ന്യൂദല്‍ഹി: ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണ കേസുകളില്‍ ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ദല്‍ഹി പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചു. താരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയത് പോലെ തന്നെ ജൂണ്‍ 15നകം തന്നെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ബ്രിജ് ഭൂഷണെതിരെ 25 പേര്‍ മൊഴി നല്‍കിയെന്നും ആരോപണവുമായി ബന്ധപ്പെട്ട് 180 പേരെ ചോദ്യം ചെയ്‌തെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പോക്‌സോ കേസ് പ്രകാരം കേസ് എടുക്കാനാകില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവ് ലൈംഗികാതിക്രമക്കേസ് പിന്‍വലിച്ച് പുതിയ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബ്രിജ് ഭൂഷണെതിരെ പോക്സോ കേസില്‍ ദല്‍ഹി പൊലീസ് റദ്ദാക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പോക്സോ കേസ് റദ്ദാക്കുന്നത് സംബന്ധിച്ച വാദം ജൂലൈ നാലിന് പരിഗണിക്കും.
ബ്രിജ് ഭൂഷണെതിരെ കള്ളക്കേസ് ഫയല്‍ ചെയ്തതായി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവ് സമ്മതിച്ചെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. 2022ലെ അണ്ടര്‍ 17 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രയല്‍ ഫൈനല്‍ തന്റെ മകള്‍ തോറ്റതിനാല്‍ ബ്രിജ് ഭൂഷണോട് ദേഷ്യമുണ്ടായിരുന്നുവെന്ന് പിതാവ് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.