ജിഫ്രി തങ്ങളെ മറയാക്കി സഖാക്കൾ ലീഗിനെതിരെ പ്രവർത്തിക്കുന്നു: പി.എം.എ. സലാം
കോഴിക്കോട്: ജിഫ്രി തങ്ങളെ മറയാക്കി ചില സഖാക്കൾ ലീഗിനെതിരെ പ്രവർത്തിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ലീഗിനും അതേ രീതിയിൽ പ്രവർത്തിക്കാനറിയാമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളെ ആക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി സമസ്ത നേതാക്കൾ കുഞ്ഞാലിക്കുട്ടിക്ക് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് പി.എം.എ. സലാമിന്റെ പ്രതികരണം.
തട്ടം വിവാദത്തിൽ കുരുങ്ങിക്കിടക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളെ രക്ഷിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ഇതിന് അവർക്ക് നക്കാപിച്ച ലഭിച്ചുകാണുമെന്നും പി.എം.എ. സലാം പറഞ്ഞു.
ജിഫ്രി തങ്ങൾ ലീഗിനെതിരെ നിലപാട് സ്വീകരിക്കുന്ന ആളല്ലെന്നും മുസ്‌ലിം ലീഗ് സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിൽകണ്ട് സലാമിനെതിരെ പരാതി ഉന്നയിക്കാൻ ഒരുങ്ങുകയാണ് സമസ്തയുടെ ഉന്നത നേതൃത്വമായ മുശാവറ. പോഷകസംഘടനകൾ നേരത്തെ നൽകിയ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്ന് സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സലാമിന്റെ പരാമർശവും അതിനെ ന്യായീകരിച്ച സാദിഖലി തങ്ങളുടെ പ്രസ്താവനയും മുശാവറയുടെ യോഗത്തിൽ ചർച്ച ചെയ്തിരുന്നു.
മുഖ്യമന്ത്രിയുമായി താൻ ഫോണിൽ സംസാരിക്കാറുണ്ടെന്ന് ജിഫ്രി തങ്ങൾ മുമ്പ് പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ച് മുഖ്യമന്ത്രി ഫോണിൽ വിളിച്ചാൽ എല്ലാമായെന്ന് വിചാരിക്കുന്നവർക്ക് തട്ടം വിവാദത്തിൽ എന്താണ് പറയാനുള്ളത് എന്നായിരുന്നു സലാമിന്റെ വിവാദ പരാമർശം.
Content Highlight: PMA Salam says some comrades are acting against Muslim league using Jfri thangal