ബി.ജെ.പി ഓഫീസിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി പി.എം.സി ബാങ്കിലെ നിക്ഷേപകര്‍; നിര്‍മ്മലാ സീതാരാമന്റെ പത്രസമ്മേളനം തടസ്സപ്പെടുത്തി
മുംബൈ: പി.എം.സി ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകര്‍ മുംബൈയിലെ ബി.ജെ.പി ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുന്നു. അക്രമാസക്തരായ ഉപഭോക്താക്കള്‍ മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള ബി.ജെ.പി ഓഫീസിന്റെ ഉള്ളിലേത്ത് കടക്കാന്‍ ശ്രമിച്ചു. പ്രതിഷേധക്കാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പത്രസമ്മേളനവും തടസ്സപ്പെടുത്തി.
ബി.ജെ.പി ഓഫീസിന് മുന്നില്‍ സംഘടിച്ച പ്രതിഷേധക്കാര്‍ നീതിക്കായി മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണ്.
‘ അവര്‍ എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നെതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. അവര്‍ ചെയ്യുന്നത് ശ്രദ്ധിക്കേണ്ടതില്ല. എനിക്കെന്റെ പണം തിരികെ വേണം. ബാങ്കില്‍ ഞാന്‍ നിക്ഷേപിച്ച എന്റെ നിക്ഷേപം വീണ്ടും സമ്പാദിക്കാന്‍ എനിക്ക് കഴിയില്ല’ എന്നാണ് ജനങ്ങളുടെ മുദ്രാവാക്യം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം നിര്‍മ്മലാ സീതാരാമന്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചക്ക് ശ്രമിക്കുന്നുണ്ട്.
കേസില്‍ ഒരു മലയാളി അടക്കം നിരവധി അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഹൗസിങ് ഡെവലപ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്‌ട്രേക്ച്ചര്‍ ലിമിറ്റഡ് ഡയറക്ടറായ രാകേഷ് വര്‍ധ്വാനെയും മകന്‍ സാരംഗ് വര്‍ധ്വാനെയും അറസ്റ്റിലായതിന് പിന്നാലെയാണ് മലയാളിയും ബാങ്കിന്റെ മുന്‍ മാനേജിങ് ഡയറക്ടുമായ ജോയ് തോമസും അറസ്റ്റിലാവുന്നത്.
പി.എം.സി ബാങ്കില്‍നിന്ന് എച്ച്.ഡി.ഐ.എല്‍ 4,355 കോടി രൂപ കടമെടുത്ത് തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പി.എം.സി ബാങ്ക് അധികൃതര്‍ കിട്ടാക്കടം മറച്ചുവെച്ചെന്നും ആരോപണമുണ്ട്. കരുതല്‍ തുകയുടെ പലമടങ്ങ് കിട്ടാക്കടമായി നല്‍കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനം കഴിഞ്ഞ 23 മുതല്‍ ആറുമാസത്തേക്ക് റിസര്‍വ് ബാങ്ക് മരവിപ്പിച്ചതോടെയാണ് വിവരം പുറത്താകുന്നത്.