| Sunday, 25th August 2024, 9:24 am

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോക്‌സോ കേസ് എടുക്കണമെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ലൈംഗികാതിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ പോക്‌സോ കേസ് എടുക്കണമെന്ന പരാതിയുമായി സാമൂഹിക പ്രവര്‍ത്തക പി.ഇ ഉഷ രംഗത്ത്. റിപ്പോര്‍ട്ടിലെ 41-ാം പേജിലെയും 82-ാം പേജിലെയും പരാമര്‍ശങ്ങളില്‍ പോക്‌സോ ആക്ട് പ്രകാരം കേസ് എടുക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പിന് ഉഷ പരാതി നല്‍കിയിരിക്കുന്നത്. ആഭ്യന്തര വകുപ്പ് ചീഫ് സെക്രട്ടറിക്കാണ് പരാതി നല്‍കിയത്.

പോക്‌സോ ആക്ടിലെ 19(1)വകുപ്പ് പ്രകാരം ഇത്തരത്തില്‍ അക്രമം നടന്നു എന്ന വിവരം ലഭിച്ചാല്‍ വസ്തുതകള്‍ പരിശോധിച്ച് പരാതി എടുക്കാന്‍ സാധിക്കും. ഇതിനായി അക്രമം നേരിട്ട പെണ്‍കുട്ടി നേരിട്ട് പരാതി നല്‍കേണ്ടതിന്റെ ആവശ്യമില്ലെന്നും ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴി മജിസ്‌ട്രേറ്റിന് നല്‍കിയാല്‍ മതിയെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ഈ വിഷയം പരിഗണിക്കുമ്പോള്‍ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ സ്വകാര്യത പൂര്‍ണമായും പാലിക്കണമെന്നും അവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ മാത്രമായിരിക്കണം നിയമ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഇത്തരം കേസുകളില്‍ മറ്റ് പരാതികള്‍ ഇല്ലാതെ തന്നെ കേസ് എടുക്കാമെന്ന് ഹേമ കമ്മിറ്റിയിലെ റിപ്പോര്‍ട്ടുകളില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട് എന്ന് പറഞ്ഞ പരാതിക്കാരി ഈക്കാര്യം റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം നടി ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണത്തില്‍ നടന്‍ സിദ്ധിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലിന് നല്‍കിയ രണ്ട് വരി കത്തിലാണ് സിദ്ധിഖ് രാജിക്കാര്യം അറിയിച്ചത്. ഈ സാഹചര്യത്തില്‍ പദവിയില്‍ ഇരിക്കുന്നത് ഉചിതമല്ലെന്നും അത് സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.

എന്നാല്‍ ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിയുമെന്ന് സര്‍ക്കാരിനെ അറിയിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് നടി, പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ആരോപിച്ചത്.

ആരോപണത്തെ തുടര്‍ന്ന് രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇവരെക്കൂടാതെ അഭിനേത്രികളായ ഉര്‍വശി, അന്‍സിബ, ഉഷ, ശ്വേത എന്നിവരും രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Content Highlight: POCSO case should take on the basis of allegations referred in Hema Committee report

We use cookies to give you the best possible experience. Learn more