന്ന് പാമ്പ് കുട്ടിയുടെ കാലിൽ വരിഞ്ഞ് ചുറ്റുകയായിരുന്നു.

നാലാം ക്ലാസ് വിദ്യാർത്ഥിയാണ് പാമ്പിനെ ചവിട്ടിയത്. പാമ്പ് കടിച്ചെന്ന സംശയത്തിൽ വിദ്യാർത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ ഇപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം 24 മണിക്കൂർ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

ക്ലാസിൽ കയറിയപ്പോൾ നിലത്ത് കിടക്കുകയായിരുന്ന പാമ്പിനെ അറിയാതെ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ പാമ്പ് തന്റെ കാലിൽ ചുറ്റിപ്പിടിച്ചു. കാൽ കുടഞ്ഞപ്പോൾ പാമ്പ് ക്ലാസിനുള്ളിലെ അലമാരയിൽ കയറി. തുടർന്ന് ഒരു അധ്യാപികയും സ്‌കൂൾ ജീവനക്കാരനും ചേർന്ന് പാമ്പിനെ തല്ലിക്കൊന്നുവെന്നുമാണ് വിദ്യാർത്ഥി പറയുന്നത്.

അതേസമയം, സ്‌കൂളിന്റെ പരിസരം മുഴുവനും കാട് പിടിച്ചു കിടക്കുകയാണെന്നും, ഇതിനൊരു പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ പറഞ്ഞു.

Content Highlight:  poisonous snake found in classroom, student hospitalized