| Thursday, 27th September 2018, 10:31 pm

14 കാരിയെ പീഡിപ്പിച്ച കേസ്; കെ.എം.സി.സി നേതാവിനെയും ഭാര്യയേയും അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ബദിയടുക്കയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിയെ ഫോണില്‍ നീലച്ചിത്രം കാണിച്ച് പീഡിപ്പിച്ച കേസില്‍ പ്രതികളായ കെ.എം.സി.സി നേതാവിനെയും ഭാര്യയെയും പിടികൂടാന്‍ ഒന്നര മാസമായിട്ടും പൊലീസിന് കഴിയാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.

സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിപ്രകാരം ബദിയടുക്ക പൊലീസ് ആഗസ്റ്റ് 14ാം തീയ്യതിയാണ് ദമ്പതികള്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ തുമ്പുണ്ടാക്കാനോ പ്രതിയെ അറസ്റ്റ് ചെയ്യാനോ പൊലീസിന് കഴിഞ്ഞില്ല. ഇതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ സമരത്തിലാണ്.

പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
ഒരാഴ്ചക്കുള്ളില്‍ പ്രതികളെ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ പോലും പൊലീസിന് ഇപ്പോഴും ആവുന്നില്ല എന്നാണ് ഉയരുന്ന ആക്ഷേപം.

ബദിയടുക്ക മരമില്ലിന് സമീപം താമസിച്ചിരുന്ന കേസിലെ പ്രതിയായ സൗറാബി പൊലീസ് കേസെടുത്ത അന്നുമുതല്‍ വീട് പൂട്ടി ഒളിവില്‍ പോയിരുന്നു. ഇവരുടെ ഭര്‍ത്താവ് അബൂബക്കര്‍ ഗള്‍ഫിലാണ്.

പ്രതികളെ സംരക്ഷിക്കാന്‍ എം.എല്‍.എ അടക്കമുള്ള മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ തുടക്കം മുതല്‍ തന്നെ ശ്രമിച്ചിരുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ക്ക് പ്രതികളെ സംരക്ഷിക്കുന്നവരുമായി നല്ല ബന്ധമുണ്ടെന്ന് ഡി.വൈ.എഫ്.ഐയും ആരോപിക്കുന്നു.


Read Also : “എടുത്തോണ്ട് പോടേയ് അവന്റെയൊരു രാജ്യദ്രോഹക്കുറ്റം”; ദിവ്യ സ്പന്ദനയുടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


പീഡനക്കേസില്‍ പൊലീസിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് ആഭ്യന്തര വകുപ്പിനെതിരെ സമരം ചെയ്യാന്‍ കോണ്‍ഗ്രസോ മുസ്ലിം ലീഗോ തയ്യാറാവാത്തത് പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രഞ്ജിത്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു. വിഷയത്തില്‍ ഗൗരവമായ പ്രസ്താവനയോ ഇടപെടലോ സമരമോ ഒന്നും തന്നെ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും അത് ദുരൂഹമാണെന്നും രഞ്ജിത്ത് പറഞ്ഞു.

പ്രതികളെ അറസ്റ്റു ചെയ്യാത്ത പക്ഷം ഒക്ടോബര്‍ മൂന്നു മുതല്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ രാപ്പകല്‍ സമരം നടത്താന്‍ ഡി.വൈ.എഫ്.ഐ തീരുമാനിച്ചിരിക്കുകയാണെന്നും രഞ്ജിത്ത് പറഞ്ഞു.

അതേസമയം പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷന്‍ കുമ്പള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിന് ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടാതെ മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അവസരം നല്‍കുന്നത് ആരുടെ സമ്മര്‍ദ്ദത്തിന് വേണ്ടിയാണെന്നും ഇത്തരത്തിലുള്ള കേസുകള്‍ എഫ്.ഐ.ആര്‍ ഇടുന്നതിന് മുമ്പ് തന്നെ പരാതി ലഭിച്ചാല്‍ വീട്ടിലെത്തി സ്റ്റേഷനിലേക്ക് കൊണ്ട് വന്ന് അറസ്റ്റ് കാണിക്കുന്ന കേരള പൊലീസിന്റെ തന്ത്രവും, മിടുക്കും ഈ കേസില്‍ ഉണ്ടായില്ലെന്നും മഹിള അസോസിയേഷന്‍ ആരോപിച്ചു.

പൊലീസ് പറയുന്ന ന്യായം പ്രതികളായ ഭര്‍ത്താവ് ഗള്‍ഫിലാണ്, ഭാര്യയുടെ സ്ത്രീയെന്ന മാനുഷിക പരിഗണനയെ പറ്റിയുമാണ്. ഇരയായ പെണ്‍കുട്ടിക്കും അവരുടെ കുടുംബത്തിനെക്കാളും പ്രതിയുടെ മാനത്തെ കുറിച്ച് പറയുന്നത് പൊലീസ്, പ്രതികളുടെ ഭാഗത്തില്‍ നിന്നും ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് മുട്ടുമടക്കുകയാണോയെന്നും മഹിള അസോസിയേഷന്‍ പത്രക്കുറിപ്പിലൂടെ ചോദിച്ചു.

അതേസമയം സൗറാബി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടുണ്ടെന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ സൗറാബി ഉടന്‍ കീഴടങ്ങുമെന്നാണ് സൂചന.

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പു തന്നെ സൗറാബി കാസര്‍കോട് ഡി.വൈ.എസ്.പി ഓഫീസിലെത്തി കീഴടങ്ങാന്‍ ആലോചിച്ചിരുന്നു. ഇതിനിടയിലാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നത്.

പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ സൗറാബി കീഴടങ്ങിയില്ലെങ്കില്‍ ഊര്‍ജിതമായ അന്വേഷണത്തിലൂടെ അവരെ കണ്ടെത്താന്‍ ശ്രമിക്കുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

പ്രതിക്ക് വേണ്ടി പലതവണ റെയ്ഡ് നടത്തിയിരുന്നെന്നും പ്രതിയെ പിടികൂടുന്നതിന് പൊലീസില്‍ സമ്മര്‍ദമുണ്ടെന്ന ആരോപണം ശരിയല്ലെന്നും നേരത്തെ ബദിയഡുക്ക എസ്.ഐ മെല്‍വിന്‍ ജോസ് പറഞ്ഞിരുന്നു.

പ്രതിക്ക് സംരക്ഷണം നല്‍കുന്നത് യു.ഡി.എഫാണെന്ന് നേരത്തെ തന്നെ ആരോപിച്ചിരുന്നു. എന്നാല്‍ സി.പി.ഐ.എമ്മും ഭരണപക്ഷവുമാെണ് സംരക്ഷണം നല്‍കുന്നതെന്നും പ്രതിഷേധങ്ങള്‍ പുകമറയാണെന്നുമായിരുന്നു യു.ഡി.എഫിന്റെ ആരോപണം. എന്നാല്‍ പ്രതിയെ സംരക്ഷിക്കുന്നത് സി.പി.ഐ.എം – ലീഗ് നേതാക്കള്‍ ചേര്‍ന്നാണെന്നായിരുന്നു ബി.ജെ.പി കുറ്റപ്പെടുത്തുന്നത്.

We use cookies to give you the best possible experience. Learn more