| Friday, 29th January 2021, 11:37 pm

കൗമാരക്കാരായ പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തില്‍ ആണ്‍കുട്ടിയ്‌ക്കെതിരെ മാത്രം പോക്‌സോ ചുമത്താന്‍ കഴിയില്ല; മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള പ്രണയബന്ധത്തിന്റെ പേരില്‍ ആണ്‍കുട്ടിയ്‌ക്കെതിരെ പോക്‌സോ കേസ് ചുമത്താനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എന്‍. വെങ്കിടേഷ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഭാവി സംരക്ഷിക്കാനെന്ന പേരില്‍ മാതാപിതാക്കള്‍ കുട്ടിയുമായി പ്രണയത്തിലായ കൗമാരക്കാരനായ ആണ്‍കുട്ടിയ്‌ക്കെതിരെ പോക്‌സോ കേസ് ചുമത്തുന്നത് വ്യാപകമാകുന്നുവെന്നും കോടതി പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാരോപിച്ച് 20കാരനെതിരെ പൊലീസ് പോക്‌സോ ചുമത്തിയ കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

‘ജീവശാസ്ത്രപരമായി ഹോര്‍മോണ്‍ വ്യതിയാനങ്ങളും സ്വഭാവത്തിലെ മാറ്റങ്ങളും പ്രകടമാകുന്ന പ്രായമാണ് കൗമാരക്കാരുടേത്. ഈ അവസരത്തില്‍ കൗമാരക്കാര്‍ തമ്മിലുള്ള പ്രണയബന്ധങ്ങളില്‍ സമൂഹത്തിന്റെയും മാതാപിതാക്കളുടെ കാര്യമായ നിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കേണ്ടതാണ്. സ്വന്തമായി തീരുമാനമെടുക്കാന്‍ അവര്‍ പ്രാപ്തരാകുന്നതുവരെ ഈ പിന്തുണ അവര്‍ക്ക് നല്‍കണം, കോടതി നിരീക്ഷിച്ചു.

കേസില്‍ ആണ്‍കുട്ടിയ്ക്ക് അനുകൂലമായിട്ടാണ് പെണ്‍കുട്ടി മൊഴി നല്‍കിയതെന്നും കോടതി വ്യക്തമാക്കി. തന്നെ വീട്ടില്‍ നിന്ന് കൊണ്ടുപോകണമെന്നും വിവാഹം കഴിക്കണമെന്നും പെണ്‍കുട്ടി തന്നെയാണ് ആവശ്യപ്പെട്ടത്. ഇത്തരം സാഹചര്യത്തില്‍ ആണ്‍കുട്ടിയ്‌ക്കെതിരെ കേസെടുക്കാന്‍ എങ്ങനെയാണ് സാധിക്കുകയെന്നും കാലാനുസൃതമായ മാറ്റം പോക്‌സോ കേസുകളിലും വരുത്തേണ്ടതാണെന്നും കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം തടയാനുള്ളതാണ് പോക്‌സോ നിയമം. എന്നാല്‍ ചിലര്‍ അതിനെ തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ദുരുപയോഗം ചെയ്യുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Madras Hc On Adolecent Romantic Relationships

We use cookies to give you the best possible experience. Learn more