കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍. ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കുകളില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 133 കേസുകളും മലപ്പുറത്ത് 98 കേസുകളുമാണ്. പോക്‌സോ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടാകുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലയാണ് സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ അക്രമം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടും വന്നിരിക്കുന്നത്.
2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ചൈല്‍ഡ് ലൈന്‍ കണക്കുപ്രകാരം 503 കേസുകളാണ് മലപ്പുറത്ത് മാത്രം രജിസ്റ്റര്‍ ചെയ്തത്. കുട്ടികള്‍ക്കെതിരായ ചൂഷണങ്ങളില്‍ 12,018 കേസുകളിലാണ് ചൈല്‍ഡ് ലൈന്‍ ഇതിനോടകം ഇടപെട്ടത്. ഇതില്‍ 2229 എണ്ണം തലസ്ഥാനജില്ലയിലാണ്.
1282 ലൈംഗികാതിക്രമകേസുകളും 224 ബാലവിവാഹവുമാണ് സംസ്ഥാനത്ത് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. 1928 കേസുകളാണ് കുട്ടികള്‍ക്കെതിരായ ശാരീരിക അതിക്രമത്തില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്തത്. ബാലവേല പ്രകാരം 155 കേസുകളും രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍ കേസുകളുടെ എണ്ണം കൂടുകയല്ല മുന്‍പുള്ളതിനേക്കാള്‍ കൂടുതല്‍ പേര്‍ പീഡനത്തെക്കുറിച്ച് പുറത്ത് പറയാന്‍ തയ്യാറാകുന്നു എന്നതാണ് റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാകുന്നതെന്ന് മലപ്പുറം ജില്ലാ ചൈല്‍ഡ് ലൈന്‍ കോ-ഒാര്‍ഡിനേറ്റര്‍ അന്‍വര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. “നേരത്തെയുള്ളതിലും കൂടുതല്‍ കേസുകള്‍ ഇപ്പോള്‍ പുറത്തുവരുന്നു. മുന്‍പ് ഇത്തരം കേസുകള്‍ വെളിച്ചത്ത് വരുന്നത് കുറവായിരുന്നു. എന്നാല്‍ ബോധവല്‍ക്കരണ ക്യാംപെയ്‌നുകള്‍ വഴി ഇത്തരത്തിലുള്ള അതിക്രമങ്ങളില്‍ പുറത്തുവന്ന് തുടങ്ങി.”- അന്‍വര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ളതിനാലാണ് ബാലവേലയടക്കമുള്ള കേസുകള്‍ എറണാകുളത്ത് വര്‍ധിക്കാന്‍ കാരണമായി കരുതുന്നത്. അതിക്രമങ്ങള്‍ സംബന്ധിച്ചുള്ള യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും കൂടുതലാണെന്നാണ് അധികൃതര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. കുറ്റകൃത്യങ്ങള്‍ തിരിച്ചറിയുന്നതിലും കൈകാര്യം ചെയ്യുന്നതിലും പലപ്പോഴും വീഴ്ച സംഭവിക്കുന്നുണ്ട്.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ശരിയായ രീതിയില്‍ നിയമനടപടികള്‍ മുന്നോട്ട് പോകുന്നില്ല എന്നതാണ് തിരിച്ചടിയാകുന്നതെന്ന് അധികൃതര്‍ പറയുന്നു. പല കേസുകളും കോടതിയിലെത്തുന്നതിന് മുന്‍പ് ഒത്തുതീര്‍പ്പാവുകയാണ് പതിവെന്നും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.
ALSO READ: ഇസ്‌ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ എസ്.ഡി.പി.ഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല: കാന്തപുരം
” കേസുകള്‍ പലതും മുന്നോട്ട് പോകുന്നില്ല. കൂടുതലും കോടതിയ്ക്ക് പുറത്ത് തന്നെ ഒത്തുതീര്‍പ്പാകുന്ന അവസ്ഥയാണ്. കേസുമായി ബന്ധപ്പെട്ട നടപടികള്‍, അറസ്റ്റടക്കമുള്ളവ നടന്നു കഴിഞ്ഞാല്‍ കുട്ടികളെ വീട്ടുകാരുടെ കൂടെ തന്നെ വിടും. ബന്ധുക്കള്‍ പ്രതികളാകുന്ന കേസില്‍ ഒത്തുതീര്‍പ്പ് പോലുള്ള നടപടിയിലേക്ക് പോകുന്നതിന് പ്രധാന കാരണം ഇതാണ്.”- അന്‍വര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
മലപ്പുറത്ത് ഈയൊരു സാഹചര്യത്തിന് പ്രധാനകാരണം ചില്‍ഡ്രന്‍സ് ഹോമില്ല എന്നതാണെന്നും അന്‍വര്‍ സാക്ഷ്യപ്പെടുത്തുന്നു. മലപ്പുറത്തെ പോക്‌സോ കേസുമായി ബന്ധപ്പെട്ടുള്ള കുട്ടികളെ നിര്‍ഭയ ഹോമിലാണ് താമസിപ്പിക്കുന്നത്. ഇവിടെ 25 പേരെ മാത്രമാണ് പരമാവധി പാര്‍പ്പിക്കാനാവുക. പലപ്പോഴും അതില്‍ കൂടുതല്‍ കേസുകളാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ കുട്ടികളെ വീട്ടുകാരോടൊപ്പം വിടുകയാണ് പതിവ്. പലപ്പോഴും ഇത് കുട്ടികള്‍ക്ക് മേല്‍ മൊഴിമാറ്റി പറയാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള സാഹപര്യമായി മാറുകയും ചെയ്യുമെന്ന് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ കേസ് വരുന്ന സമയത്ത് മൊഴി മാറ്റിപ്പറയാനുള്ള സാഹചര്യം ഇങ്ങനെ സൃഷ്ടിക്കപ്പെടുന്നതാണ്. സ്വഭാവികമായും കേസ് തള്ളിപ്പോവുകയും പ്രതിയ്ക്ക് ശിക്ഷ ലഭിക്കാതെ പോവുകയും ചെയ്യുന്നു.
ബാലവിവാഹത്തിന്റെ കേസും നേരത്തെ പറഞ്ഞത് പോലെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നത് തന്നെയാണെന്നും അന്‍വര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കേരളപൊലീസിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ഈ വര്‍ഷം മാത്രം 900 പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണിത്. 27 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കാസര്‍കോടാണ് ഏറ്റവും കുറവ് പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
WATCH THIS VIDEO: