| Saturday, 28th May 2022, 10:57 am

പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം; പിന്നാലെ സ്വയം വെടിവെച്ച് മരിച്ച് ഉത്തരാഖണ്ഡ് മുന്‍ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: പീഡനാരോപണം നേരിട്ട ഉത്തരാഖണ്ഡ് മുന്‍മന്ത്രി സ്വയം വെടിവെച്ച് മരിച്ചു. പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന മരുമകളുടെ പരാതി വന്ന് ദിവസങ്ങള്‍ക്കകമാണ് 59കാരനായ രാജേന്ദ്ര ബഹുഗുണ ആത്മഹത്യ ചെയ്തത്.

ബുധനാഴ്ചയായിരുന്ന സംഭവം.

മരുമകളുടെ പരാതിയെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നതായി സര്‍ക്കിള്‍ ഓഫീസര്‍ ഭൂപീന്ദന്‍ സിംഗ് ധോണി പറഞ്ഞു.

ഇയാളുടെ അയല്‍വാസിയായ സവിത എന്ന മറ്റൊരു സ്ത്രീയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നതായാണ് ഭൂപീന്ദന്‍ സിംഗ് ധോണി പറഞ്ഞത്. തന്നെ രാജേന്ദ്ര ബഹുഗുണ ചൂഷണം ചെയ്തതായും ഭീഷണിപ്പെടുത്തിയതായും ആക്രമിച്ചതായുമാണ് സവിത പരാതി നല്‍കിയിരുന്നത്.

അതേസമയം, ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പായി ബഹുഗുണ പൊലീസിനെ വിളിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷം ഇയാള്‍ ഹല്‍ദ്വാനിയിലെ തന്റെ വീടിന്റെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറുകയും സ്വന്തം പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു.

പൊലീസും അയല്‍വാസികളുമെല്ലാം എത്തിയതിന് ശേഷമായിരുന്നു സംഭവം. ഇയാളെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും വെടിയുതിര്‍ക്കുകയായിരുന്നു.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും പോക്‌സോ കേസെടുത്തതിലും ബഹുഗുണ നിരാശാവാനായിരുന്നെന്നും ഇതായിരിക്കാം ജീവനൊടുക്കാന്‍ കാരണമായതെന്നും സി.ഒ ഭൂപീന്ദന്‍ സിംഗ് ധോണി കൂട്ടിച്ചേര്‍ത്തു.

2002ല്‍ ഉത്തരാഖണ്ഡ് രൂപീകരിച്ച ശേഷമുള്ള ആദ്യത്തെ മന്ത്രിസഭയിലെ അംഗമായിരുന്നു രാജേന്ദ്ര ബഹുഗുണ.

Content Highlight: POCSO case for molesting granddaughter, ex- Uttarakhand minister kills himself

We use cookies to give you the best possible experience. Learn more