നീരവ് മോദിയുടെ സഹോദരന്‍ നെഹല്‍ മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍
Daily News
നീരവ് മോദിയുടെ സഹോദരന്‍ നെഹല്‍ മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th September 2019, 12:10 pm

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍ നിന്നും നാടുവിട്ട വിവാദ വ്യവസായി നീരവ് മോദിയുടെ സഹോദരന്‍ നെഹല്‍ മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍.

വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് നെഹല്‍ മോദിക്കെതിരെയും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട നെഹല്‍ നീരവ് മോദിയെ സഹായിക്കുന്നുണ്ടെന്നും നെഹലിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പണമിടപാടുകള്‍ മറച്ചുവെക്കാനും തെളിവുകള്‍ നശിപ്പിക്കാനും നീരവ് മോദിയെ സഹായിച്ചത് നെഹല്‍ ആണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് കണ്ടെത്തിയിട്ടുണ്ട്.

നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,600 കോടി രൂപ വായ്പയെടുത്ത് അഴിമതി നടത്തിയ ശേഷം നെഹല്‍ മോദി ദുബായിലെയും ഹോങ്കോങ്ങിലെയും എല്ലാ ഡമ്മി ഡയറക്ടര്‍മാരുടെയും സെല്‍ ഫോണുകള്‍ നശിപ്പിക്കുകയും കെയ്റോയിലേക്ക് മാറാനായി അവര്‍ക്ക് വിമാനടിക്കറ്റുകള്‍ എടുത്തുകൊടുത്തതായും ഇ.ഡി കണ്ടെത്തിയിരുന്നു.

നീരവ് മോദിക്കും സഹോദരന്‍ നെഹലിനും എതിരെ നേരത്തെ തന്നെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ബെല്‍ജിയന്‍ പൗരനായ നെഹല്‍ ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഇപ്പോള്‍ ഉള്ളതെന്നാണ് അറിയുന്നത്.

നിലവില്‍ അടച്ചുപൂട്ടിയ ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സ് യു.എസ്.എയുടെ ഡയറക്ടറായിരുന്നു ഇയാളെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ലഭിച്ച പണം ഷെല്‍ കമ്പനികളിലേക്ക് മാറ്റിയ ശേഷം നീരവ് മോദിക്ക് സാമ്പത്തിക സഹായം നല്‍കാനും റിയല്‍ എസ്റ്റേറ്റ് ഷെയറുകള്‍ വാങ്ങാനും ഇയാള്‍ ഇറ്റാക്ക ട്രസ്റ്റുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഇന്റര്‍പോള്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം നീരവ് മോദിയുടെ റിമാന്‍ഡ് ബ്രിട്ടിഷ് കോടതി സെപ്റ്റംബര്‍ 19 വരെ നീട്ടിയിട്ടുണ്ട്. ലണ്ടനിലെ വാന്‍ഡ്‌സ്വര്‍ത് ജയിലില്‍ നിന്ന് വീഡിയോ മുഖേനയാണ് നീരവ് മോദി കോടതി നടപടികളില്‍ പങ്കെടുത്തത്.

വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ജഡ്ജി ടാന്‍ ഇക്രമാണ് വാദം കേട്ടത്. നീരവ് മോദിയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട വിചാരണ 2020 മേയ് 11ന് ആരംഭിക്കുമെന്നാണ് സൂചന.

വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതിയിലെ ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആര്‍ബത്ത്‌നോട് മുന്‍പാകെ നീരവ് ജാമ്യം നേടാന്‍ മുന്‍പും ശ്രമിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് 19 നാണ് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് മോദിയെ അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ അദ്ദേഹം ജയിലിലാണ്.