| Thursday, 31st October 2019, 4:14 pm

ഇടതുപക്ഷ സര്‍ക്കാര്‍ തണ്ടര്‍ബോള്‍ട്ടിന്റെ ജിഹ്വയായി മാറുന്നത് അപലപനീയം: കെ. സച്ചിദാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാര്‍ അല്‍പമെങ്കിലും സുതാര്യത പാലിക്കണമെന്ന് കവി കെ. സച്ചിദാനന്ദന്‍. ഡൂള്‍ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റുമുട്ടല്‍ എന്ന രീതിയില്‍ നടന്നിട്ടുള്ള സംഭവങ്ങളില്‍ മുക്കാല്‍ ഭാഗവും വ്യാജ ഏറ്റുമുട്ടലുകളായിരുന്നുവെന്നതിന്റെ തെളിവുകള്‍ പിന്നീട് പുറത്തുവന്നിട്ടുള്ളതാണ്. പലപ്പോഴും നിരായുധരായ ആളുകളെ വെടിവെച്ച് കൊലപ്പെടുത്തി പിന്നീട് ഏറ്റുമുട്ടല്‍ എന്ന കള്ളക്കഥകള്‍ സൃഷ്ടിച്ചതിന്റെ ഞെട്ടിക്കുന്ന യാതാര്‍ത്ഥ്യങ്ങളാണ് പുറംലോകമറിഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തില്‍ തന്നെ വര്‍ഗീസ് വധം എന്ന ഒരു ഉദാഹരണം നമുക്ക് മുന്നിലുണ്ട്. വര്‍ഗീസിനെ ഇരു കയ്യും പിറകില്‍ കെട്ടിവെച്ച് വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നും, ശേഷം അദ്ദേഹത്തിന്റെ കയ്യില്‍ തോക്ക് പിടിപ്പിച്ച് ഏറ്റുമുട്ടല്‍ നാടകം സൃഷ്ടിക്കുകയായിരുന്നുവെന്നും വെടിവെച്ച പൊലീസുകാരന്‍ തന്നെ ജനങ്ങളോട് തുറന്ന പറഞ്ഞ നാടാണിത്.

അങ്ങനെയൊരു സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍, അതിന്‍മേല്‍ യാതൊരു അന്വേഷണവും നടത്താതെ പൊലീസിന്റെ വാക്കുകള്‍ സര്‍ക്കാര്‍ അതേപടി ആവര്‍ത്തിക്കുന്നത് തീര്‍ത്തും അപലപനീയമാണെന്നും കെ. സച്ചിദാനന്ദന്‍ പറഞ്ഞു.

ചില കാര്യങ്ങള്‍ ഇവിടെ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഒരാള്‍ മാവോയിസ്റ്റ് ആകുന്നത് കുറ്റകരമല്ല എന്നത് കേരള ഹോക്കോടതിയും ഇന്ത്യയിലെ സുപ്രീം കോടതിയും ഒരേപോലെ പറഞ്ഞിട്ടുള്ള കാര്യമാണ്. മാവോയിസ്റ്റ് ആണ് എന്നത് ഒരാളെ കൊല്ലാന്‍ പോയിട്ട് ശിക്ഷിക്കാന്‍ പോലും കാരണമല്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോവോയിസം എന്നത് ഒരാള്‍ കൊണ്ടുനടക്കുന്ന വിശ്വാസം മാത്രമാണ്. വിശ്വാസപരമായി മാവോയിസ്റ്റ് ആയിട്ടുള്ള ഒരാള്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമായ എന്തെങ്കിലും പ്രവൃത്തി ചെയ്താല്‍ ആ കുറ്റത്തിനുള്ള ശിക്ഷ നിയമവിധേയമായി അയാള്‍ക്ക് നല്‍കാനുള്ള അധികാരം മാത്രമാണ് ഭരണകൂടത്തില്‍ നിക്ഷിപ്തമായിട്ടുള്ളത്. എന്നാല്‍ ഇവിടെ പൊലീസ് തന്നെ നേരിട്ട് വധശിക്ഷ നല്‍കുന്ന സ്ഥിതി നിലനില്‍ക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

പൊലീസുകാര്‍ ഇനിയും എത്രപേരെ കൊലപ്പെടുത്തും എന്നത് നമുക്ക് പറയാന്‍ കഴിയില്ല. അപ്പോഴെല്ലാം സര്‍ക്കാറിന് ഇതേ നിലപാട് തുടരാന്‍ കഴിയുമോ? ഇന്ത്യയില സംഘപരിവാര്‍ ഭരണകൂടം പെരുമാറുന്ന അതേപോലെ തന്നെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറും പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ തമ്മില്‍ എന്താണ് വ്യത്യാസമെന്ന് സാധാരണ ജനങ്ങള്‍ ചോദിക്കുന്ന ഒരു കാലം വരും. ഇടതുപക്ഷത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ കേരളസര്‍ക്കാറിന് ബാധ്യതയുണ്ട്.

കേരളത്തില്‍ ഇതിനകം നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലെല്ലാം സ്വതന്ത്രമായ ഒരു ഏജന്‍സിയെകൊണ്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ വെക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അടിസ്ഥാനപരമായ മനുഷ്യാവകാശത്തിലും, ഭരണഘടനയിലും നിയമത്തിലും വിശ്വസിക്കുന്ന ഇന്ത്യയിലെ പൊതുജനങ്ങളെ സത്യം ബോധിപ്പിക്കാനുള്ള ബാധ്യത, ഏതൊരു ജനാധിപത്യ ഭരണകൂടത്തിനുമുള്ളത് പോലെ കേരള സര്‍ക്കാറിനുമുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more