കൊച്ചി: ഇരയെ വിവാഹം കഴിച്ചതിനാല്‍ പോക്‌സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയും കൂട്ടുപ്രതിയും നല്‍കിയ ഹരജി തള്ളി ഹൈക്കോടതി.
ബലാത്സംഗം സമൂഹത്തോടുള്ള കുറ്റകൃത്യമായതിനാല്‍ ഇതിനുശേഷം ഇരയെ വിവാഹം കഴിക്കുന്നതും ഒത്തുതീര്‍പ്പുണ്ടാക്കുന്നതും ക്രിമിനല്‍ കേസ് റദ്ദാക്കാനോ വിചാരണയില്‍നിന്ന് ഒഴിവാക്കാനോ ഉള്ള കാരണമല്ലെന്നും ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി. ഷേര്‍സി പറഞ്ഞു.
ലൈംഗിക പീഡനം കൊലപാതകത്തെക്കാള്‍ ഭീകരമായ പ്രവൃത്തിയാണെന്നും അതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരായ ഏറ്റവും ക്രൂരവും പൈശാചികവുമായ കുറ്റകൃത്യമായി അതിനെ കണക്കാക്കുന്നതെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.
2017ല്‍ 17കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ കൊടുങ്ങല്ലൂര്‍ സ്വദേശിയായ 21കാരനും പീഡനത്തിന് കൂട്ടുനിന്നതിന് പ്രതിചേര്‍ക്കപ്പെട്ട സുഹൃത്തും നല്‍കിയ ഹരജികളാണ് കോടതി തള്ളിയത്.
2020 ഡിസംബര്‍ എട്ടിന് സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്നും ഇപ്പോള്‍ ഒന്നിച്ച് ജീവിക്കുകയാണെന്നുമായിരുന്നു ഹരജിയിലെ വാദം. എന്നാല്‍ ഇരയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കേസ് റദ്ദാക്കണമെന്ന ആവശ്യം നിരസിച്ച് ഒട്ടേറെ സുപ്രീംകോടതി വിധികളുള്ളത് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
ബലാത്സംഗം എന്ന മനുഷ്യത്വവിരുദ്ധ കുറ്റകൃത്യം ഇരയെ മാത്രമല്ല, ബന്ധുക്കളെയും സമൂഹത്തെയും ബാധിക്കുന്നതാണ്. അതിനാല്‍ പിന്നീട് ഉണ്ടാകുന്ന ഒത്തുതീര്‍പ്പും ഇരയെ വിവാഹം കഴിക്കലുമൊന്നും ക്രിമിനല്‍ കേസ് റദ്ദാക്കാന്‍ മതിയായ കാരണമല്ല. അപമാനകരവും ഭീതിതവുമായ ബലാത്സംഗം കൊലപാതകത്തെക്കാള്‍ ഭീകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ലൈംഗിക പീഡനം ഗൗരവമേറിയ കുറ്റമാണ്. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമം. അത് അവരുടെ മാനസിക നില തകര്‍ക്കും. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇത്തരം പീഡനങ്ങള്‍ തടയാനാണ് പോക്‌സോ നിയമം നടപ്പാക്കിയതെന്നും കോടതി പറഞ്ഞു.
2017 മാര്‍ച്ചിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയും 21 കാരനുമായ ഒന്നാംപ്രതി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി തന്റെ കൂട്ടുകാരന്റെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. എറിയാട് സ്വദേശിയായ കൂട്ടുകാരന്‍ കേസില്‍ രണ്ടാം പ്രതിയാണ്. കേസ് അന്വേഷിച്ച കൊടുങ്ങല്ലൂര്‍ പൊലീസ് തൃശൂര്‍ അഡി. ജില്ലാ സെഷന്‍സ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
ഇതിനിടെ 2020 ഡിസംബറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഒന്നാംപ്രതി സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Pocso case Kerala Highcourt Verdict