| Wednesday, 23rd December 2020, 11:22 am

സുഗതകുമാരി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 86 വയസായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് രാവിലെ 10.52 ഓടെയായിരുന്നു അന്ത്യം. ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമവും നടത്തിയിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ വൈകീട്ടോടെ ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് ഇന്ന് രാവിലെയോടെ ഹൃദയത്തിന്റേയും വൃക്കയുടേയും പ്രവര്‍ത്തനം പൂര്‍ണമായി നിലക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് സുഗതകുമാരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തുന്ന സമയത്ത് തന്നെ ബ്രോങ്കോ ന്യൂമോണിയ ബാധിച്ചിരുന്ന സുഗതകുമാരിക്ക് ഗുരുതരമായ ശ്വാസതടസ്സം നേരിട്ടിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശാന്തികവാടത്തില്‍ സംസ്‌ക്കാരം നടക്കും.

1934 ജനുവരി 22ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ വാഴുവേലില്‍ തറവാട്ടിലാണ് സുഗതകുമാരി ജനിച്ചത്. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റെയും വി.കെ. കാര്‍ത്യായനിയുടെും മകളാണ്. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയിട്ടുണ്ട്.

മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, പാവം മാനവഹൃദയം, പ്രണാമം, ഇരുള്‍ ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച രാധയെവിടെ, കൃഷ്ണകവിതകള്‍, മേഘം വന്നു തൊട്ടപ്പോള്‍, ദേവദാസി, വാഴത്തേന്‍, മലമുകളിലിരിക്കെ, സൈലന്റ് വാലി, വായാടിക്കിളി,
കാടിനു കാവല്‍ തുടങ്ങി പ്രശസ്തമായ നിരവധി കവിതാസമാഹരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് 2009-ല്‍ അര്‍ഹയായിട്ടുണ്ട്.  കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക അവാര്‍ഡ്, ആശാന്‍ സ്മാരക സമിതി അവാര്‍ഡ്, വിശ്വദീപം അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, ജന്മാഷ്ടമി പുരസ്‌കാരം, എഴുകോണ്‍ ശിവശങ്കരന്‍ സാഹിത്യ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടി.

സാഹിത്യത്തിനൊപ്പം തന്നെ മികച്ച സാമൂഹ്യപ്രവര്‍ത്തകയും പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്നു സുഗതകുമാരി. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയാണ് സുഗതകുമാരി.

തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററായിരുന്നു. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഭര്‍ത്താവ്: പരേതനായ ഡോ. കെ. വേലായുധന്‍ നായര്‍ മകള്‍: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Poet Sugathakumari passed away

Latest Stories

We use cookies to give you the best possible experience. Learn more