ചെല്‍സിയിലെത്തുമ്പോള്‍ ലോകകപ്പ് ജേതാക്കളും ക്ലബ്ബിലുണ്ടായിരിക്കണം; ആവശ്യം ഉന്നയിച്ച് പോച്ചെറ്റീനോ
Football
ചെല്‍സിയിലെത്തുമ്പോള്‍ ലോകകപ്പ് ജേതാക്കളും ക്ലബ്ബിലുണ്ടായിരിക്കണം; ആവശ്യം ഉന്നയിച്ച് പോച്ചെറ്റീനോ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th May 2023, 4:12 pm

ചെല്‍സിയുടെ പുതിയ പരിശീലകനായി അര്‍ജെൈന്റെന്‍ കോച്ച് പോച്ചെറ്റീനോ ചുമതലയേല്‍ക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്ലബ്ബിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഗ്രഹാം പോര്‍ട്ടറെ ചെല്‍സി പുറത്താക്കിയിരുന്നു. നിലവില്‍ മുന്‍ പരിശീലകനും ചെല്‍സി ഇതിഹാസവുമായ ഫ്രാങ്ക് ലാംപാര്‍ഡ് ആണ് താരങ്ങളെ പരിശീലിപ്പിക്കുന്നത്.

താത്കാലിക ചുമതലയുള്ള ലാംപാര്‍ഡ് ഈ സീസണിന്റെ അവസാനം വരെ ക്ലബ്ബിലുണ്ടാകുമെന്നും അടുത്ത സീസണിലാണ് പോച്ചെറ്റീനോ അധികാരമേല്‍ക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ചെല്‍സിയുടെ അധികാരമേല്‍ക്കുന്നതോടെ ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ മൂന്ന് താരങ്ങള്‍ ക്ലബ്ബില്‍ ഉണ്ടായിരിക്കണമെന്ന് പോച്ചെറ്റീനോ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

നിലവില്‍ ഇന്റര്‍ മിലാനിനായി ബൂട്ടുകെട്ടുന്ന അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലൗട്ടാരോ മാര്‍ട്ടിനെസ് നാപോളിയുടെ നൈജീരിയന്‍ താരം വിക്ടര്‍ ഒസിമെന്‍, ദേശീയ ടീമില്‍ ലൗട്ടാരയുടെ സരഹതാരവും നിലവില്‍ ബ്രൈട്ടണിനായി കളിക്കുന്ന മാക് അലിസ്റ്റര്‍ എന്നിവരെ ചെല്‍സിയില്‍ എത്തിക്കണമെന്നാണ് പോച്ചെറ്റീനോ ആവശ്യപ്പെട്ടത്. ഡെയ്‌ലി മെയ്ല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇവര്‍ക്ക് പുറമെ ആസ്റ്റണ്‍ വില്ലയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ എമിലിയാനെ മാര്‍ട്ടിനെസിനെ ക്ലബ്ബിലെത്തിക്കുന്നതിന് പോച്ചെറ്റീനോ താത്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണില്‍ ചെല്‍സിയുടെ പരിശീലക സ്ഥാനത്തേക്കെത്തുന്ന പോച്ചെറ്റീനോയുമായി ദീര്‍ഘകാലത്തെ കരാറില്‍ ഒപ്പു വെക്കാനാണ് ചെല്‍സി പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, സ്പാനിഷ് ക്ലബ്ബായ എസ്പാന്യോളിലാണ് പോച്ചെറ്റീനോ പരിശീലകനായി ജോലി ആരംഭിക്കുന്നത്. പിന്നീട് ഇംഗ്ലീഷ് ക്ലബ്ബായ സതാംപ്ടണില്‍ ചുമതലയേറ്റ പോച്ചെറ്റീനോ 2014ല്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിലേക്ക് ചേക്കേുകയായിരുന്നു.

ടോട്ടന്‍ഹാമില്‍ മികച്ച പരിശീലനം നല്‍കിയ പോച്ചെറ്റീനോക്ക് പ്രീമിയര്‍ ലീഗില്‍ ഏറ്റവും മികച്ച ക്ലബ്ബുകളുടെ പട്ടികയിലേക്ക് സ്പഴ്‌സിനെ നയിക്കാനായി. 2019ല്‍ സ്പഴ്‌സില്‍ നിന്ന് വിടവാങ്ങിയ പോച്ചെറ്റീനോ ഒരു വര്‍ഷം പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ പരിശീകലനായും ജോലി ചെയ്തു.

Content Highlights: Pochettino asked Chelsea to bring three argentine players to the club