|

കേന്ദ്രപദ്ധതി പരാജയമാകുന്നു; കര്‍ഷകര്‍ക്ക് അയ്യായിരം കോടി ഇനിയും വേണം; ഇന്‍ഷുറന്‍സ് കമ്പനികളുടെ അംഗീകാരം വൈകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് തുകയായി ലഭിക്കാനുള്ളത് അയ്യായിരം കോടിയോളം രൂപ. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന (പി.എം.എഫ്.ബി.വൈ) പദ്ധതി വഴി ഇന്‍ഷുര്‍ ചെയ്ത തുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍ സര്‍ട്ടിഫൈ ചെയ്തിട്ടും ഇന്‍ഷുറന്‍സ് കമ്പനികള്‍ അംഗീകരിക്കാത്തത്. ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദ വയര്‍‘ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍.

ഡിസംബര്‍ 2018 വരെ കര്‍ഷകര്‍ക്കു ലഭിക്കാനുള്ള ഇന്‍ഷുറന്‍സ് തുകയായ 5,171 കോടി രൂപയെയാണ് ഇതു ബാധിച്ചിരിക്കുന്നത്. ആറു സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് ഒരുരൂപ പോലും ഇന്‍ഷുറന്‍സായി നല്‍കിയിട്ടില്ല. മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, തെലങ്കാന തുടങ്ങിയ ഇടങ്ങളിലാണിത്.

വിളവെടുപ്പിനുശേഷം രണ്ടുമാസത്തിനുള്ളില്‍ ഈ പണം നല്‍കിയിരിക്കണമെന്നാണ് പി.എം.എഫ്.ബി.ഐ മാനദണ്ഡം. അതായത്, 2018 ഡിസംബറില്‍ അവസാനിച്ച വിളവെടുപ്പിന് ശേഷം ഈവര്‍ഷം ഫെബ്രുവരിയിലെങ്കിലും പണം ലഭിക്കണമായിരുന്നു.

കേന്ദ്ര കൃഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം വയറിനു നല്‍കിയത്.

മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്കാണ് ഇതില്‍ ഏറ്റവുമധികം പണം ലഭിക്കാനുള്ളത്, 1416 കോടി രൂപ.

90 ശതമാനം ഇന്‍ഷുറന്‍സും വരള്‍ച്ച കാരണമാണു വന്നിരിക്കുന്നത്. ഏഴു സംസ്ഥാനങ്ങളിലെ കൃഷിയെയാണ് വരള്‍ച്ച ബാധിച്ചത്. ഈ സംസ്ഥാനങ്ങളിലെ ഒന്നരക്കോടി ഹെക്ടര്‍ ഭൂമിയിലെ വിളകള്‍ ഇതുകാരണം നശിച്ചുപോയിരുന്നു.

രാജ്യത്തെ 252 ജില്ലകളിലാണ് കഴിഞ്ഞ ജൂണ്‍-സെപ്റ്റംബര്‍ മാസം പ്രതീക്ഷിച്ച മഴ ലഭിക്കാതെ പോയത്. ഇതില്‍ ഭൂരിഭാഗം ജില്ലകളും ആന്ധ്രാപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഗുജറാത്തില്‍ മാത്രം 401 ഗ്രാമങ്ങളിലാണു വരള്‍ച്ച ബാധിച്ചത്. 33 ശതമാനത്തോളം വിളനാശം ഇവിടെയുണ്ടായി. ഇതില്‍ 269 ഗ്രാമങ്ങളിലായി നശിച്ചത് 50 ശതമാനത്തിലേറെ വിളയാണ്.

മഹാരാഷ്ട്രയിലെ സോയാബീന്‍ വിളകള്‍ 60-70 ശതമാനത്തോളവും കോട്ടണ്‍ 50 ശതമാനത്തോളവും നശിച്ചതായി കൃഷിമന്ത്രാലയത്തിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞതായി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയിലെ 88.6 കൃഷിയിടങ്ങളും വരള്‍ച്ചാബാധിതമായി. 176 താലൂക്കുകളില്‍ 156 എണ്ണവും വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു. 30 ജില്ലകളില്‍ 16 എണ്ണത്തിലും കടുത്ത വരള്‍ച്ചയാണുണ്ടായതെന്ന് ഒരു പഠനം പറയുന്നു. സംസ്ഥാനത്തെ 20 ലക്ഷം ഹെക്ടറിലെ വിളകളാണു നശിച്ചത്.

കര്‍ണാടകയില്‍ വിള ഇന്‍ഷുറന്‍സ് ഇനത്തില്‍ കിട്ടാനുള്ള 679 കോടി രൂപയില്‍ 28 കോടി മാത്രമാണു ലഭിച്ചത്.

മധ്യപ്രദേശിലാകട്ടെ, 52 ജില്ലകളില്‍ 18 എണ്ണത്തെയും വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു. പക്ഷേ ഒരുരൂപ പോലും ലഭിച്ചിട്ടില്ല. 656 കോടിയാണ് ഇവിടെ ലഭിക്കാനുള്ളത്.

രാജസ്ഥാനില്‍ ഒമ്പത് ജില്ലകള്‍ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചിരുന്നു. ലഭിക്കാനുള്ള 1,358 കോടി രൂപയില്‍ 900 കോടി ഇനിയും ലഭിക്കാനുണ്ട്.

അടുത്ത സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് പണം ലഭിച്ചാല്‍ മാത്രമേ തങ്ങള്‍ക്ക് എന്തെങ്കിലും കാര്യമുള്ളൂവെന്നു കര്‍ഷകര്‍ പറയുന്നു. എന്തെങ്കിലും തരത്തില്‍ തുക വൈകിയാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കര്‍ഷകര്‍ക്ക് 12 ശതമാനം പലിശ കൂടി നല്‍കണമെന്ന് 2018 സെപ്റ്റംബറില്‍ പുറത്തിറക്കിയ പി.എം.എഫ്.ബി.വൈ മാനദണ്ഡങ്ങളില്‍ പറയുന്നു.