| Friday, 28th September 2012, 8:58 pm

നെല്ലിയാമ്പതിയില്‍ പോബ്‌സ് ആയിരം ഏക്കര്‍ വനഭൂമി കയ്യേറി; പൂഴ്ത്തിയ റിപ്പോര്‍ട്ട് ഡൂള്‍ ന്യൂസില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരീഷ് വാസുദേവന്‍
നെല്ലിയാമ്പതിയില്‍ പോബ്‌സണ്‍ എന്ന സ്വകാര്യ കമ്പനി അനധികൃതമായി ആയിരം ഏക്കര്‍ വനഭൂമി കൈവശം വെക്കുന്നതായി രേഖകള്‍. കരുണ പ്ലാന്റെഷന്‍ എന്ന പേരില്‍ പോബ്‌സന്റെ കൈവശമുള്ളത് വനഭൂമിയാണെന്നും ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ തോറ്റതും കേസ് നടത്തിപ്പിലെ വീഴ്ചയുമാണ് വനഭൂമി പോബ്‌സണ് ലഭിക്കാന്‍ കാരണമെന്നും സര്‍ക്കാര്‍ രേഖകള്‍ തെളിയിക്കുന്നു. []

ഇതിന്മേല്‍ പ്രത്യേകാന്വേഷണം നടത്താനും വനഭൂമി തിരിച്ചുപിടിക്കാനും ആവശ്യപ്പെട്ടു വനംവകുപ്പിലെ അടീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വനം സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി. 2011 ആഗസ്റ്റ് മാസത്തില്‍ സര്‍ക്കാരിനയച്ച റിപ്പോര്‍ട്ടില്‍ നാളിതുവരെ തുടര്‍നടപടി എടുത്തിട്ടില്ല. റിപ്പോര്‍ട്ട് ഡൂള്‍ന്യൂസ്.കോം പുറത്തു വിടുന്നു.

കരുണ പ്ലാന്റേഷന്‍ കൈവശം വെക്കുന്ന ഭൂമി സംബന്ധിച്ച് പതിറ്റാണ്ടുകളായി സര്‍ക്കാരുമായി കേസ് ഉണ്ടായിരുന്നതും ആ കേസില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ തോറ്റതുമാണ്. കേസില്‍ റിവ്യൂ ഹരജി കൊടുക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ചെയ്യണമെന്നും ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് തീരുമാനത്തില്‍ എത്താന്‍ വിശദമായ ഒരു അന്വേഷണം നടത്തണമെന്നും  ആവശ്യപ്പെട്ട് 2011 മാര്‍ച്ച് മാസത്തില്‍ നെന്മാറ ഡി.എഫ്.ഒ സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ തുടര്‍നടപടിയോ അന്വേഷണമോ ഇല്ലാതിരുന്നത് മൂലം ബന്ധപ്പെട്ട രേഖകള്‍ പഠിച്ചു അന്നത്തെ ഡി.എഫ്.ഒ ധനേഷ് കുമാര്‍ തന്നെ 2011 ജൂലൈ മാസം സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഈ റിപ്പോര്‍ട്ടില്‍ ആണ് കരുണ പ്ലാന്റേഷന്റെ കൈവശമുള്ള വനഭൂമി സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ അറിയുന്നത്. വെങ്ങിനാട് കോവിലകം പാട്ടത്തിനു നല്‍കിയ ഭൂമിയാണ് എന്ന പേരില്‍, മുതലമട വില്ലേജില്‍ ഭൂമി കൈവശം വെക്കാനുള്ള രേഖ ഉപയോഗിച്ച്, പയ്യല്ലൂര്‍ വില്ലേജിലെ വനഭൂമിയാണ് പോബ്‌സിന്റെ കൈവശം ഇരിക്കുന്നത് എന്ന ഡി.എഫ്.ഒ യുടെ പുതിയ കണ്ടെത്തല്‍ തോറ്റ കേസില്‍ പുനരന്വേഷണ ഹരജി നല്‍കാന്‍ മതിയായ കാരണമാണ്.

വനഭൂമിയുടെ പോക്കുവരവ് നടന്നിട്ടുണ്ടെങ്കില്‍ റദ്ദാക്കാനും അതിന്മേല്‍ അന്വേഷണം നടത്താനും അന്ന് തന്നെ സര്‍ക്കാരിന് നിയമോപദേശവും ലഭിച്ചിട്ടുണ്ട്.  ഡി.എഫ്.ഒ യുടെ റിപ്പോര്‍ട്ട് ശരിവെച്ചുകൊണ്ട് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ 2011 ആഗസ്റ്റ് മാസം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കേസുകള്‍ തോറ്റത് കേസ് നടത്തിപ്പിലെ വീഴ്ച മൂലമാണെന്നും ഡി.എഫ്.ഒ യുടെ റിപ്പോര്‍ട്ട് ശരിവെച്ചുകൊണ്ട് അടീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ 2011 ആഗസ്റ്റ് മാസം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

കേസുകള്‍ തോറ്റത് കേസ് നടത്തിപ്പിലെ വീഴ്ച മൂലമാണെന്നും വനഭൂമി കൈവശം വെക്കാന്‍ യാതൊരു രേഖയും പോബ്‌സിന്റെ കയ്യിലില്ലെന്നും ചില കയ്യേറ്റക്കാര്‍ക്ക് വനഭൂമി കൈവശം വെക്കാന്‍ വേണ്ടി വ്യാജരേഖകള്‍ നിര്‍മ്മിച്ച് കേസുകളില്‍ ഹാജരാക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ വകുപ്പുകളുടെ കയ്യിലുള്ള ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കണമെന്നും വനഭൂമി വന്‍തോതില്‍ അന്യാധീനപ്പെടുത്തിയ ഈ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി അടിയന്തിര നടപടികള്‍ കൈക്കൊള്ളണം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ നാളിതുവരെയായി തുടര്‍നടപടികള്‍ എടുത്തിട്ടില്ല. ആയിരം കോടിയിലധികം രൂപ മാര്‍ക്കറ്റ് വിലയുള്ള ഭൂമിയാണ് സര്‍ക്കാരിന്റെ അനാസ്ഥ മൂലം പോബ്‌സ് അനധികൃതമായി  കൈവശം വെച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more