ഫുട്‌ബോളില്‍ ഏറെ ആരാധകരുള്ള രണ്ട് സൂപ്പര്‍താരങ്ങളാണ് ലയണല്‍ മെസിയും നെയ്മറും. ഇരുവരും തങ്ങളുടെ രാജ്യങ്ങള്‍ക്കായി പേരും പ്രശസ്തിയും ഉയര്‍ത്തിയവരാണ്. ദേശീയ ടീമുകളില്‍ വ്യത്യസ്ത രാജ്യങ്ങള്‍ക്കായി ബൂട്ടുകെട്ടുന്ന ഇരു താരങ്ങളും ക്ലബ്ബ് തലത്തില്‍ ടീമംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ്. നേരത്തേ ബാഴ്സലോണയില്‍ ഒരുമിച്ച് കളിച്ച മെസിയും നെയ്മറും നിലവില്‍ ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിയിലെ പ്രധാന താരങ്ങളാണ്.
മെസിയും നെയ്മറും തമ്മിലുള്ള വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പി.എസ്.ജിയുടെ മുന്‍ പരിശീലകന്‍ മൗറീഷ്യോ പോച്ചറ്റീനോ. മെസിയോട് താരതമ്യം ചെയ്യുമ്പോള്‍ കുറേക്കൂടി റിസ്‌കിയായി കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് നെയ്മറെന്നാണ് അദ്ദേഹം പറഞ്ഞത്. ഗ്രൗണ്ടിലെത്തിയാല്‍ എല്ലാ മൂലയിലും നെയ്മര്‍ ഒരേ രീതിയിലാണ് കളിക്കുകയെന്നും ഉത്തരവാദിത്തമില്ലാത്ത സ്വഭാവക്കാരനാണ് അദ്ദേഹമെന്നും പോച്ചറ്റീനോ കൂട്ടിച്ചേര്‍ത്തു.
സ്വന്തം പെനാല്‍ട്ടി ഏരിയയില്‍ എതിരാളിയെ ടാക്കിള്‍ ചെയ്യാനോ, മധ്യനിരയില്‍ പോയി പ്രകോപനപരമായി പന്ത് കവര്‍ന്നെടുക്കാനോ നെയ്മര്‍ക്ക് മടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഫുട്ബോളിനെ ലയണല്‍ മെസിയില്‍ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് നെയ്മര്‍ കാണുന്നത്. പന്ത് നഷ്ടപ്പെട്ടാല്‍ അദ്ദേഹത്തിന് യാതൊരു മടിയും തോന്നാറില്ല. അത് നെയ്മറുടെ സ്വഭാവത്തിന്റെ പ്രത്യേകതയാണ്. കൂടുതല്‍ റിസ്‌കുകളെടുത്ത് കളിക്കാന്‍ അയാള്‍ക്ക് മടിയില്ല. ഒപ്പം ആസ്വദിച്ച് കളിക്കാനും ഇഷ്ടപ്പെടുന്നയാളാണ് നെയ്മര്‍, പോച്ചറ്റീനോ വ്യക്തമാക്കി.
ബാഴ്‌സലോണയില്‍ നിന്ന് മെസി പി.എസ്.ജിയിലേക്ക് ചേക്കേറിയപ്പോള്‍ ആദ്യ സീസണില്‍ പോച്ചറ്റീനോയായിരുന്നു ടീമിനെ പരിശീലിപ്പിച്ചത്.
എന്നാല്‍ പ്രതീക്ഷിച്ച നിലവാരത്തിലെത്താന്‍ ടീമിന് സാധിക്കാതെ വരികയും ടീമിന്റെ അഴിച്ചുപണിയുടെ ഭാഗമായി പോച്ചറ്റീനോയെ പി.എസ്.ജിയില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു. പോച്ചറ്റീനോക്ക് കീഴില്‍ 84 മല്‍സരങ്ങളില്‍ കളിച്ച പി.എസ്.ജി 56 കളികളില്‍ വിജയം നേടിയിട്ടുണ്ട്.
Content Highlights: Pochettino praises Lionel Messi over Neymar jr