ഐ.പി.എല്ലില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിലക്കണം; നിയമസഭയില്‍ ആവശ്യവുമായി തമിഴ്‌നാട് എം.എല്‍.എ
IPL
ഐ.പി.എല്ലില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിലക്കണം; നിയമസഭയില്‍ ആവശ്യവുമായി തമിഴ്‌നാട് എം.എല്‍.എ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th April 2023, 6:34 pm

ഐ.പി.എല്ലില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിലക്കണമെന്ന ആവശ്യവുമായി ധര്‍മപുരി എം.എല്‍.എ എസ്.പി വെങ്കിടേശ്വരന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ പ്രാദേശിക തലത്തിലെ താരങ്ങള്‍ ആരുമില്ലെന്നും അതിനാല്‍ തന്നെ തമിഴ്‌നാട് സര്‍ക്കാര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിലക്കണെമെന്നുമാണ് ബി.ജെ.പിയുടെ സഖ്യ കക്ഷികൂടിയായ പട്ടാളി മക്കള്‍ കച്ചി (പി.എം.കെ) നേതാവുകൂടിയായ വെങ്കിടേശ്വരന്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം നിയമസഭയില്‍ കായിക യുവജന വകുപ്പിന് ഗ്രാന്‍ഡ് നല്‍കണമെന്ന ആവശ്യത്തിനിടെയാണ് എം.എല്‍.എ ഇക്കാര്യം പറഞ്ഞത്. താന്‍ ജനവികാരത്തെ മുറുക്കി പിടിച്ചുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘നിരവധി യുവാക്കള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഏറെ താത്പര്യത്തോടെ കാണുന്നവരാണ്. അവര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അതിയായി പിന്തുണക്കുന്നവരുമാണ്. എന്നാലും പ്രാദേശിക താരങ്ങള്‍ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് അവസരം നല്‍കുന്നില്ല എന്നത് അവരില്‍ വേദനയുണ്ടാക്കുന്നുണ്ട്. ഐ.പി.എല്ലില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നിരോധിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

ഞാന്‍ നിയമസഭയില്‍ ജനങ്ങളുടെ വികാരത്തെയാണ് കാത്തുസൂക്ഷിച്ചത്. ചെന്നൈയുടെ പേരുപറഞ്ഞ് ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ ഒന്നും തന്നെ തിരിച്ചുനല്‍കുന്നില്ല. ചെന്നൈയിലെ താരങ്ങള്‍ ടീമില്‍ കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ വെങ്കിടേശ്വരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹോം ഗ്രൗണ്ടില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് എം.എല്‍.എയുടെ വാക്കുകള്‍ എന്നതും ശ്രദ്ധേയമാണ്.

എന്നാല്‍, ഏറെ ആവേശത്തോടെയാണ് ചെന്നൈ ആരാധകര്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തെ നോക്കിക്കാണുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് – രാജസ്ഥാന്‍ റോയല്‍സ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണുള്ളത്. 750 രൂപയുടെ ടിക്കറ്റ് കരിഞ്ചന്തയില്‍ 5000 രൂപക്ക് വരെ വിറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, രാജസ്ഥാനെതിരായ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പോയിന്റ് ടേബിളില്‍ വന്‍ കുതിപ്പുണ്ടാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് സാധിക്കും. നിലവില്‍ മൂന്ന് മത്സരം കളിച്ച് രണ്ട് വിജയവും ഒരു തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സൂപ്പര്‍ കിങ്‌സ്.

 

 

മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് വിജയവും ഒരു തോല്‍വിയുമായി രാജസ്ഥാന്‍ റോയല്‍സിനും നാല് പോയിന്റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് പിങ്ക് സിറ്റി. ചെപ്പോക്കില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ജയിക്കാന്‍ സാധിച്ചാല്‍ പോയിന്റ് ടേബിളില്‍ ഒന്നാമതെത്താന്‍ രാജസ്ഥാനാകും.

 

Content Highlight: PMK MLA urges to ban Chennai Super Kings from IPL