| Tuesday, 2nd August 2022, 2:54 pm

ടീമിലെ ഏറ്റവും മികച്ച താരമാണ്, പക്ഷെ അതിനായി അവന്‍ ഒന്നും ചെയ്തില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്: പൊച്ചെറ്റീനൊ

സ്പോര്‍ട്സ് ഡെസ്‌ക്

എല്ലാ വര്‍ഷവും ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിട്ട് മികച്ച ടീമുമായി ഇറങ്ങുന്നവരാണ് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി. എന്നാല്‍ ഇതുവരെ അവര്‍ക്കത് നേടാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ ലയണല്‍ മെസി, കിലിയന്‍ എംബാപെ, നെയ്മര്‍ ജൂനിയര്‍, എയ്ഞ്ചല്‍ ഡി മരിയ എന്നീ വമ്പന്‍ താരനിരയുണ്ടായിട്ടും പി.എസ്.ജിക്ക് ചാമ്പ്യന്‍സ് ലീഗില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

മെസിയും, നെയ്മറും ശരാശരിയിലും താഴെ നില്‍ക്കുന്ന പ്രകടനമായിരുന്നു കഴിഞ്ഞ സീസണില്‍ കാഴ്ചവെച്ചത്. ഈ കാരണങ്ങളെല്ലാം മുന്നില്‍ നിര്‍ത്തി ടീമിന്റെ കോച്ചായിരുന്ന പൊച്ചെറ്റീനോയെ ആ സ്ഥാനത്ത് നിന്നും പി.എസ്.ജി നീക്കം ചെയ്തിരുന്നു.

അദ്ദേഹത്തെ ടീമില്‍ നിന്നും മാറ്റാന്‍ സൂപ്പര്‍താരം എംബാപെയാണ് മുന്നില്‍ നിന്നത് എന്ന അഭ്യൂഹങ്ങള്‍ ആ സമയത്ത് പരന്നിരുന്നു. ഈ സീസണില്‍ റയല്‍ മാഡ്രിഡില്‍ ചേക്കേറാന്‍ നിന്ന എംബാപയെ ടീമില്‍ നിര്‍ത്താന്‍ മാനേജ്‌മെന്റില്‍ ഒരു സ്ഥാനം പി.എസ്.ജി നല്‍കിയിരുന്നു. എന്നാല്‍ പി.എസ്.ജിയില്‍ നിന്നും പൊച്ചെറ്റീനോയെ പുറത്താക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.

ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പൊച്ചെറ്റീനോ തന്നെ.ഇതിന് പിന്നില്‍ എംബാപെയാണെന്ന് താന്‍ കരുതുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ടീമിന്റെ പ്രസിഡന്റുള്‍പ്പടെയുള്ള അധികാരികളാണ് ഇക്കാര്യം തീരുമാനിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

‘എംബാപയെ നിലനിര്‍ത്താന്‍ വേണ്ടി പി.എസ്.ജി. സാധ്യമായതെല്ലാം ചെയ്തിരുന്നു. അതെല്ലാം ഞാന്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് അദ്ദേഹം അക്കാരണംകൊണ്ട് അയാളുടെ ആവശ്യങ്ങളെല്ലാം പി.എസ്.ജി അംഗീകരിച്ചതില്‍ തെറ്റൊന്നുമില്ല.

എംബാപെയാണ് പുതിയ പ്രൊജക്റ്റിന് പിന്നിലെന്ന് ഞാന്‍ കരുതുന്നില്ല. പ്രസിഡന്റ് ഉള്‍പ്പടെയുള്ള അധികാരികളാണ് പുതിയ പരീശീലകന്‍ വേണമെന്നാവശ്യപ്പെട്ടത്,’ പൊച്ചെറ്റീനോ പറഞ്ഞു.

നിലവില്‍ ഫ്രീ ഏജന്റായ പൊച്ചെറ്റീനോ അടുത്ത സീസണില്‍ പുതിയ ക്ലബ്ബില്‍ പരീശീലകനായിട്ടെത്തുമോ എന്നുള്ളത് വ്യക്തമല്ല.

Content Highlights: Pochetino Says Mbape is not reason for his exile from PSG

We use cookies to give you the best possible experience. Learn more