കോഴിക്കോട്: പന്ത്രണ്ട് വയസുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടും മൂന്നും പ്രതികള്‍ ജാമ്യം നിഷേധിക്കപ്പെട്ട ജയിലില്‍ കഴിയവെ ഒന്നാം പ്രതിയ്ക്ക് മുന്‍കൂര്‍ ജാമ്യം.
കുന്ദമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്ത (722/18,724/18) കേസിലാണ് ഒന്നാം പ്രതിയായ മാങ്കാവ് തളിക്കുളങ്ങര എല്‍.പി സ്‌കൂളിലെ പ്രധാനധ്യാപകന്‍ അബൂബക്കര്‍ മാസ്റ്റര്‍ക്ക് കോഴിക്കോട് പോക്സോ കോടതി ജാമ്യം മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. അതേസമയം കേസിലെ മറ്റു പ്രതികളായ ആലി, സൈനുദ്ദീന്‍ എന്നിവര്‍ ഇപ്പോള്‍ ജയിലിലാണ്. ഐ.പി.സി 377,3 (സി), പോക്‌സോ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സാധാരണഗതിയില്‍ പോക്‌സോ കേസുകളില്‍ ജാമ്യം അനുവദിക്കാറില്ല. പ്രത്യേകിച്ച് ഈ കേസിലെ കൂട്ടുപ്രതികളുടെ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍. പക്ഷെ ജാമ്യാപേക്ഷയെ പ്രോസിക്യൂട്ടര്‍ കൃത്യമായി എതിര്‍ത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഒന്നാം പ്രതിയായ അബൂബക്കര്‍ മാസ്റ്റര്‍ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്.
എന്നാല്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിട്ടുണ്ടെന്നും മറിച്ചുള്ള കോടതിയുടെ നിരീക്ഷണം തെറ്റാണെന്നും ചൂണ്ടിക്കാട്ടി വിധിക്കെതിരെയും ജഡ്ജിക്കുമെതിരായും പ്രോസിക്യൂട്ടര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
അബൂബക്കര്‍ മാസ്റ്റര്‍
പ്രതികള്‍ക്ക് ജാമ്യം കൊടുക്കരുതെന്ന് തന്നെയാണ് കോടതിയില്‍ വാദിച്ചതെന്ന് പ്രോസിക്യൂട്ടറുടെ പരാതിയില്‍ പറയുന്നു. പ്രതിയായ അധ്യാപകന് ഇരയുടെ കുടുംബത്തിന് 50 ലക്ഷം രൂപ വരെ വാഗ്ദാനം നല്‍കിയിരുന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന് ശക്തമായി വാദിച്ചിരുന്നുവെന്നും പരാതി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ജാമ്യം കൊടുക്കാന്‍ പാടില്ലാത്ത കേസാണെന്നിരിക്കെ ഒന്നാം പ്രതിയ്ക്ക് മാത്രമായി അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുട്ടിയുടെ കുടുംബം. പക്ഷെ കേസ് നടത്താന്‍ സാമ്പത്തിക ശേഷിയില്ലാത്തത് പ്രതികള്‍ക്ക് അനുകൂലമാകുന്ന സാഹചര്യമാണുള്ളതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.
സംഭവത്തെ കുറിച്ച് പിതാവായ ബഷീര്‍ വിശദീകരിക്കുന്നതിങ്ങനെ
അയല്‍വാസികളായ അബൂബക്കര്‍ മാസ്റ്റര്‍, ആലി, കുട്ടൂസ എന്ന സൈനുദ്ധീന്‍ എന്നീ മൂന്നു പേരാണ് മകനോട് ഇത് ചെയ്തത്. വൈകീട്ടും പുലര്‍ച്ചെയുമെല്ലാം പള്ളിയില്‍ പോകുന്ന സമയത്തായിട്ടാണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചത്. ആദ്യം പീഡിപ്പിച്ച ആലി കുട്ടിയെ മറ്റുള്ളവര്‍ക്ക് കൈമാറുകയായിരുന്നു. തുടര്‍ച്ചയായി രണ്ടു മാസത്തോളം കുട്ടിയെ മാറിമാറി പീഡിപ്പിക്കുകയാണ് ചെയ്തത്. ഒരു ദിവസം വൈകീട്ട് മഗ്രിബ് നിസ്‌ക്കരിച്ച് വരുമ്പോള്‍ അവശനായി വന്നപ്പോഴാണ് വീട്ടുകാര്‍ സംഭവം മനസിലാക്കുന്നത്. തുടര്‍ന്നത് നവംബര്‍ 11ാം തിയ്യതിയാണ് കേസ് കൊടുത്തത്.
സൈനുദ്ധീന്‍ (ചിത്രം കടപ്പാട്: കുന്ദമംഗലം ന്യൂസ്)
പോക്സോ കേസായതിനാല്‍ ഒന്നാം പ്രതിക്ക് എങ്ങനെ മുന്‍കൂര്‍ ജാമ്യം ലഭിച്ചെന്ന് മനസിലാകുന്നില്ല. മറ്റു രണ്ട് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പോക്സോ ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതിനാലാണ് അടുത്ത നിയമനടപടി വൈകുന്നത്.
ജാമ്യം കൊടുക്കാത്ത കേസില്‍ ഒന്നാം പ്രതിയക്ക് തന്നെ ജാമ്യം കൊടുത്തത് എങ്ങനെയാണെന്ന് ബഷീറിനും കുടുംബത്തിനും മനസിലാകുന്നില്ല.
മുസ്‌ലിം ലീഗിന്റെ പ്രാദേശിക നേതാവും മാങ്കാവ് തളിക്കുളങ്ങര ഹൈസ്‌ക്കൂളിലെ പ്രധാനധ്യാപകനുമാണ് ഒന്നാം പ്രതിയായ അബൂബക്കര്‍ മാസ്റ്ററെന്ന് ബഷീര്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യം ലഭിച്ച പ്രതി നാട്ടിലൂടെ ഇറങ്ങി നടക്കുന്നതിനാല്‍ ഉപദ്രവിക്കുമെന്ന ഭയമുള്ളതിനാല്‍ സംഭവശേഷം മകന് സ്‌കൂളില്‍ പോകാനടക്കം വിസ്സമതിക്കുന്നതായി രക്ഷിതാവ് പറയുന്നു.
കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ രാജ്യത്ത് നിലവിലുള്ള ഏറ്റവും ശക്തമായ നിയമമാണ് പോക്സോ (The Protection of Children from Sexual Offences – POCSO Act). 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങളെ തടയുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
പോക്‌സോ നിയമം ചുമത്തുന്നതോടെ പ്രതിക്ക് ഒത്തുതീര്‍പ്പിലൂടെ കേസില്‍ നിന്ന് തലയൂരാനുളള എല്ലാ പഴുതുകളും അടയും. പ്രതിക്ക് ജാമ്യം കിട്ടില്ലെന്ന് മാത്രമല്ല, കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടുമെന്നും ഉറപ്പ്. ഇരയായ കുട്ടി തന്റെ മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യം പറഞ്ഞ മൊഴിയാകും നിലനില്‍ക്കുക.