Kerala News
കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടയിലെ ദ്വയാര്‍ത്ഥ പ്രയോഗം; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 16, 04:26 am
Thursday, 16th January 2025, 9:56 am

തിരുവനന്തപുരം:  സ്കൂൾ കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെ വിദ്യാർത്ഥിനിയോട് ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്.

റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ അരുണ്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

POCSO case against reporter channel

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് പരാതിയില്‍ കേസെടുത്തത്. റിപ്പോര്‍ട്ടര്‍ ഷഹബാസാണ് കേസിലെ രണ്ടാം പ്രതി. കണ്ടാലറിയാവുന്ന മറ്റൊരു റിപ്പോര്‍ട്ടറാണ് കേസിലെ മൂന്നാം പ്രതി.

നേരത്തെ സംസ്ഥാന ബാലാവകാശ കമ്മീഷനും റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കേസെടുത്തിരുന്നു. കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

കലോത്സവ റിപ്പോര്‍ട്ടിങ്ങില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയെന്നായിരുന്നു കേസ്. അരുണ്‍ കുമാര്‍ സഭ്യമല്ലാത്ത ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയെന്ന് ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

റിപ്പോർട്ടർ സംപ്രേക്ഷണം ചെയ്ത വീഡിയോ സ്റ്റോറിയിൽ ചാനല്‍ മേധാവിയോട് വിശദീകരണം തേടിയതായി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.ജി. മനോജ് കുമാര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചിരുന്നു.

മത്സരത്തില്‍ പങ്കെടുത്ത ഒപ്പന സംഘത്തിലെ മണവാട്ടിയോട് പ്രണയം തോന്നുന്ന റിപ്പോര്‍ട്ടര്‍ എന്നതായിരുന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ സംപ്രേക്ഷണം ചെയ്ത സ്റ്റോറിയുടെ ഉള്ളടക്കം. മണവാട്ടിയായി മത്സരിച്ച വിദ്യാര്‍ത്ഥിനിയോട് റിപ്പോര്‍ട്ടര്‍ പ്രണയത്തോടെ സംസാരിക്കുന്നതും നോക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

POCSO case against reporter channel

അരുൺ കുമാർ

പിന്നീട് അവതാരകന്‍ അരുണ്‍ കുമാര്‍ ഉള്‍പ്പെടെ, വീഡിയോയില്‍ അഭിനയിച്ച റിപ്പോര്‍ട്ടറോടും മറ്റു സഹപ്രവര്‍ത്തകരോടും വിദ്യാര്‍ത്ഥിയെ കുറിച്ച് ദ്വയാര്‍ത്ഥ പ്രയോഗത്തോടെ ചോദിക്കുകയും പരസ്പരം കളിയാക്കുകയും ചെയ്യുന്ന ചര്‍ച്ചകളും റിപ്പോര്‍ട്ടര്‍ ടി.വി സംപ്രേക്ഷണം ചെയ്തിരുന്നു.

പ്രസ്തുത സംഭവത്തെ അടിസ്ഥാനമാക്കിയാണ് ബാലാവകാശ കമ്മീഷനും ഇപ്പോള്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസും റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കേസെടുത്തിരിക്കുന്നത്.

Also Read: എല്ലാ അതിരുകളും ലംഘിക്കുന്നത്, അധഃപതനം; റിപ്പോർട്ടർ ടി.വിയുടെ കലോത്സവ സ്റ്റോറിക്കെതിരെ വ്യാപക വിമർശനം

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ വ്യാപകമായി വിമര്‍ശനവും ഉയര്‍ന്നിരുന്നു.ദ്വയാര്‍ത്ഥ പ്രയോഗത്തില്‍ അരുണ്‍ കുമാറും റിപ്പോര്‍ട്ടര്‍ ചാനലും വിദ്യാര്‍ത്ഥിയോടും പൊതുസമൂഹത്തോടും മാപ്പ് പറയണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

Content Highlight: POCSO case against reporter channel