'മുന്നോക്കസംവരണം സവർണാധിപത്യം സ്ഥാപിക്കാനുള്ള ശ്രമം': കവി സച്ചിദാനന്ദൻ - വീഡിയോ
Kerala News
'മുന്നോക്കസംവരണം സവർണാധിപത്യം സ്ഥാപിക്കാനുള്ള ശ്രമം': കവി സച്ചിദാനന്ദൻ - വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th January 2019, 6:56 pm

കോഴിക്കോട്: കീഴാളർക്ക് നേരെ ഏറെ നാളുകളായി നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്നുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്ന് കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദൻ. ദളിതർക്കെതിരെയുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാനും അതുവഴി സവർണാധിപത്യത്തിന്റെ തിരിച്ചുവരവുമാണ് ഈ തീരുമാനത്തിലൂടെ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് സച്ചിദാനന്ദൻ ഡൂൾ ന്യൂസിനോട് സംസാരിച്ചു.

Also Read മഞ്ചേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു; അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐയെന്നാരോപണം

“എന്റെ പൂർണ്ണമായ വിശ്വാസം, ഈ തീരുമാനം ഭരണഘടനയ്ക്ക് എതിരാണെന്നാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഒരു തീരുമാനം ഒരിക്കലും നിലവിൽ വരാൻ പോകുന്നില്ല എന്നാണു ഞാൻ കരുതുന്നത്. അടുത്ത തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയ തന്ത്രമായി മാത്രമേ ഇത് കാണാൻ സാധിക്കൂ. ഈ തന്ത്രം, ഒരു സവർണാധിപത്യ, പുരുഷാധിപത്യ, രാഷ്ട്രീയത്തിന്റെ ഭാഗമായാണ് നമ്മൾ കാണേണ്ടത്. കീഴാള ജാതികളിൽ നിന്നും ഒരു ചെറിയ വിഭാഗം മാത്രമാണ്, സംവരണത്തിന്റെയും മറ്റും ഭാഗമായി ഉയർന്ന് വന്നിട്ടുള്ളത്. അത് വളരെ വലിയൊരു വിഭാഗമല്ല. സിവിൾ സർവീസിലോ, ഉയർന്ന ഉദ്യോഗങ്ങളിലോ ചെറിയൊരു വിഭാഗം വന്നിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. പക്ഷെ, അതിന്റെ പേരിൽ ഭൂരിഭാഗം വരുന്ന ആളുകളുടെയും സംവരണം നിഷേധിക്കുകയോ, അല്ലെങ്കിൽ അവരുടെ സംവരണം വെട്ടിക്കുറച്ച് അതിന്റെ ഒരു ഭാഗം വേറൊരു വിഭാഗത്തിന് ഏർപ്പെടുത്തുന്നതിൽ വലിയ അനീതിയുണ്ട് എന്നാണ് ഞാൻ കരുതുന്നത്.” സച്ചിദാനന്ദൻ തന്റെ നിലപാട് വ്യക്തമാക്കി.

കഴിഞ്ഞ നാല് വർഷമായി ഏറ്റവും കൂടുതൽ അനീതികളും ആക്രമണങ്ങളും സഹിച്ചിട്ടുള്ളതും, പലതരം പീഡനങ്ങളേറ്റിട്ടുള്ളതും, ദളിതർക്കും, ആദിവാസികൾക്കും, മുസ്ലിങ്ങൾ ഉൾപ്പെട്ട ന്യൂനപക്ഷങ്ങൾക്കും ആണെന്ന് സച്ചിദാനന്ദൻ പറഞ്ഞു. അതോടൊപ്പം തന്നെ സ്ത്രീകൾക്കും ഈ വിധത്തിലുള്ള പീഢനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

Also Read ശബരിമല കര്‍മ്മസമിതിയുടെ രഥയാത്രയും സെക്രട്ടേറിയേറ്റ് മാര്‍ച്ചും റദ്ദാക്കി; തീരുമാനം കര്‍മ്മസമിതി നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ് ലഭിച്ചതിന് പിന്നാലെ

ഇന്നലെയാണ് ഭരണഘടന ഭേദഗതി ചെയ്തു കൊണ്ട് മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇന്നലെ ചേര്‍ന്ന അടിയന്തരമന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനം കൈക്കൊണ്ടത്.

ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പുതിയ തീരുമാനം വഴി രാജ്യത്തെ സവര്‍ണ വിഭാഗത്തിനും സംവരണത്തിന് യോഗ്യത ലഭിക്കും. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാവും സംവരണയോഗ്യത കിട്ടുക.