കോഴിക്കോട്: സി.പി.ഐ.എം പോളിറ്റ് ബ്യോറോയില്‍ ബൃന്ദ കാരാട്ടല്ലാതെ മറ്റൊരു വനിത അംഗമില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. സുഭാഷിണി അലിയെ വിസ്മരിച്ചുകൊണ്ടായിരുന്നു ന്യൂസ് 18 ചാനലിലെ അപര്‍ണ കുറുപ്പുമായുള്ള ക്യു 18 എന്ന അഭിമുഖ പരിപാടിയില്‍ പി.എം.എ സലാമിന്റെ പ്രതികരണം. സുഭാഷിണി അലി 2015 മുതല്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോയിലുണ്ട്.
മുസ്‌ലിം ലീഗില്‍ മാത്രമല്ല മറ്റു പാര്‍ട്ടികളിലും സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് പി.എം.എ സലാം ഈ പരാമര്‍ശം നടത്തിയത്. മാത്രവുമല്ല പ്രകാശ് കാരാട്ടിന്റെ പങ്കാളി ആയതിനാല്‍ മാത്രമാണ് ബൃന്ദ കാരാട്ട് പോളിറ്റ് ബ്യൂറോയില്‍ എത്തിയത് എന്ന തരത്തിലുള്ള പരാമര്‍ശവും പി.എം.എ സലാമിന്റെ ഭാഗത്ത് നിന്നുണ്ടായി.
കോണ്‍ഗ്രസില്‍ സോണിയ ഗാന്ധി മാത്രമാണ് ഉന്നത സ്ഥാനത്തെത്തിയ വനിതയെന്നും പി.എം.എ സലാം പറയുന്നു. കോണ്‍ഗ്രസില്‍ നിന്ന് ഇന്ദിരാഗാന്ധിയുള്‍പ്പടെയുള്ളവര്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയെന്നത് വിസ്മരിച്ച് കൊണ്ടാണ് പി.എം.എ സലാം ഇക്കാര്യം പറഞ്ഞത്.
സി.പി.ഐ.എമ്മില്‍ ഒരു ലോക്കല്‍ സെക്രട്ടറി പോലും വനിതയായിട്ടില്ലെന്ന കള്ളവും ഈ അഭിമുഖത്തില്‍ പി.എം.സലാം പറയുന്നുണ്ട്. മുസ്‌ലിം ലീഗിന്റെ പോഷക സംഘടനകളുടെ സംസ്ഥാന കമ്മിറ്റികളില്‍ വനിതകളുണ്ടെന്നും മുസ്‌ലിം ലീഗ് വനിത വിദ്യാഭ്യാസത്തിന് വലിയ പരിഗണന നല്‍കിയ പാര്‍ട്ടിയാണെന്നും അദ്ദേഹം പറയുന്നു.
പാര്‍ട്ടികളിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യം വരുമ്പോള്‍ എന്ത് കൊണ്ടാണ് എല്ലാവരും മുസ്‌ലിം ലീഗിനെ മാത്രം കുറ്റപ്പെടുത്തുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു. കേരളത്തിലെ നിലവിലെ മന്ത്രി സഭയില്‍ വനിതകളായി രണ്ട് പേര്‍ മാത്രമാണുള്ളതെന്നും ഇതെങ്ങെനെയാണ് 50 ശതമാനത്തിലേറെ വരുന്ന സ്ത്രീകളെ പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
കേരളത്തില്‍ വനിതകള്‍ മുഖ്യമന്ത്രിയാകാനുള്ള രണ്ട് അവസരങ്ങളും ഇല്ലാതാക്കിയത് സി.പി.ഐ.എം ആണെന്നും പി.എം.എ സലാം കുറ്റപ്പെടുത്തുന്നു. കെ.ആര്‍. ഗൗരിയമ്മയും കെ.കെ. ഷൈലജയും മുഖ്യമന്ത്രിമാരാകാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കിയത് സി.പി.ഐ.എമ്മാണെന്നും പി.എം.എ. സലാം പറഞ്ഞു.
content highlights: PMA Salam says that ‘Prakash Karat’s wife’ Brinda is the only woman in Politburo; Don’t know Subhashini Ali?