‘സ്‌പോണ്‍സര്‍മാരെയെല്ലാം ഇങ്ങനെ പുച്ഛിച്ചാല്‍ എന്ത് ചെയ്യും’; വാര്‍ത്താസമ്മേളനത്തിനിടെ ബിയര്‍ കുപ്പി എടുത്തുമാറ്റി പോഗ്ബ, ഇത്തവണത്തെ കാരണം വിശ്വാസം
മ്യൂണിക്: സ്‌പോണ്‍സര്‍മാരെയെല്ലാം ഇങ്ങനെ പുച്ഛിച്ചാല്‍ എങ്ങനെ ടൂര്‍ണമെന്റ് മുന്നോട്ട് കൊണ്ടുപോകും എന്ന് വിചാരിക്കുന്നുണ്ടാകും യൂറോ കപ്പ് നടത്തിപ്പുകാരായ യുവേഫ. നേരത്തെ ശീതള പാനീയങ്ങളോടുള്ള തന്റെ വിയോജിപ്പ് പരസ്യമാക്കിയ ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുടെ മാര്‍ഗം പിന്തുടര്‍ന്നിരിക്കുകയാണ് ഫ്രാന്‍സിന്റെ സൂപ്പര്‍ താരം പോള്‍ പോഗ്ബയും.
ജര്‍മനിക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് പോഗ്ബ യൂറോ കപ്പിന്റെ പ്രധാന സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ഹെയ്‌നെകെന്‍ കമ്പനിയുടെ ബിയര്‍ കുപ്പി എടുത്തുമാറ്റിയത്.
ഇസ്‌ലാം മതവിശ്വാസിയായ പോഗ്ബ മദ്യ ബ്രാന്റുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍നിന്ന് നേരത്തെ വിട്ടുനിന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ബിയര്‍ കുപ്പി എടുത്തുമാറ്റിയത്.
2019-ലാണ് പോഗ്ബ ഇസ്‌ലാം മതം സ്വീകരിച്ചത്. ബര്‍ത്‌ഡേ പാര്‍ട്ടികളില്‍ താന്‍ മദ്യപിക്കാറില്ലെന്നും പോഗ്ബ നേരത്തെ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.
ഹംഗറിക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കൊക്കോകോളയുടെ കുപ്പികള്‍ എടുത്തുമാറ്റി പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
സംഭവത്തിന് ശേഷം വിപണിയില്‍ കൊക്കകോളക്ക് തിരിച്ചടിയാണ് നേരിട്ടിത്. ഓഹരിയില്‍ കമ്പനിക്ക് 1.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
കൊക്കകോളയുടെ പ്രതിദിന മൂല്യം 242 ബില്യണ്‍ ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളറായാണ് 24 മണിക്കൂറിനുള്ളില്‍ കുറഞ്ഞത്.
കോളയല്ല പച്ചവെള്ളമാണ് കുടിക്കേണ്ടതെന്ന റൊണാള്‍ഡോയുടെ ആംഗ്യം കോളക്ക് ഒറ്റ ദിവസത്തില്‍ 4 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടാക്കിയത്.
ഓഹരി വിപണിയിലും കോളക്ക് നഷ്ടമുണ്ടായിട്ടുണ്ട്. 56.10 ഡോളറായിരുന്ന വില ഒരു ഓഹരിക്ക് 55.22 ഡോളറായി കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കൊക്കക്കോളയോ യുവേഫയോ റൊണാള്‍ഡോയുടെ നിലപാടിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 1988 മുതല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്‌പോണ്‍സറായി പങ്കാളിയായ കൊക്കകോളക്ക് എന്തായാലും വലിയ തിരിച്ചടിയാണ് ക്രിസ്റ്റ്യാനോയുടെ നടപടി കാരണമുണ്ടായത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGIHTS : Pogba removes a beer bottle during a news conference in euro cup