(കെ പി. ശശിയുടെ Motherhood എന്ന ഇംഗ്ലീഷ് കവിതയുടെ സ്വതന്ത്ര പരിഭാഷ)
മൊഴിമാറ്റം: കവി അന്‍വര്‍ അലി
പയ്യ് നിങ്ങടമ്മയെങ്കില്‍
കുറ്റീക്കെട്ടല്ലേ
പയ്യ് നിങ്ങടമ്മയെങ്കില്‍
പാലു വിക്കല്ലേ
പയ്യ് നിങ്ങടമ്മയെങ്കില്‍
മൂക്കുകയറില്‍ കോര്‍ക്കല്ലേ
മൂക്കുകയറില്‍ കോര്‍ത്തിട്ടമ്മേ
കാലിച്ചന്തയ്ക്ക് തെളിക്കല്ലേ
കാലിച്ചന്ത തോറും അമ്മയെ
വാങ്ങല്ലേ വിറ്റുതൊലയ്ക്കല്ലേ
പയ്യ് നിങ്ങടമ്മയെങ്കില്‍
തല്ലല്ലേ മുല പിഴിയല്ലേ
പാലുകമ്പനിക്കൂറ്റന്മാര്‍ക്കതു
കൊഴുത്തുതടിക്കാന്‍ കൊടുക്കല്ലേ
പയ്യ് നിങ്ങടമ്മയെങ്കില്‍
ബീഫു കേറ്റിയയയ്ക്കല്ലേ
ബീഫു കേറ്റിയയച്ചു ലോക
ച്ചന്ത തോറും ഞെളിയല്ലേ
പയ്യ് നിങ്ങടെ അമ്മയോ? എങ്കില്‍
അച്ഛനെന്തൊരു പോക്രി!
പയ്യ് നിങ്ങടെ അമ്മയോ? എങ്കില്‍
നാലു കാലില്‍ നടക്കിന്‍!
അമ്മ പയ്യാണല്ലേ? നിങ്ങടെ
കൊമ്പു ഞങ്ങള്‍ കണ്ടു ആ
കൊമ്പുയര്‍ത്തി മറ്റുള്ളോരെ
കുത്തുന്നതും കണ്ടു
അമ്മ പയ്യാണെങ്കി,ലുച്ചീല്‍
കൊമ്പു വളര്‍ന്നോട്ടെ ആ
കൊമ്പുകൊണ്ട് മറ്റുള്ളോരെ
കുത്തിനോവിക്കല്ലേ
മറ്റുള്ളോരും നിങ്ങളെപ്പോല്‍
ഇവിടെത്തന്നെ പിറന്നോര്‍
മറ്റുള്ളോരും നിങ്ങളെപ്പോല്‍
ഇവിടെത്തന്നെ വളര്‍ന്നോര്‍