| Monday, 5th February 2024, 1:03 pm

'പതഞ്ജലിക്കെതിരെ നടപടി സ്വീകരിക്കണം'; ഒടുവിൽ പ്രധാനമന്ത്രി ഓഫീസിൽ നിന്ന് നിർദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: തുടർച്ചയായി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നതിന് ബാബാ രാംദേവിന്റെ പതഞ്ജലിക്കെതിരെയുള്ള പരാതിയിൽ നടപടിയെടുക്കാൻ ആയുഷ് മന്ത്രാലയത്തിന് നിർദേശം നൽകി പ്രധാനമന്ത്രിയുടെ ഓഫീസ്.

2022 ഫെബ്രുവരി മുതൽ യാതൊരു നടപടിയും സ്വീകരിക്കാതെ വൈകിപ്പിക്കുന്ന കേസിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ജനുവരി 24നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആയുഷ് മന്ത്രാലയത്തോട് ആവശ്യപ്പെടുന്നത്.

തുടർന്ന് മന്ത്രാലയം ഉത്തരാഖണ്ഡ് ആയുഷ് വകുപ്പിന് നിർദേശം കൈമാറി. പ്രമേഹം, അമിതവണ്ണം, തൈറോയിഡ്, ഹൃദയ രോഗങ്ങൾ എന്നിവക്കുള്ള മരുന്നുകളെക്കുറിച്ച് പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ സൃഷ്ടിക്കുന്നുവെന്ന് നിരവധി വിവരാവകാശ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും ആയുഷ് മന്ത്രാലയമോ ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റിയോ നടപടികൾ സ്വീകരിച്ചിരുന്നില്ല.

വിവരാവകാശ പ്രവർത്തകനായ ഡോ. കെ.വി. ബാബുവിന്റെ പരാതിയിലാണ് നടപടി. 2022 ഫെബ്രുവരിയിൽ താൻ ഡ്രഗ്സ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യയിലും കേന്ദ്ര ആയുഷ് മന്ത്രാലയത്തിലും ഉത്തരാഖണ്ഡ് ആയുഷ് വകുപ്പിലും നൽകിയ പരാതിയിൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ബാബു പറയുന്നു.

കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാളിനടുത്തും നിരവധി സന്ദർഭങ്ങളിൽ ബാബു പ്രശ്നം ഉന്നയിച്ചിരുന്നു.

ഡോ. വി. ശിവദാസൻ എം.പിയും കാർത്തി പി. ചിദംബരം എം.പിയും കഴിഞ്ഞ വർഷം വിഷയം പാർലമെന്റിൽ ഉന്നയിച്ചിരുന്നു.

Content Highlight: PMO directs action against Patanjali for misleading ads

We use cookies to give you the best possible experience. Learn more