| Monday, 16th December 2024, 4:57 pm

നെഹ്‌റു മൗണ്ട് ബാറ്റണടക്കം അയച്ച കത്തുകള്‍ തിരികെ നല്‍കണം; രാഹുലിനോട് പി.എം.എം.എല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സോണിയ ഗാന്ധിയുടെ കൈവശമുള്ള നെഹ്‌റുവിന്റെ കത്തുകള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് പി.എം.എം.എല്‍(പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി). മൗണ്ട് ബാറ്റണ്‍ പ്രഭു, ആല്‍ബര്‍ട്ട്, ഐന്‍സ്റ്റീന്‍, ജയപ്രകാശ് നാരായണന്‍, വിജയ ലക്ഷ്മി പണ്ഡിറ്റ്, പത്മജ നായിഡു, അരുണ ആസഫ് അലി, ഗോവിന്ദ് വല്ലഭ് പ്രഭു, ബാബു ജഗ്ജീവന്‍ റാം തുടങ്ങിയവരുമായുള്ള നെഹ്‌റുവിന്റെ കത്തിടപാടുകളാണ് സോണിയയുടെ കൈവശമുള്ളത്.

കത്തിന്റെ ഒറിജിനല്‍ കോപ്പി ഇല്ലെങ്കില്‍ അതിന്റെ ഫോട്ടോ കോപ്പികളോ ഡിജിറ്റല്‍ പകര്‍പ്പുകളോ ലഭ്യമാക്കണമെന്നും രാഹുല്‍ ഗാന്ധിക്കയച്ച കത്തില്‍ പി.എം.എം.എല്‍ ആവശ്യപ്പെട്ടു. 2008ല്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് 51 പെട്ടികളിലാക്കി ഈ കത്തുകള്‍ സോണിയയ്ക്ക് കൈമാറിയത്.

രേഖകള്‍ സ്ഥാപനത്തിന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് സെപ്റ്റംബറില്‍ കത്തെഴുതിയതായി പി.എം.എം.എല്‍ സൊസൈറ്റി അംഗം റിസ്വാന്‍ കദ്രി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യോട് പറഞ്ഞു. എന്നാല്‍ സോണിയ ഗാന്ധിയില്‍ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനാലാണ് രാഹുലിന് കത്തെഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ രേഖകള്‍ രാജ്യത്തിന്റെ പൈതൃകത്തിന്റെ ഭാഗമാണെന്നും ചരിത്രത്തിന്റെ ഒരു പ്രധാന വശമാണെന്നും പരിഗണിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നെഹ്റു കുടുംബത്തില്‍ ഈ രേഖകള്‍ക്ക് വ്യക്തിപരമായ പ്രാധാന്യം ഉണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്നിരുന്നാലും, ഈ ചരിത്രസാമഗ്രികള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരുന്നത് പണ്ഡിതന്മാര്‍ക്കും ഗവേഷകര്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്നും ഇത് തിരികെ കിട്ടും വഴി അതെല്ലാം സാധിക്കുമെന്നും പി.എം.എംഎല്‍ വിശ്വസിക്കുന്നു,’ കദ്രി പറഞ്ഞു.

1971ല്‍ നെഹ്റുവിന്റെ ഈ കത്തുകള്‍ അദ്ദേഹത്തിന്റെ മകളും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയാണ് പി.എം.എം.എല്ലിന് കൈമാറിയതെന്നും കദ്രിയുടെ കത്തില്‍ പറയുന്നുണ്ട്.

അതേസമയം പി.എം.എം.എല്ലിന്റെ കത്ത് ബി.ജെ.പി ഏറ്റെടുത്തു. ഗാന്ധി കുടുംബത്തെ വിമര്‍ശിച്ച ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ, കത്തുകള്‍ തടഞ്ഞുവെച്ചതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടെന്നും പറഞ്ഞു. ഇത്തരത്തില്‍ സെന്‍സര്‍ഷിപ്പ് ചെയ്യാന്‍ മാത്രം നെഹ്റു മൗണ്ട് ബാറ്റണിന് എന്താണെഴുതിരിക്കുന്നതെന്നും ഇത് തിരികെ കൊടുക്കാന്‍ രാഹുല്‍ ഗാന്ധി പ്രയത്‌നിക്കുമോയെന്നും അമിത് മാളവ്യ ചോദിച്ചു.

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു ദല്‍ഹിയിലെ തീന്‍ മൂര്‍ത്തി സമുച്ചയത്തിലെ നെഹ്റു മ്യൂസിയം മെമ്മോറിയല്‍ ആന്‍ഡ് ലൈബ്രറി. പിന്നീട് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ ഒരു സ്വയംഭരണ സ്ഥാപനമായി ഇത് മാറ്റുകയായിരുന്നു.

Content Highlight: PMML asks Rahul Gandhi to return Nehru’s letters held by Sonia Gandhi

We use cookies to give you the best possible experience. Learn more