മരണം കൊണ്ടുവരുന്ന എല്ലാ വാഴ്ത്തുകള്‍ക്കപ്പുറവും ‘റഫായിരുന്നു, ടഫായിരുന്നു’ എന്ന അടക്കം പറച്ചില്‍ ഉണ്ട്. അതെ. നവോത്ഥാനത്തിന്റെ പരുപരുത്ത മുഖമായിരുന്നു ഗൗരിയമ്മ. പ്രകാശം കൊണ്ടല്ല, ഇരുളു കൊണ്ടാണ് ചിത്രം വരയ്‌ക്കേണ്ടത് എന്ന് തിരിച്ചറിഞ്ഞ കേരളത്തിലെ ആദ്യ ചിത്രകാരി അവരായിരുന്നു.
കയറു പിരിക്കുന്ന പെണ്ണുങ്ങളുടെ ജീവിതം പിരിമുറുകി പൊട്ടാനായുന്ന ഒരു കയറാണെന്നും അതിനു മേല്‍ മൂന്നു ചക്രത്തിന്റെ കൂലി കൊണ്ട് ചാര്‍ത്തുന്ന മേലൊപ്പ് അശ്ലീലമാണെന്നും അവര്‍ തിരു-കൊച്ചി നിയമസഭയില്‍ പൊതുബോധത്തെ മറച്ചിട്ടു. 1957 ല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ പോയത് ഒന്നാം കേരള നിയമസഭയിലേയ്ക്കായിരുന്നില്ല. വൈലോപ്പിള്ളിയുടെ കവിതയിലേയ്ക്കായിരുന്നു.
കുടിയൊഴിക്കല്‍ എന്ന എക്കാലത്തേയും മഹത്തായ കവിതയില്‍ കയറി നിന്ന് ‘നിന്‍ കുടിയൊഴിഞ്ഞീടണമീ ഞാന്‍/നിന്‍ കുടിയൊഴിപ്പിക്കുമല്ലെങ്കില്‍’ എന്ന വരികള്‍ എന്നന്നേയ്ക്കുമായി വെട്ടിമാറ്റി. ഭാവിയിലെ ഒരു കവിയ്ക്കും അത്തരം വരികള്‍ എഴുതാന്‍ കഴിയാത്ത വിധം. റവന്യൂമന്ത്രി എന്നാല്‍ ഭൂപടം മാറ്റിവരയ്ക്കുന്ന ആളുടെ പേരാണ് എന്ന് തെളിയിക്കും വിധം അവര്‍ കേരളത്തിന്റെ ഭൂപടം ജന്മിത്വത്തില്‍ നിന്ന് പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് വിട്ടുകൊടുത്തു. ആറടി മണ്ണിന്റെ വിനയം പോലെത്തന്നെയാണ് പത്തു സെന്റിന്റെ ഉടമസ്ഥത എന്ന് ടോള്‍സ് റ്റോയ്ക്ക് മറുകുറിപ്പെഴുതി തോല്‍വി ഉണ്ടായിരുന്നു. അകത്തും പുറത്തും.
അവര്‍ തുടങ്ങിയത് തിരുവിതാംകൂറിലേയും കൊച്ചിയിലേയും ഹിന്ദുരാജ്യങ്ങളുടെ അവശിഷ്ടങ്ങളോട് മല്ലിട്ടാണ്. ആ ഹിന്ദുരാജ്യങ്ങളുടെ ശിഷ്ടബോധങ്ങളായ ജാതി മേല്‍ക്കോയ്മയോടും ജന്മിത്വത്തോടും പൊരുതിയാണ്. നവോത്ഥാനത്തിന്റേയും കമ്യൂണിസത്തിന്റേയും മൂല്യങ്ങളെ അവര്‍ സ്വജീവിതത്തില്‍ കൂട്ടിയിണക്കി. അവര്‍ തോറ്റതോ ഒരു പക്ഷേ ഹിന്ദുരാജ്യത്തിന്റെ തന്നെ മറ്റൊരു ശിഷ്ടബോധം എന്ന് വിളിക്കാവുന്ന പുരുഷാധിപത്യത്തിന്റെ വന്‍മതിലില്‍ ചെന്നിടിച്ചും.
സ്റ്റാലിന്‍ മുതല്‍ പിന്തുടര്‍ന്നു വരുന്ന കമ്യൂണിസത്തിലെ പുരുഷാധിപത്യ ഇരുമ്പു മാതൃക, പുരുഷാധിപത്യത്തിന്റെ കേരള മാതൃകയുമായി ഒരു ഉടമ്പടിയിലെത്തിയിരുന്നു, കേരളത്തിന്റെ കമ്യൂണിസ്റ്റ് രൂപമാതൃകകളിലും. വീട്ടില്‍ അത് പ്രതിഫലിച്ചപ്പോള്‍ അവര്‍ സ്വന്തം അഭിപ്രായം ഉയര്‍ത്തിപ്പിടിച്ചു.
ഭര്‍ത്താവിന്റെ അഭിപ്രായം പിന്തുടരുന്ന ഭാര്യയല്ല കുടുംബത്തിന്റെ അടിവര എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്ന കേരളത്തിലെ ആദ്യ ‘കുടുംബിനി ‘യായി. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അത് വിളിച്ചുപറയും മുമ്പ് അവര്‍ വീണു. അവസാന തീരുമാനം എന്നത്തേയും പോലെ പുരുഷാധിപത്യം പ്രഖ്യാപിച്ചു. അതിനാല്‍ റോസാ ലക്‌സംബര്‍ഗുമാരും ഗൗരിയമ്മമാരും ഇപ്പോഴും പാഠപുസ്തകങ്ങള്‍ ആയിത്തന്നെ തുടരുന്നു. കയറ്റം കിട്ടാത്ത പാഠപുസ്തകങ്ങള്‍.
102 വയസ്സില്‍ ഒരാള്‍ പിരിയുന്നത്, ദു:ഖം വിടര്‍ത്തുക അപൂര്‍വ്വമാണ്. വ്യാധികളില്‍ നിന്നും ആധികളില്‍ നിന്നും മോചിതരായല്ലോ എന്ന സന്തോഷം ഉണ്ടാകേണ്ടതുമാണ്. പക്ഷെ, അവരുണ്ടാക്കിയ കേരളത്തിലാണ് ഞങ്ങളെല്ലാം ജീവിച്ചിരിക്കുന്നതും ചിന്തിക്കുന്നതും നല്ലതും ചീത്തയും ചെയ്യുന്നതും കവിത എഴുതുന്നതും എന്നാലോചിക്കുമ്പോള്‍ സങ്കടം വന്ന് തൊടുന്നു. ഇന്നലെ അമ്മദിനത്തില്‍ പല അമ്മമാരും വന്നു പോയി. അമ്മമാരുടെ ഉത്സവം കഴിഞ്ഞ അന്ന് കേരളത്തിന്റെ അമ്മ പോയി. സലാം
(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PN GopiKrishnan writes about KR Gouri Amma