| Sunday, 18th June 2017, 5:33 pm

പുതുവൈപ്പിനിലെ ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാര്‍ക്കെതിരെ നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ക്കെതിരെ നിഷ്ഠൂരമായ ബലപ്രയോഗമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനകീയ സമരങ്ങളെ തോക്കും ലാത്തിയുമുപയോഗിച്ച് അടിച്ചമര്‍ത്താനാവില്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. വര്‍ദ്ധിച്ചു വരുന്ന പനി മരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ താന്‍ കണ്ടപ്പോള്‍ പുതുവൈപ്പിന്‍ പ്രശ്നവും ചര്‍ച്ച ചെയ്തിരുന്നു. അവിടത്തെ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ അവരുമായി ചര്‍ച്ച നടത്തണമെന്നും സര്‍വ്വ കക്ഷി യോഗം വിളിക്കണമെന്നും ബലപ്രയോഗം നടത്തരുതെന്നും താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.


Never Miss: ശശി തരൂരിനെ കോപ്പിയടിച്ച് പ്രധാനമന്ത്രി; മാസങ്ങള്‍ക്ക് മുന്‍പ് തരൂര്‍ പറഞ്ഞ കാര്യം ഇന്നലെ പറഞ്ഞ് നരേന്ദ്രമോദി; നൈസായി ട്രോളി ശശി തരൂര്‍


കഴിഞ്ഞ ദിവസം നടന്ന ലാത്തിച്ചാര്‍ജ് അനാവശ്യമായിരുന്നെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. അത് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ വീണ്ടും ലാത്തിച്ചാര്‍ജുണ്ടായി. ഇത് ഒരു തരത്തിലും നീതീകരിക്കാന്‍ കഴിയുന്നതല്ല. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നടപടി വേണം. സമാധാനപരമായ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഏറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെല്‍ഫെയര്‍പാര്‍ട്ടിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


Also Read: യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണം; സമരത്തെ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും പിണറായിയോട് വി.എസ്


പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ യു.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവസ്ഥലം സന്ദര്‍ശിച്ച് ഹൈബി ഈഡന്‍ എം.എല്‍.എയാണ് വൈപ്പിന്‍കര ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ഇത് സമരസമിതി തള്ളി.

ജനവാസ കേന്ദ്രത്തില്‍ ഐ.ഒ.സി പ്ലാന്റ് പ്രവര്‍ത്തിക്കുന്നതിനെതിരെയായിരുന്നു പുതുവൈപ്പില്‍ സമരം നടക്കുന്നത്. ഐ.ഒ.സി പ്ലാന്റുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരക്കാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.


Don”t Miss: കൊടുങ്ങല്ലൂരില്‍ പളളിയുടെ നിസ്‌കാര ഹാളില്‍ ‘ജയ് ശ്രീറാം’ എഴുതി മതസ്പര്‍ധക്ക് ശ്രമം: പ്രതി പിടിയില്‍


എന്നാല്‍ ഇത് ലംഘിച്ച് ഇന്നുവീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ നാട്ടുകാര്‍ പ്രക്ഷോഭം ശക്തമാക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധവുമായി രംഗത്തുവന്ന സമരക്കാര്‍ക്കെതിരെ പൊലീസ് അടിച്ചമര്‍ത്തല്‍ ആവര്‍ത്തിക്കുകയാണുണ്ടായത്. അതിക്രമത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു.

Latest Stories

We use cookies to give you the best possible experience. Learn more