വാളയാര്‍ പെണ്‍കുട്ടികളുടെ കേസ്; സി.ബി.ഐ കുറ്റപത്രം തള്ളി, പുനരന്വേഷിക്കണമെന്ന് കോടതി
Kerala News
വാളയാര്‍ പെണ്‍കുട്ടികളുടെ കേസ്; സി.ബി.ഐ കുറ്റപത്രം തള്ളി, പുനരന്വേഷിക്കണമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th August 2022, 1:36 pm

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളി. സി.ബി.ഐ തന്നെ കേസ് പുനരന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പോലീസ് കണ്ടെത്തല്‍ ശരിവച്ചുള്ള കുറ്റപത്രമാണ് സി.ബി.ഐയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇത് റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആരോപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പോക്‌സോ കോടതിയുടെ ഉത്തരവ്.

അതേസമയം, സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. പുതിയ അന്വേഷണ സംഘം സത്യസന്ധമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിലാണ് പൊലീസിന് പിന്നാലെ സി.ബി.ഐയും എത്തിയത്. എന്നാല്‍ തന്റെ മക്കളെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പെണ്‍കുട്ടികളുടെ അമ്മയുടെ നിലപാട്.

ആദ്യത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു, മധു എന്നിവര്‍ പ്രതികളാണെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നു. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ വലിയ മധുവും, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പ്രതികളാണ്. പാലക്കാട് പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് ഡി.വൈ.എസ്.പി അനന്തകൃഷ്ണനാണ് റിപ്പോര്‍ട്ട് നല്‍കിയത്. ബലാത്സംഗം, പോക്‌സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഷിബുവെന്ന പ്രതിക്കെതിരെ എസ്.സി/ എസ്.ടി വകുപ്പും ചുമത്തിയിട്ടുണ്ട്.

മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന വാദം സി.ബി.ഐയും തള്ളിയത്. കഴിഞ്ഞ മാസം നടത്തിയ ഡമ്മി പരീക്ഷണവും തൂങ്ങിമരണത്തിലേക്കാണ് സി.ബി.ഐ സംഘത്തെ എത്തിച്ചത്.

2017 ജനുവരി ഏഴിനാണ് വാളയാര്‍ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.

Content Highlight: POCSO Court Rejects Valayar Case report by CBI