മുംബൈ: നിഷ്‌ക്രിയ ആസ്തി കുറച്ച് കാണിച്ചതിനും നയപരമായ വീഴ്ചകള്‍ വരുത്തിയതിനും റിസര്‍വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തിയ പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ (പിഎംസി) പന്ത്രണ്ട് ഡയറക്ടര്‍മാരില്‍ ഭൂരിപക്ഷം പേര്‍ക്കും ബി.ജെ.പി ബന്ധമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട്.
ബാങ്കിന്റെ ഡയറക്ടര്‍മാരിലൊരാളായ രജ്‌നീത് സിങ് മുലുന്ദില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ സര്‍ദാര്‍ താരാ സിങ്ങിന്റെ മകനും അടുത്ത സ്ഥാനാര്‍ത്ഥിയായി വിശേഷിപ്പിക്കപ്പെടുന്നയാളുമാണ്. ഇപ്പോള്‍ ബി.ജെ.പി അംഗത്വവും രജ്‌നീത് സിങ്ങിനുണ്ട്.
ചൊവ്വാഴ്ച ബാങ്കിന് ആര്‍.ബി.ഐ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ബാങ്ക് നേത്വത്തിന് ബി.ജെ.പിയുമായുള്ള ബന്ധം പുറത്തു വരുന്നത്.
കഴിഞ്ഞ 13 വര്‍ഷത്തിനിടെ മൂന്നു തവണ ഡയറക്ടറായ ആളാണ് രജ്‌നീത് സിങ്. ‘ഞാന്‍ ബാങ്കിന്റെ ദൈനംദിന പ്രവൃത്തികളില്‍ ഭാഗമല്ല. ലോണ്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എനിക്ക് ഒരറിവുമില്ല. പണം പിന്‍വലിക്കുന്ന പരിധി ഉയര്‍ത്തി തരാന്‍ ബാങ്കിനോട് ഞാന്‍ ആവശ്യപ്പെടുകയാണ്. നിക്ഷേപകര്‍ ഭയപ്പെടരുത്’ രജ്‌നീത് സിങ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലോണ്‍ വിതരണം നടത്തുന്നത് ബാങ്ക് മാനേജര്‍മാരാണെന്നും തന്റെ മകനോ മറ്റ് ഡയറക്ടര്‍മാര്‍ക്കോ ബാങ്കിന്റെ പ്രതിസന്ധിയില്‍ പങ്കില്ലെന്ന് സര്‍ദാര്‍ താരാ സിങും പ്രതികരിച്ചു.
ബാങ്കിലെ പ്രതിദിനം 1000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാവില്ലെന്നായിരുന്നു ചൊവ്വാഴ്ച ഉത്തരവിനൊപ്പം റിസര്‍വ് ബാങ്ക് പറഞ്ഞിരുന്നത്. എന്നാല്‍ ഈ പരിധി ഇന്ന് 10,000 ആയി ഉയര്‍ത്തിയിട്ടുണ്ട്.
– പുതിയ വായ്പകള്‍ അനുവദിക്കുന്നതിനും പുതുക്കുന്നതിനും വിലക്ക്.
– പുതിയ നിക്ഷേപം സ്വീകരിക്കുന്നതിനു വിലക്ക്. നിലവിലെ മൊത്തം നിക്ഷേപം 11,000 കോടി രൂപ.
– ആസ്തി വില്‍ക്കാനാവില്ല
– അറ്റ നിഷ്‌ക്രിയ ആസ്തി 1.05 ശതാനത്തില്‍ നിന്ന് 2.19 ശതമാനമായി
തുടങ്ങിയവയാണ് മറ്റു നിയന്ത്രണങ്ങള്‍. ആറു മാസത്തേക്കാണ് റിസര്‍വ് ബാങ്ക് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആര്‍.ബി.ഐ. ഉത്തരവ് വന്നതിനുപിന്നാലെ നിക്ഷേപകര്‍ കൂട്ടത്തോടെ ബാങ്ക് ശാഖകളിലെത്തുകയും പലയിടത്തും സംഘര്‍ഷ സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു.