| Tuesday, 16th July 2024, 8:47 am

നാഷണല്‍ ഹെറാള്‍ഡ് കേസ്; കോൺഗ്രസിന് തിരിച്ചടി, 752 കോടിയുടെ സ്വത്ത് കണ്ടുകെട്ടല്‍ ശരിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി. അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്റേയും യങ് ഇന്ത്യയുടേയും 752 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് പി.എം.എല്‍.എ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി ശരിവെച്ചു.

ഇ.ഡിയുടെ നടപടിക്ക് പിന്നാലെ കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് നേരിട്ടത്. 2023ല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയായിരുന്നു ഇ.ഡിയുടെ നടപടി. 2013ല്‍ ബി.ജെ.പി നേതാവായ സുബ്രഹ്‌മണ്യന്‍ സ്വാമി ദല്‍ഹി കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എ.ജെ.എല്‍), യങ് ഇന്ത്യന്‍ കമ്പനി എന്നിവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ (പി.എം.എല്‍.എ.) പ്രകാരമാണ് ഇ.ഡി നടപടിയെടുത്തത്. ദല്‍ഹി ഐ.ടി.ഒ.യിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് കെട്ടിടം, ലഖ്‌നൗ കൈസര്‍ബാഗ് മോള്‍ അവന്യൂവിലുള്ള നെഹ്‌റു ഭവന്‍, മുംബൈയിലെ ഹെറാള്‍ഡ് ഹൗസ് എന്നിവ കണ്ടുകെട്ടിയ സ്വത്തുവകകളില്‍ ഉള്‍പ്പെടുന്നു.

യങ് ഇന്ത്യന്‍ കമ്പനിയില്‍ എ.ജെ.എലിന് അവകാശപ്പെട്ട 90.21 കോടി രൂപയുടെ ഓഹരിയും ഇ.ഡി കണ്ടുകെട്ടിയിരുന്നു. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് ദല്‍ഹിയിലും മുംബൈയിലും ലഖ്നൗവിലുമായി 661.69 കോടി രൂപയുടെ വസ്തുവുണ്ടെന്നും യങ് ഇന്ത്യക്ക് നിക്ഷേപ രൂപത്തില്‍ 90.21 കോടി രൂപയുണ്ടെന്നുമായിരുന്നു ഇ.ഡിയുടെ വാദം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരാണ് അസോസിയേറ്റഡ് പ്രസ്. എ.ജെ.എല്ലിന്റെ ഹോള്‍ഡിങ് കമ്പനിയാണ് യങ് ഇന്ത്യ. യങ് ഇന്ത്യ വഴി എ.ജെ.എല്‍ എന്ന കമ്പനിയെ കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെടുത്തു എന്നതാണ് കേസ്.

പത്രം സ്വന്തമാക്കുന്നതിന് ഗാന്ധി കുടുംബം ഫണ്ട് തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. എ.ജെ.എല്‍ കോണ്‍ഗ്രസിന് നല്‍കാനുള്ള 90.25 കോടി രൂപ തിരിച്ചു പിടിക്കാനുള്ള അവകാശം നേടിയെടുക്കാന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ 50 ലക്ഷം രൂപയുടെ ഫണ്ട് തട്ടിപ്പ് നടത്തിയെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നടപടിയില്‍ പാര്‍ട്ടി ഭയപ്പെടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അന്ന് പ്രതികരിച്ചിരുന്നു. പ്രഥമ പ്രധാനമന്ത്രി തുടങ്ങിവെച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉള്‍പ്പെടയുള്ള സ്വത്തുവകകളാണ് നരേന്ദ്ര മോദി കവര്‍ന്നത്. അതിനെതിരെ ശക്തമായി പോരാടുമെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.

Content Highlight: PMLA Adjudicating Authority upholds Enforcement Directorate’s confiscation of assets worth Rs 752 crore of AJL and Young India

We use cookies to give you the best possible experience. Learn more