| Saturday, 10th February 2024, 4:23 pm

പാവപ്പെട്ടവരുടെ ഗവണ്‍മെന്റ് എന്ന് വെറുതേ പറയുന്നു; പ്രധാനപ്പെട്ട എല്ലാ സാംസ്‌കാരിക സ്ഥാപനങ്ങളിലും മേലാധികാരി സ്ഥാനത്ത് ഇരിക്കുന്നത് മേല്‍ജാതിക്കാര്‍: എസ്. ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക മേഖലയില്‍ നിലനില്‍ക്കുന്ന ജാതീയതക്കെതിരെ പ്രതികരണവുമായി കവി എസ്. ജോസഫ്.

സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ സാംസ്‌കാരിക സ്ഥാപനങ്ങളിലും മേലധികാരി സ്ഥാനത്ത് ഇരിക്കുന്നത് മേല്‍ജാതിക്കാരാണെന്ന് എസ്. ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. പാവപ്പെട്ടവരുടെ ഗവണ്‍മെന്റ് എന്ന് വെറുതേ പോച്ചയടിക്കുന്നതേയുള്ളുവെന്നും കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മേഖല മേല്‍ജാതിക്കാര്‍ക്കല്ലാതെ ആര്‍ക്കും തന്നെ വേണ്ടത്ര അംഗീകാരം നല്‍കുന്നില്ലെന്നും എസ്. ജോസഫ് വിമര്‍ശിച്ചു.

ഏഴ് വര്‍ഷം കേരള സാഹിത്യ അക്കാദമിയിലിരുന്ന തന്നെ എന്തുകൊണ്ടാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ എടുക്കാതിരുന്നതെന്ന് താന്‍ ഇപ്പോഴാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലല്ല തൊട്ടടുത്ത തമിഴ്‌നാട്ടിലാണ് ജനിച്ചിരുന്നതെങ്കില്‍ അവിടത്തെ നമ്പര്‍ വണ്‍ കവിയായി താന്‍ ഇതിനോടകം ഇന്ത്യയിലാകെ അറിയപ്പെടുമായിരുന്നുവെന്ന് ഉറപ്പുണ്ടെന്നും എസ്. ജോസഫ് ചൂണ്ടിക്കാട്ടി.

തമിഴ്നാട്ടിലെ സ്ത്രീകളായ എഴുത്തുകാരികള്‍ക്ക് ഇന്ത്യയിലും ലോകത്തുമായി സാമൂഹികാംഗീകാരം ലഭിക്കുന്നുണ്ടന്ന് എസ്. ജോസഫ് പറയുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള എത്ര സ്ത്രീകവികളാണ് പുറംലോകത്ത് അറിയപ്പെടുന്നതെന്ന ചോദ്യവും ജോസഫ് ഉയര്‍ത്തി.

കേരളത്തിന് പുറത്തേക്ക് അറിയപ്പെടുന്ന നോവല്‍ എഴുത്തുകാരും നിരൂപകരും മേല്‍ ജാതിയില്‍ ഉള്‍പ്പെടുന്നവര്‍ ആണെന്ന് എസ്. ജോസഫ് ഊന്നിപ്പറഞ്ഞു. ആദിവാസിയും ജാര്‍ഖണ്ഡുകാരിയുമായ കവി നിര്‍മല പുതുലിനെ തനിക്കറിയാമെന്നും അതേസമയം പ്രശസ്തയായ കേരളത്തിലെ ആദിവാസി കവി ധന്യ വേങ്ങച്ചേരിയുടെ സ്ഥാനമെവിടെയാണെന്നും എസ്. ജോസഫ് ചോദിച്ചു.

സച്ചിദാനന്ദനും ടി .പി രാജീവനും ശേഷം കേരളത്തില്‍ നിന്ന് ഏതെങ്കിലും കവികള്‍ പുറത്തേക്ക് പോയിട്ടുണ്ടോയെന്നും ഈ കേരളത്തില്‍ നിന്ന് ഗള്‍ഫില്‍ പോകാത്ത കവി താന്‍ മാത്രമാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സച്ചിദാനന്ദന്‍ നക്‌സലിസം കൊണ്ടിരുന്നെങ്കില്‍ ഇപ്പോള്‍ എന്താകുമായിരുന്നുവെന്നും എസ്. ജോസഫ് കുറിപ്പില്‍ ചോദിക്കുകയുണ്ടായി. കേരളത്തില്‍ എല്ലാം ഇംഗ്ലീഷ് മയമാണല്ലോ എന്നും 2016ല്‍ ‘My Sisters Bible’ എന്ന പേരില്‍ ഇംഗ്ലീഷില്‍ താന്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നെങ്കിലും അതിന്റെ പേരില്‍ ആരെങ്കിലും തന്നെ വിളിച്ച് ഒരു നാരങ്ങാ വെള്ളമെങ്കിലും വേടിച്ചു തന്നുവോയെന്നും അദ്ദേഹം ചോദിച്ചു.

കേരള സാഹിത്യ അക്കാദമിയും മലയാളം മിഷനും വൈലോപ്പിള്ളി ഭവനും തുഞ്ചന്‍ സ്മാരകവും മറ്റും പ്രത്യേകമായ എന്ത് താത്പര്യമാണ് അടിസ്ഥാന സമൂഹത്തെ ഉയര്‍ത്തികൊണ്ട് വരുന്നതില്‍ ചെയ്തിട്ടുള്ളതെന്നും കവി എസ്. ജോസഫ് ചോദ്യമുയര്‍ത്തി.

Content Highlight: Poet S. Joseph reacted against casteism in the cultural sector in Kerala

We use cookies to give you the best possible experience. Learn more