|

'മെസി ഗോള്‍ നേടാന്‍ സഹായിക്കും'; ഇതിഹാസത്തോടൊപ്പം എം.എല്‍.എസ് കളിക്കണമെന്ന് പെറു താരം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം കളിക്കുകയെന്നത് തന്റെ സ്വപ്‌നമാണെന്ന് പെറുവ്യന്‍ സ്‌ട്രൈക്കര്‍ പൗലോ ഗ്വറേറോ. അര്‍ജന്റീനയിലെ റെയ്‌സിങ് ക്ലബ്ബ് വിട്ട് ഫ്രീ ഏജന്റായ ഗരീറോ തനിക്ക് മെസിക്കൊപ്പം എം.എല്‍.എസ് കളിക്കണമെന്നുണ്ടെന്നും പറഞ്ഞു. ഇന്‍ഫോബേക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘എനിക്ക് മെസിക്കൊപ്പം കളിക്കാന്‍ ഇഷ്ടമാണ്. അദ്ദേഹം എല്ലാം എളുപ്പമാക്കും. കളിക്കാരെ സഹായിക്കുകയും ഗോള്‍ പാസ് നല്‍കുകയുമെല്ലാം ചെയ്യും. മെസിക്കൊപ്പം എം.എല്‍.എസ് കളിക്കണമെന്നാണ് എന്റെ ആഗ്രഹം,’ ഗരീറോ പറഞ്ഞു.

ഈ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ മെസി അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ഇടവേളയെടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.

1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.

ജൂലൈ 16ന് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് പദ്ധതിയിടുന്നത്. അതിനാല്‍ വലിയ രീതിയില്‍ ഇതിഹാസത്തെ അവതരിപ്പിക്കാനാണ് ഇന്റര്‍ മിയാമിയുടെ തീരുമാനം.

Content Highlights: Poalo Guerrero wants to play with Lionel Messi