Kerala News
പെണ്‍കുട്ടികളോട് മോശം പെരുമാറ്റം; പോക്‌സോ കേസില്‍ മദ്രസ അധ്യപകര്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 17, 02:49 am
Saturday, 17th June 2023, 8:19 am

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന കേസില്‍ നാല് പേര്‍ക്കെതിരെ പോക്‌സോ കേസ്. മൂന്ന് മദ്രസ അധ്യാപകര്‍ ഉള്‍പ്പെടെ നാല് പേരെയും മലപ്പുറം പെരുമ്പടപ്പ് സി.ഐ. ഇ.പി.സുരേശന്‍ അറസ്റ്റ് ചെയ്തു.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പടപ്പ് പൊലീസ് കുറ്റാരോപിതരെ അറസ്റ്റ് ചെയ്തത്. മദ്രസ അധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ് (64), പാലക്കാട് മണത്തില്‍ കൊച്ചിയില്‍ ഹൈദ്രോസ്(50), പാലപ്പെട്ടി തണ്ണിപ്പാരന്‍ മുഹമ്മദുണ്ണി(67) എന്നിരും വെളിയങ്കോട് തൈപ്പറമ്പില്‍ ബാവ(54) എന്നയാളുമാണ് സംഭവത്തില്‍ അറിസ്റ്റിലായത്.

മൂന്ന് പേര്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന അധ്യാപകരും മറ്റൊരാള്‍ ഒരു വിദ്യാര്‍ത്ഥിയുടെ അയല്‍വാസിയുമാണ്. സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിലാണ് വിദ്യാര്‍ഥികള്‍ ദുരനുഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധ്യാപകരും ഐ.സി.ഡി.എസ് കൗണ്‍സിലറും പൊലീസിനെയും ചൈല്‍ഡ്‌ലൈനേയും വിവരമറിയിക്കുകയായിരുന്നു.

കേസുകളില്‍ കുട്ടികള്‍ക്കെതിരെ ലൈംഗിക ഉപദ്രവം നടന്നിട്ടുണ്ടെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ സുരേശന്‍. ഇ.പി. ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ബുധനാഴ്ചയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ വ്യത്യസ്ത സംഭവങ്ങളിലെ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തുറന്നുപറയുകയായിരുന്നു. കുട്ടികള്‍ക്കെതിരെ ലൈംഗിക ഉപദ്രവം നടന്നിട്ടുണ്ട്,’ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാല് പേരേയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.