| Monday, 17th June 2024, 5:21 pm

നീതി കിട്ടും വരെ പോരാടും: പോക്സോ കേസിൽ യെദ്യൂരപ്പക്കെതിരെ അതിജീവിതയുടെ സഹോദരൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദ്യൂരപ്പയ്‌ക്കെതിരെയുള്ള പോരാട്ടം തുടരാൻ തീരുമാനിച്ച് അതിജീവിതയുടെ സഹോദരൻ. അമ്മ നടത്തിയ പോരാട്ടം താൻ തന്റെ സഹോദരിക്ക് വേണ്ടി തുടരുമെന്ന് അതിജീവിതയുടെ സഹോദരൻ വ്യക്തമാക്കി.

ബന്ധുവിൽ നിന്നും പെൺകുട്ടി നേരിട്ട ലൈംഗികാക്രമണത്തിൽ നൽകിയ പരാതിയിൽ നടപടിയെടുക്കുന്നതിനു വേണ്ടി 2024 ഫെബ്രുവരി രണ്ടിന്, അതിജീവിതയുടെ അമ്മ യെദ്യൂരപ്പയുടെ വസതിയിലേക്ക് പോയിരുന്നു. കേസിൻ്റെ വിശദാംശങ്ങൾ അവർ വിശദീകരിക്കുന്നതിനിടെ യെദ്യൂരപ്പ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി.

തുടർന്ന് 17 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ബി.എസ്. യെദ്യൂരപ്പയ്‌ക്കെതിരെ അതിജീവിതയുടെ അമ്മ കേസ് നൽകി. കേസിൽ യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

ജൂൺ 17ന് അന്വേഷണ സംഘവുമായി സഹകരിക്കുമെന്ന് യെദ്യൂരപ്പയുടെ അഭിഭാഷകൻ ഉറപ്പുനൽകിയതിനെത്തുടർന്ന്, അടുത്ത വാദം കേൾക്കുന്നത് വരെ അറസ്റ്റും തടങ്കലും നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.

കേസ് നടന്നു കൊണ്ടിരിക്കെ അർബുദ ബാധയെ തുടർന്ന് അതിജീവിത മരിച്ചിരുന്നു. കേസ് നടത്തുന്നതിനിടെ അമ്മയും മരണപ്പെടുകയായിരുന്നു.

തന്റെ അമ്മ മകൾക്ക് നീതി കിട്ടുന്നതിന് വേണ്ടി ശക്തമായി പോരാടിയ ഒരു അമ്മയാണെന്നും ആ പോരാട്ടത്തിനിടക്ക് അവർ മരിച്ചു പോയെന്നും സഹോദരൻ പറഞ്ഞു. എന്നാൽ താൻ ആ കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും സഹോദരിക്കും അമ്മക്കും വേണ്ടി ആ പോരാട്ടം താൻ തുടരുമെന്നും സഹോദരൻ കൂട്ടിച്ചേർത്തു.

യെദ്യൂരപ്പക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഞങ്ങൾക്ക് ഒരു മാസം മുഴുവൻ സമയം വേണ്ടി വന്നു. മുൻ മുഖ്യമന്ത്രിയും അതിശക്തനായ രാഷ്ട്രീയക്കാരനും ആയതുകൊണ്ടാണോ നീതി വൈകുന്നത് ? അയാൾക്കും നിയമം ബാധകമല്ലേ? നമ്മൾ എല്ലാവരും ഒരേ ഭരണഘടനയല്ലേ പിന്തുടരുന്നത്? സഹോദരൻ ചോദിച്ചു.

കേസിൽ ഇപ്പോഴുണ്ടായ നടപടിയിൽ തൃപ്തി ഇല്ലെന്നും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം എന്നും നീതി കിട്ടും വരെ പോരാടുമെന്നും സഹോദരൻ വ്യക്തമാക്കി.

Content Highligt: POCSO case against BS Yediyurappa: Minor’s family breaks silence

We use cookies to give you the best possible experience. Learn more