കോടികളുടെ വജ്രതട്ടിപ്പ്; നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദിക്കെതിരെ വീണ്ടും കേസ്
World News
കോടികളുടെ വജ്രതട്ടിപ്പ്; നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദിക്കെതിരെ വീണ്ടും കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th December 2020, 4:55 pm

ന്യൂയോർക്ക്: വിവാദ വ്യവസായി നീരവ് മോദിയുടെ അനുജൻ നിഹാൽ മോദിക്കെതിരെ കേസെടുത്ത് ന്യൂയോർക്ക് സുപ്രീം കോടതി. 2.6 മില്ല്യൺ യു.എസ് ഡോളറിന്റെ ഡയമണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നിഹാലിനെതിരെ സുപ്രീം കോടതി കേസെടുത്തത്.

മാൻഹട്ടനിൽ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡയമണ്ട് വ്യാപാര കമ്പനിയെ പറ്റിച്ച് അനധികൃതമായ രീതിയിൽ നിഹാൽ ഡയമണ്ട് സമ്പാദിച്ചു എന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്.

2015 മാർച്ചിനും ആ​ഗസ്തിനുമിടയിൽ നോബിൾ ടൈറ്റാൻ ഹോൾഡിങ്ങ് അം​ഗം കൂടിയായ നിഹാൽ മോദി വ്യാജ റപ്രസന്റേറ്റീവ്സിനെ ഉപയോ​ഗിച്ച് 2.6 മില്ല്യൺ യു.എസ് ഡോളർ മൂല്യമുള്ള ഡയമണ്ട് സ്വന്തം ആവശ്യത്തിനായി എൽ.എൽ.ഡി ഡയമണ്ട് കമ്പനിയിൽ നിന്ന് വാങ്ങിച്ചു എന്നതാണ് കേസ്.

തനിക്ക് കോസ്റ്റ്കോ ഹോൾസെയിൽ കോർപ്പറേഷനുമായി ബിസിനസ് ഡീലുണ്ടെന്ന് പറഞ്ഞാണ് 2015 മാർച്ചിൽ നിഹാൽ മോദി എൽ.എൽ.ഡിയെ സമീപിക്കുന്നത്.

800,000 യു.എസ് ഡോളൽ മൂല്യം വരുന്ന വജ്രങ്ങൾ കോസ്റ്റ്കോയ്ക്ക് വിൽക്കാൻ വേണമെന്നാണ് നിഹാൽ എൽ.എൽ.ഡിയോട് ആവശ്യപ്പെട്ടത്.
കോസ്റ്റ്കോയുമായുള്ള ബിസിനസ് ഡീൽ ഉറച്ചുവെന്ന് പറഞ്ഞ് എൽ.എൽ.ഡിയിൽ നിന്ന് വജ്രം വാങ്ങിയ നിഹാൽ കോസ്റ്റ്കോ ഡയമണ്ട് വാങ്ങിയെന്ന് പറഞ്ഞ് എൽ.എൽ.ഡിയെ തെറ്റിധരിപ്പിക്കുകയായിരുന്നു.

ബിസിനസ് ഡീൽ ഉറപ്പായെന്ന് വിശ്വസിച്ച എൽ.എൽ.ഡി ഡയമണ്ട് ​കടമായി വാങ്ങാൻ നിഹാൽ മോദിയ്ക്ക് അനുമതിയും നൽകി. 90 ദിവസത്തിനകം മുഴുവൻ തുകയും നൽകാമെന്ന് പറഞ്ഞ് ഡയമണ്ട് നിഹാൽ മോദി പണയം വെക്കുകയായിരുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നു.

എൽ.എൽ.ഡിക്ക് തവണകളായി തുകയുടെ ഭാ​ഗങ്ങൾ തിരിച്ചു നൽകിയെങ്കിലും സ്വന്തം ആവശ്യത്തിന് കമ്പനിയെ തെറ്റിധരിപ്പിച്ച് ഡയമണ്ട് സ്വന്തമാക്കുകയായിരുന്നു. തുക തിരികെ നൽകാൻ വൈകിയത് കോസ്റ്റ്കോയുടെ പ്രശ്നമായാണ് നിഹാൽ എൽ.എൽ.ഡിയിക്ക് മുൻപിൽ അവതരിപ്പിച്ചത്. ഡയമണ്ട് വിൽക്കാനുള്ള ലൈസൻസില്ലാത്ത നിഹാൽ മോദി കമ്പനിയെ തെറ്റിധരിപ്പിച്ച് ഡയമണ്ട് വിറ്റുവെന്നതിനും കേസുണ്ട്.
ഇന്ത്യയിൽ 13,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ നീരവ് മോദിക്കൊപ്പം നിഹാൽ മോദിയുടെ പേരിലും കുറ്റം ചുമത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PNB scam accused Nirav Modi’s brother Nehal charged in $2.6 million fraud in New York