തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എടുത്ത ഈ തീരുമാനം അനധികൃതവും നിയമവിരുദ്ധവും; ഇന്ത്യ- അമേരിക്കന്‍ ആണവനിലയത്തിനെതിരെ സംഘടനകള്‍
national news
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എടുത്ത ഈ തീരുമാനം അനധികൃതവും നിയമവിരുദ്ധവും; ഇന്ത്യ- അമേരിക്കന്‍ ആണവനിലയത്തിനെതിരെ സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th March 2019, 2:54 pm

കോഴിക്കോട്: ഇന്ത്യയില്‍ ആറ് അമേരിക്കന്‍ ആണവ നിലയങ്ങള്‍ സംയുക്തമായി നിര്‍മ്മിക്കാനുള്ള പദ്ധതിക്കെതിരെ പീപ്പിള്‍ മൂവ്‌മെന്റ് എഗെയിന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി (PMANE) യും നാഷണല്‍ അലൈന്‍സ് ഓഫ് ആന്റി ന്യൂക്ലിയര്‍ മൂവ്‌മെന്റും രംഗത്ത്.

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ ഘട്ടത്തില്‍ ,പുതിയ പാര്‍ലമെന്റും പുതിയ സര്‍ക്കാരും അധികാരത്തില്‍ വരുമെന്നിരിക്കെ നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്ത ഈ തീരുമാനം അനധികൃതവും നിയമവിരുദ്ധവുമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന സര്‍ക്കാരാണ് പ്രധാനപ്പെട്ട ഇത്തരം നയങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും സംഘടന ചൂണ്ടിക്കാട്ടി.

യഥാര്‍ത്ഥത്തില്‍ ആണവ കരാറുകളും വ്യവസായങ്ങളും ദേശീയ നിയമങ്ങളും അതിനൊപ്പം ജനങ്ങളുടെ താല്‍പര്യങ്ങളും ലംഘിക്കുകയാണ്.

2008 ഒക്ടോബറിലാണ് ഇന്ത്യയും അമേരിക്കയും ആണവോര്‍ജ്ജ മേഖലയില്‍ സഹകരിക്കാന്‍ തീരുമാനിച്ചുകൊണ്ട് ഒരു കരാറില്‍ ഒപ്പുവെക്കുന്നത്. എന്നാല്‍ ഒരു ദശാബ്ദത്തിലേറെക്കാലം ഇത് കടലാസില്‍ ഒതുങ്ങി.


രാഹുല്‍ സങ്കര സന്താനമെന്ന പരാമര്‍ശം; കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ നടപടിക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍


ഇന്ത്യ-യുഎസ് ആണവകരാര്‍ വിഷയത്തില്‍ ഇത്രയധികം സമയവും ഊര്‍ജവും വിഭവങ്ങളും പാഴാക്കിയശേഷം ആറു അമേരിക്കന്‍ റിയാക്ടറുകളുടെ നിര്‍മ്മാണം പ്രഖ്യാപിച്ചു എന്നതൊഴിച്ചാല്‍ വിതരണക്കാര്‍ ആരെല്ലാമാണെന്നോ നിര്‍മ്മാണ മേഖല ഏതെന്നോ നിര്‍മാണം എവിടെയായിരിക്കുമെന്നോ നിബന്ധനങ്ങള്‍ എന്തെല്ലാമാണെന്നോ ഒന്നും വ്യക്തമാക്കിയിട്ടില്ല.

ഇരുരാജ്യങ്ങളിലെയും ജനങ്ങളുമായോ ജനപ്രതിനിധികളുമായോ കൂടിയാലോചനകള്‍ പോലും നടത്താതെയെടുത്ത ഈ തീരുമാനം ജനങ്ങളെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

ഏറ്റവും മികച്ചതും വലുതുമായ ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടുമ്പോഴും ആണവ വിഷയം പോലുള്ള കാര്യങ്ങള്‍ വരുമ്പോള്‍ ഭരണനേതൃത്വത്തില്‍ ഇരിക്കുന്നവര്‍ സ്വേച്ഛാധികാരികളെ പോലെ പെരുമാറുകയാണെന്നും സംഘടന കുറ്റപ്പെടുത്തി.

ഇന്ത്യയില്‍ ആറ് അമേരിക്കന്‍ ആണവ നിലയങ്ങള്‍ സംയുക്തമായി നിര്‍മ്മിക്കാനുള്ള പദ്ധതി പൂര്‍ണമായും അമേരിക്കയുടെ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതാണെന്ന് കൂടംകുളം ആണവനിലയ വിരുദ്ധ സമര നേതാവ് എസ്.പി ഉദയകുമാര്‍ കഴിഞ്ഞ ദിവസം ഡൂള്‍ന്യൂസിനോട് പ്രതികരിച്ചിരുന്നു.

അമേരിക്ക ഒരു യുദ്ധ സമ്പത്ത് വ്യവസ്ഥയാണെന്നും അവരുടെ യുദ്ധതാല്‍പ്പര്യങ്ങള്‍ ഇന്ത്യ പിന്തുണക്കുകയാണെന്നും ഉദയകുമാര്‍ പറഞ്ഞിരുന്നു. ആണവ നിലയങ്ങള്‍ വളരെ ചെലവ് കൂടിയതാണ്. അത് ഇന്ത്യക്ക് ഒരു ഉപകാരവും ഉണ്ടാക്കില്ല. ജനസംഖ്യ കൂടുതലുള്ള നമ്മുടെ രാജ്യത്ത് ഇത്തരം ആണവ നിലയങ്ങളും പാര്‍ക്കുകളും പണിയുന്നത് വലിയ അപകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയില്‍ ആറ് അമേരിക്കന്‍ ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാന്‍ വ്യാഴാഴ്ചയാണ് ധാരണയായാത്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യു.എസ് ആയുധ നിയന്ത്രണം-രാജ്യാന്തര സുരക്ഷാകാര്യ സെക്രട്ടറി ആന്‍ഡ്രിയ തോംസണും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

രാജ്യസുരക്ഷയും ആണവോര്‍ജ സഹവര്‍ത്തിത്വവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തീരുമാനത്തിലെത്തിയതെന്നാണ് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞത്. രാജ്യത്തിന്റെ ആവശ്യത്തിനനുസൃതമായുള്ള ഇന്ധനലഭ്യത ഈ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടെ ഉറപ്പു വരുത്താനാവുമെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്.

ഒരു പതിറ്റാണ്ടായി ഇക്കാര്യത്തില്‍ ഇന്ത്യയും അമേരിക്കയും നടത്തി വരുന്ന നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ നിര്‍ണായക തീരുമാനം നിലവില്‍ വന്നിരിക്കുന്നത്. പിറ്റസ്ബര്‍ഗ് ആസ്ഥാനമായ വെസ്റ്റിങ് ഹൗസ് ഇന്ത്യയില്‍ ആണവറിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും 2017 ല്‍ വെസ്റ്റിങ് ഹൗസിന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് തടസമായി.

അതേസമയം, 2024ഓടെ ആണവ ശേഷി മൂന്നിരട്ടിയാക്കി ഉയര്‍ത്താനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. 2008ല്‍ ഇന്ത്യയും അമേരിക്കയും സിവില്‍ ആണവ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ കരാര്‍ പ്രകാരം ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാന്‍ 2016ല്‍ ധാരണയില്‍ എത്തിയിരുന്നു.