| Tuesday, 20th June 2023, 4:00 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മഠാധിപതി ബലാത്സംഗം ചെയ്‌തെന്ന് റിപ്പോര്‍ട്ട്; കിടപ്പുമുറിയില്‍ രണ്ട് വര്‍ഷത്തോളം കെട്ടിയിട്ട്‌  പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: 64കാരനായ മഠാധിപതി ആശ്രമത്തിലെ അന്തേവാസിയായ 15കാരിയെ ബലാത്സംഗം ചെയ്യുകയും കിടപ്പുമുറിയില്‍ രണ്ട് വര്‍ഷത്തോളം കെട്ടിയിട്ട്‌ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതി.  വൈങ്കോജിപ്പാലത്തെ സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവിയാണ് അറസ്റ്റിലായത്. ഇയാള്‍ ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിന്റെ ഡയറക്ടറാണ്.

2016 മുതല്‍ ആശ്രമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ജൂണ്‍ 13ന് കാണാതായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയതും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതും.

സ്വാമി പൂര്‍ണാനന്ദ ആശ്രമത്തില്‍ വെച്ച് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വിവേകാനന്ദന്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

ഇതേ സ്വാമി മുമ്പ് മറ്റൊരു ബലാത്സംഗ കേസില്‍ കൂടി പ്രതിയാണ്. ആ കേസിന്റെ വിചാരണ പുരോഗമിക്കവെയാണ് ഇപ്പോള്‍ പുതിയ പരാതി ലഭിച്ചതെന്നും അന്വേഷണ സംഘം അറിയിച്ചു. 2012ല്‍ ഇതേ പൂര്‍ണാനന്ദക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു കുട്ടി നല്‍കിയ പരാതി വിചാരണയിലിരിക്കെയാണ് ഇയാള്‍ കുറ്റകൃത്യം ആവര്‍ത്തിച്ചിരിക്കുന്നത്.

ബലാത്സംഗക്കേസ് വിചാരണ നടക്കുമ്പോള്‍ ആശ്രമത്തില്‍ എങ്ങനെയാണ് കുട്ടികള്‍ ഉണ്ടായതെന്നും കുട്ടികളെ സൂക്ഷിക്കാന്‍ ആശ്രമത്തിന് ലൈസന്‍സ് ഉണ്ടായിരുന്നോ എന്നും ഇതുവരെ വ്യക്തമായിട്ടില്ല. 12 കുട്ടികള്‍ ആശ്രമത്തില്‍ താമസിക്കുന്നുണ്ടെന്നും അവരില്‍ നാലു പേര്‍ പെണ്‍കുട്ടികളാണെന്നും പൊലീസ് പറയുന്നു.

ആശ്രമത്തിലെ ജീവനക്കാരന്റെ സഹായത്തോടെ ജൂണ്‍ 13ന് രക്ഷപ്പെട്ട പെണ്‍കുട്ടി തിരുമല എക്‌സ്പ്രസില്‍ കയറുകയും സഹയാത്രികന്റെ സഹായത്തോടെ വിജയവാഡയിലെ ദിശ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസ് വിശാഖപട്ടണം പൊലീസിന് കൈമാറുകയും അവര്‍ മഠാധിപതി പൂര്‍ണാനന്ദയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

64 വയസുള്ള അവിവാഹിതനായ പൂര്‍ണാനന്ദ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളയാളാണ്. രണ്ട് മാസ്റ്റേഴ്‌സ് ബിരുദവും ബി.എഡ്, നിയമ ബിരുദങ്ങളും ഇയാളുടെ പേരിലുണ്ട്. പൂര്‍ണാനന്ദക്കെതിരെ ഒന്നിലധികം കേസുകളുണ്ടെന്നും ഭൂമി തര്‍ക്കങ്ങളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് എന്‍.ഡി.ടി.വിയോട് പറഞ്ഞു.

അതേസമയം, 9.5 ഏക്കര്‍ ആശ്രമഭൂമി തര്‍ക്കത്തിലാണെന്നും ഭൂമി കയ്യേറാന്‍ വരുന്നവരാണ് തനിക്കെതിരെ പരാതിയുമായി വരുന്നതെന്നും പൂര്‍ണാനന്ദ പൊലീസിനോട് പറഞ്ഞു.

Content Highlights: POCSO case against saint in hyderabad, monk raped minor girl
We use cookies to give you the best possible experience. Learn more