| Saturday, 29th July 2023, 6:22 pm

എംബാപ്പെക്ക് ഞങ്ങളുടെ സാഹചര്യങ്ങളോട് യോജിക്കാനാകില്ല: ചെല്‍സി പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ക്ലബ്ബുമായുള്ള കരാര്‍ പുതുക്കാന്‍ എംബാപ്പെ തയാറാകാത്തതിനെ തുടര്‍ന്ന് താരത്തെ ഈ സീസണില്‍ വില്‍ക്കാനാണ് പി.എസ്.ജിയുടെ തീരുമാനം.

ഇതിനിടെ എംബാപ്പെ ചെല്‍സിയുമായി സൈനിങ് നടത്തുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചെല്‍സിയുടെ പരിശീലകന്‍ പോച്ചെറ്റീനോ. ക്ലബ്ബില്‍ ഇതുവരെ അത്തരത്തിലൊരു ചര്‍ച്ച നടന്നിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പി.എസ്.ജിയും എംബാപ്പെയും ചേര്‍ന്ന് മികച്ച തീരുമാനമെടുക്കുമെന്ന പ്രതീക്ഷയുണ്ടെന്നും പാരീസ് ക്ലബ്ബും ഫ്രഞ്ച് സൂപ്പര്‍ താരവും തനിക്ക് പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ റിയാലിറ്റിയിലാണ് വര്‍ക്ക് ചെയ്യുന്നത്. ഞങ്ങളുടെ റിയാലിറ്റി കുറച്ച് വ്യത്യസ്തമാണ്. എംബാപ്പെയെ സൈന്‍ ചെയ്യുന്നതിനെ കുറിച്ച് ഞങ്ങള്‍ ആലോചിച്ചിട്ടില്ല. എന്നെ സംബന്ധിച്ച് എനിക്കൊന്നും പറയാനാകില്ല. എനിക്ക് തോന്നുന്നത് രണ്ട് കൂട്ടരും ചേര്‍ന്ന് നല്ലൊരു തീരുമാനത്തില്‍ എത്തുമെന്നാണ്. പി.എസ്.ജി എനിക്കിഷ്ടമുള്ള ക്ലബ്ബാണ്. ഞാന്‍ അവിടെ കളിക്കുകയും പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. എനിക്ക് കിലിയനെയും ഒരുപാട് ഇഷ്ടമാണ്,’ പോച്ചെറ്റീനോ പറഞ്ഞു.

എംബാപ്പെയുടെ ട്രാന്‍സ്ഫറാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാ വിഷയം. താരത്തെ ടീമിലെത്തിക്കാന്‍ ഒരുപാട് ടീമുകള്‍ ശ്രമിക്കുന്നുണ്ട്. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡാണ് ഇക്കൂട്ടത്തില്‍ പ്രധാനി. സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ റെക്കോഡ് തുകയുമായി പി.എസ്.ജിയെ സമീപിച്ചു എന്നായിരുന്നു ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട്.

എംബാപ്പെ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഈ ഡീലിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ് പി.എസ്.ജി. അല്‍ ഹിലാലിനോട് എംബാപ്പെയുമായി നേരിട്ട് സംസാരിക്കാന്‍ പി.എസ്.ജി അനുമതി നല്‍കിയിട്ടുണ്ട്. പ്രമുഖ മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

നിലവില്‍ അടുത്ത സമ്മര്‍ വരെയാണ് എംബാപ്പെയുടെ പി.എസ്.ജിയിലെ കോണ്‍ട്രാക്റ്റ്. അത് കഴിഞ്ഞാല്‍ താരം ഫ്രീ ഏജന്റാകും. 259 മില്യണ്‍ യൂറോയാണ് അദ്ദേഹത്തിന് അല്‍ ഹിലാല്‍ നല്‍കുന്നു ഓഫര്‍.

പി.എസ്.ജിയുടെ ഈ നീക്കം താരത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന മറ്റ് ക്ലബ്ബുകള്‍ക്ക് ആശ്വാസമാണ് നല്‍ക്കുന്നത്. പ്രത്യേകിച്ച് റയലിന്. ഫ്രഞ്ച് ക്ലബ്ബുമായി അടുത്ത് നില്‍ക്കുന്ന സോഴ്‌സുകളുടെ റിപ്പോര്‍ട്ട് പ്രകാരം ടോട്ടന്‍ഹാം, ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ക്ലബ്ബുകളും എംബാപ്പെയെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്.

Content Highlights: Pochettino about Kylian Mbappe’s signing

Latest Stories

We use cookies to give you the best possible experience. Learn more