|

ഇറാന്‍ ഗേള്‍സ് സ്‌കൂളുകളിലെ വിഷബാധ; അറസ്റ്റ് ചെയ്ത പെണ്‍കുട്ടികളെ കുറ്റമേല്‍ക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാനിലെ ഗേള്‍സ് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പെണ്‍കുട്ടികളെയും രണ്ട് പുരുഷന്മാരെയും ലാര്‍ പ്രവിശ്യയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കുറ്റമേല്‍ക്കാന്‍ ഇവരെ നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍ വയറാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായതിന്റെ പേരിലാണ് പെണ്‍കുട്ടികളെ കേസില്‍ അറസ്റ്റ് ചെയ്തതെന്ന് ആരോപണമുയരുന്നുണ്ട്.

2022 നവംബര്‍ മുതല്‍ ഇറാനില്‍ അങ്ങോളമിങ്ങോളമുള്ള നിരവധി സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വിഷബാധയേറ്റിരുന്നു. ഇതിന്റെ യഥാര്‍ഥ കാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഉത്തരവിട്ടിരുന്നു. വിഷവാതക ആക്രമണമാണ് സ്‌കൂളുകള്‍ക്ക് നേരേ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷബാധയേറ്റ കുട്ടികള്‍ക്ക് ബോധക്ഷയം, തലവേദന, ചുമ, ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടായിരുന്നു.

കേസുമായി ബന്ധപ്പെട്ട് രണ്ട് പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയും അറസ്റ്റ് ചെയ്തതായി മാര്‍ച്ച് ഏഴിനാണ് പൊലീസ് അറിയിക്കുന്നത്.
ലാറെസ്താന്‍ ജില്ലയിലെ ഏഴ് സ്‌കൂളുകള്‍ക്ക് നേരെ ഇവര്‍ നൈട്രജന്‍ വാതക കാനിസ്റ്ററുകള്‍ എറിഞ്ഞതായാണ് പൊലീസ് ഭാഷ്യം.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഇര്‍ഫാനെ ഹോനര്‍, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ സതായേഷ് അമീറി, സതായേഷ് ദാരോഗെ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ മൂന്നു പേര്‍ക്കും പതിനേഴ് വയസില്‍ താഴെയാണ് പ്രായം. സതായേഷ് അമീറിയുടെ അച്ഛന്‍ ഇബ്രാഹിം, 22കാരനായ അലി റേസ ബാഗേരി എന്നിവരാണ് അറസ്റ്റിലായ പുരുഷന്മാര്‍.

കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ലാര്‍ പ്രവിശ്യയിലെ നിരവധി സ്‌കൂളുകള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായിരുന്നു. അറസ്റ്റിലായ പെണ്‍കുട്ടികളുടേതുള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികളുടെ ഫോണുകള്‍ അന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോ ചിത്രീകരിക്കാതിരിക്കാന്‍ വേണ്ടിയാണ് ഫോണുകള്‍ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് മൂന്നിനുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കഴിഞ്ഞ 40 ദിവസമായി ഷിറാസ് അദേല്‍ അബാദ് ജയിലില്‍ തടവിലാക്കിയിരിക്കുകയാണെന്നും അവര്‍ ചെയ്യാത്ത കുറ്റം ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 30നാണ് സ്‌കൂളുകളിലെ വിഷബാധയുമായി ബന്ധപ്പെട്ട ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖുവോം നഗരത്തിലുള്ള സ്‌കൂളിലെ 18 കുട്ടികള്‍ക്കാണ് ആദ്യമായി അസ്വസ്ഥതയുണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് 58ഓളം സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടായതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹ്‌സ അമിനിയുടെ കൊലപാതകത്തിന് ശേഷം രാജ്യത്ത് ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളുടെ കേന്ദ്രങ്ങളായിരുന്ന സ്‌കൂളുകള്‍ അടച്ച് പൂട്ടാനുള്ള ആസൂത്രിത ശ്രമങ്ങളായാണ് പലരും സ്‌കൂളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ നോക്കിക്കാണുന്നത്.

Content Highlights: Poisoning case in Iran girls’ schools; arrested girls are being forced to confess