| Friday, 19th November 2021, 7:24 pm

നിയമം പിന്‍വലിച്ചതിനെ തെരഞ്ഞെടുപ്പ് തന്ത്രം മാത്രമായി തള്ളിക്കളയുന്നത് കര്‍ഷകരെ പരിഹസിക്കുന്നതിന് തുല്യമായിരിക്കും: സച്ചിദാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതിനെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രം മാത്രമായി തള്ളിക്കളയുന്നത് കര്‍ഷകരെ പരിഹസിക്കുന്നതിന് തുല്യമായിരിക്കുമെന്ന് കവി കെ. സച്ചിദാനന്ദന്‍.

അറുനൂറിലേറെ ജീവനുകള്‍ ബലി കൊടുത്തും, വെയിലും മഞ്ഞും മഴയും സഹിച്ചും നാനൂറിലേറെ ദിവസം അവര്‍ നടത്തിയ ഐതിഹാസിക സമരത്തിന്റെ ഫലമാണതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കര്‍ഷകര്‍ ഒരല്‍പ്പം അയഞ്ഞു കൊടുത്തിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല. അനേകം നുണപ്രചാരണങ്ങളെയും മാധ്യമങ്ങളുടെ അദൃശ്യവത്കരണത്തെയും അവര്‍ ചെറുത്തുനിന്നെന്നും അദ്ദേം പറഞ്ഞു.

കര്‍ഷക വിജയത്തിന് പല അര്‍ത്ഥങ്ങളുണ്ടെന്നും ആറ് കാരണങ്ങളിലൂടെ അദ്ദേഹം നിരീക്ഷിച്ചു.

വെള്ളിയാഴ്ചയായിരുന്നു വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. അടുത്ത മാസം ചേരുന്ന കാബിനറ്റ് യോഗത്തില്‍ ഔദ്യോഗികമായി തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വ്യാപകമായി എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് മോദി പറഞ്ഞു. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും മോദി പറഞ്ഞു.

വരുന്ന പാര്‍ലമെന്റ് സെഷനുകളില്‍ നിയമം പിന്‍വലിക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടികള്‍ ആരംഭിക്കുമെന്നും മോദി അറിയിച്ചു.

കര്‍ഷക നിയമത്തിന്റെ വിജയത്തില്‍ സച്ചിദാനന്ദന്‍ പങ്കുവെച്ച ആറ് നിരീക്ഷങ്ങളുടെ പൂര്‍ണരൂപം

1. ജനാധിപത്യം പൂര്‍ണ്ണമായും ഇന്ത്യയില്‍ അസ്തമിച്ചിട്ടില്ല. മാധ്യമങ്ങള്‍ അദൃശ്യമാക്കിയാലും ചെറുത്തുനില്‍പ്പിന്റെ ശക്തികള്‍ ഇന്ത്യയില്‍ സജീവമായിത്തന്നെ ഉണ്ട്. അവര്‍ സമരങ്ങള്‍ തുടരുക തന്നെ ചെയ്യും.

2. ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്യല്‍, പൗരാവകാശ നിയമ ഭേദഗതി ബില്‍ തുടങ്ങിയവയ്‌ക്കെതിരായ സമരങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കും.

3. പ്രതിരോധത്തിന്റെ ശക്തികള്‍ ഒന്നിച്ച് നില്‍ക്കുക എന്നത് വളരെ പ്രധാനമാണ്. ഈ സമരത്തില്‍ കക്ഷിഭേദം മാറ്റിവെച്ചു കോണ്ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മറ്റു പ്രതിപക്ഷങ്ങളും ഒന്നിച്ച് നിന്ന് പങ്കെടുക്കകുയോ പിന്തുണയ്ക്കുകയോ ചെയ്തു.

4. ഭരണഘടനയുടെ ഓരോ ചെറിയ ലംഘനത്തെയും പൌരാവകാശനിഷേധത്തെയും ചോദ്യം ചെയ്യുക എന്നത് പരമപ്രധാനമാണ്. മൗനമാണ് ഈ കാലത്തെ ഏറ്റവും വലിയ കുറ്റം, അത് ജനശത്രുക്കളു മായുള്ള സഹകരണത്തിന്റെ ഒരു രൂപം തന്നെയാണ്. ഭയം ഒരു ക്ഷമാപണമല്ല.

5. ഹിംസാത്മകമായ ഒരു സമരവും പേരിനെങ്കിലും ജനാധിപത്യം നില നില്‍ക്കുന്ന ഒരു നാട്ടില്‍ വിജയിക്കുകയില്ല, ആശാസ്യവുമല്ല, യുദ്ധസജ്ജമായ ഒരു രാഷ്ട്രത്തോട് വിജയകരമായി ഏറ്റുമുട്ടാം എന്ന് കരുതുന്നത് തന്ത്രപരമായിപ്പോലും തെറ്റാവും.

ഇവിടെ വിജയിച്ചത് കര്‍ഷകരുടെ ഗാന്ധിയന്‍ മാതൃകയിലുള്ള സഹനസമരമാണ്. അതിനെ ഭരണകൂടം തകര്‍ക്കാന്‍ ശ്രമിച്ചത് സ്വന്തം ആളുകളെക്കൊണ്ട് ഹിംസ ചെയ്യിച്ചും ഹിംസയ്ക്ക് പ്രേരണ നല്‍കിയുമാണ്. അതില്‍ കര്‍ഷകര്‍ വീണു പോയിരുന്നെങ്കില്‍ ഈ സമരം പൊളിക്കുക ഭരണകൂടത്തിനു എളുപ്പമാകുമായിരുന്നു, ജനപിന്തുണയും കുറയുമായിരുന്നു, നക്‌സലൈറ്റ് സമരങ്ങള്‍ക്ക് സംഭവിച്ചതു പോലെ.

6. കീഴാളജനതയുടെയും മനുഷ്യാവകാശ സ്‌നേഹി കളുടെയും വിശാലമായ കൂട്ടായ്മയ്ക്ക് മാത്രമേ ഈ ഹിന്ദുത്വ- കോര്‍പ്പറെറ്റ് ജനവിരുദ്ധ സഖ്യത്തെ തകര്‍ക്കാനും ജനാധിപത്യം പൂര്‍ണമായി വീണ്ടെ
ടുക്കാനുമാവൂ. അവിടെ ഗാന്ധിയും നെഹ്‌റുവും അംബേദ്കറും പ്രസക്തരാണ്, എന്നാല്‍ പുതിയ സാഹചര്യമാണിതെന്നു മനസ്സിലാക്കി മുന്നോട്ടു വഴി തേടുകയും വേണം.

CONTENT HIGHLIGHTS: Poet Satchidanandan respond on central government  Withdrawal of the Agriculture law 

We use cookies to give you the best possible experience. Learn more