ലയണല്‍ മെസിയും നെയ്മറും തമ്മിലുള്ള വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ചെല്‍സി പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റീനോ. മെസിയോട് താരതമ്യം ചെയ്യുമ്പോള്‍ കുറേക്കൂടി റിസ്‌കിയായി കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് നെയ്മറെന്നാണ് അദ്ദേഹം പറഞ്ഞത്.
ഗ്രൗണ്ടിലെത്തിയാല്‍ എല്ലാ മൂലയിലും നെയ്മര്‍ ഒരേ രീതിയിലാണ് കളിക്കുകയെന്നും ഉത്തരവാദിത്തമില്ലാത്ത സ്വഭാവക്കാരനാണ് നെയ്മറെന്നും പോച്ചറ്റീനോ കൂട്ടിച്ചേര്‍ത്തു.
സ്വന്തം പെനാല്‍റ്റി ഏരിയയില്‍ എതിരാളിയെ ടാക്കിള്‍ ചെയ്യാനോ, മധ്യനിരയില്‍ വരെ പോയി പ്രകോപനപരമായി പന്ത് കവര്‍ന്നെടുക്കാനോ നെയ്മര്‍ക്ക് മടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫുട്ബോളിനെ ലയണല്‍ മെസിയില്‍ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് നെയ്മര്‍ കാണുന്നത്. സ്വന്തം പക്കല്‍ നിന്നും ബോള്‍ നഷ്ടപ്പെടുകയാണെങ്കില്‍ അതില്‍ അദ്ദേഹം ലജ്ജിക്കാറില്ല.
അതു നെയ്മറുടെ സ്വഭാവത്തിന്റെ പ്രത്യേകതയാണ്. കൂടുതല്‍ റിസ്‌കുകളെടുത്ത് കളിക്കാന്‍ അയാള്‍ക്ക് മടിയില്ല. ഒപ്പം ആസ്വദിച്ച് കളിക്കാനും ഇഷ്ടപ്പെടുന്നയാളാണ് നെയ്മര്‍,’ പോച്ചറ്റീനോ വ്യക്തമാക്കി.
ബാഴ്‌സലോണയില്‍ നിന്ന് മെസി പി.എസ്.ജിയിലേക്ക് ചേക്കേറിയപ്പോള്‍ ആദ്യ സീസണില്‍ പോച്ചെറ്റീനോയായിരുന്നു ടീമിനെ പരിശീലിപ്പിച്ചത്.
എന്നാല്‍ പ്രതീക്ഷിച്ച നിലവാരത്തിലെത്താന്‍ ടീമിന് സാധിക്കാതെ വരികയും ടീമിന്റെ അഴിച്ചുപണിയുടെ ഭാഗമായി പോച്ചെറ്റീനോയെ പി.എസ്.ജിയില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു. പോച്ചറ്റീനോക്ക് കീഴില്‍ 84 മല്‍സരങ്ങളില്‍ കളിച്ച പി.എസ്.ജി 56 കളികളില്‍ വിജയം നേടിയിട്ടുണ്ട്.
അമേരിക്കന്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മയാമിയിലെത്തിയ ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ്വില്ലിനെ തകര്‍ത്ത് ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്‍ത്തിയത്. ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം കളിച്ച ഏഴ് മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത് ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.
ഏഴ് മത്സരങ്ങളില്‍ നിന്ന് 10 ഗോളും ഒരു അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം. ലീഗ്സ് കപ്പില്‍ മയാമിക്കായി കപ്പുയര്‍ത്തിയതോടെ മറ്റൊരു റെക്കോഡ് കൂടി മെസിയെ തേടിയെത്തിയിരുന്നു. ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോഡാണ് മെസി സ്വന്തമാക്കിയത്. ഇതോടെ 44 ടൈറ്റിലുകളാണ് മെസിയുടെ പേരിലുള്ളത്.
അതേസമയം, പി.എസ്.ജിയില്‍ നിന്നുള്ള നെയ്മറിന്റെ ട്രാന്‍സ്ഫര്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു. കഴിഞ്ഞ ദിവസമാണ് താരത്തെ അല്‍ ഹിലാല്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകീട്ട് 7.15ന് നടന്ന വര്‍ണാഭമായ ചടങ്ങിലാണ് നെയ്മറെ അല്‍ ഹിലാല്‍ അവതരിപ്പിച്ചത്. ഓഗസ്റ്റ് 28ന് അല്‍ ഇത്തിഫാഖിനെതിരായ മത്സരത്തില്‍ നെയ്മര്‍ അല്‍ ഹിലാല്‍ അരങ്ങേറ്റം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Pochetino about Lionel Messi and Neymar Junior