ഈ നിലവിളികളെ നേരിടാന്‍ ''കര്‍മൂസത്തണ്ട്'' തന്നെ ധാരാളം; വഖഫ് വിഷയത്തില്‍ അടുത്ത സമരപരിപാടികളെ കുറിച്ചുളള ആലോചനയിലാണ് ലീഗെന്ന് പി.എം.എ സലാം
Kerala News
ഈ നിലവിളികളെ നേരിടാന്‍ ''കര്‍മൂസത്തണ്ട്'' തന്നെ ധാരാളം; വഖഫ് വിഷയത്തില്‍ അടുത്ത സമരപരിപാടികളെ കുറിച്ചുളള ആലോചനയിലാണ് ലീഗെന്ന് പി.എം.എ സലാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th December 2021, 2:50 pm

 

കോഴിക്കോട്: വഖഫ് നിയമനം പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.

മുസ്‌ലിം ലീഗ് കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്കിടെ ലീഗ് നേതാക്കള്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ മുസ്‌ലിം ലീഗ് ഖേദപ്രകടനം നടത്തിയിട്ടുണ്ടെന്നും എന്നാല്‍ മാധ്യമപ്രവര്‍ക്കതര്‍ക്കെതിരേയും ന്യായാധിപന്മാര്‍ക്കെതിരെയും തെറി വിളിച്ചവര്‍ ഇതുവരേയും ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും സലാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സലാം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു സമുദായത്തെ മുഴുവന്‍ ജനസംഖ്യാ വര്‍ദ്ധനവിന് കാരണക്കാരെന്നും ഒരു പ്രദേശത്തെ മുഴുവന്‍ കോപ്പിയടിക്കാരെന്നും വിശേഷിപ്പിച്ചവര്‍ക്ക് മാനസാന്തരം വന്നതായി അറിയില്ല.

സംസ്‌കാര സമ്പന്നതയെ കുറിച്ച് മുസ്‌ലിം ലീഗിന് ക്ലാസെടുക്കേണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

റാലി കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട സംസാരങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും ഏതു തരത്തിലുള്ള നിലവിളികളെ നേരിടാനും കര്‍മൂസത്തണ്ട് തന്നെ ലീഗിന് ധാരാളമാണെന്നും സലാം പറഞ്ഞു.

അതേസമയം, വഖഫ് സംരക്ഷണ റാലില്‍ നടത്തിയ പ്രസംഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ പരാതിയിലാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു അബ്ദുറഹ്മാന്‍ പ്രസംഗത്തില്‍ പറഞ്ഞത്. പ്രസംഗത്തിനിടെ ലൈംഗിക ന്യൂനപക്ഷങ്ങളെയും അബ്ദുറഹ്മാന്‍ കല്ലായി അധിക്ഷേപിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ അദ്ദേഹം ഖേദപ്രകടനവും നടത്തിയിരുന്നു.

റാലിയില്‍ പങ്കെടുത്ത കണ്ടാലറിയുന്ന 10,000 പേര്‍ക്കെതിരെ പൊലീസ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.

അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിലെ ചില പ്രയോഗങ്ങളില്‍ പ്രസംഗകനും പാര്‍ട്ടിയും പരസ്യമായി ഖേദപ്രകടനം നടത്തിയതാണ്. ന്യായീകരണവുമായി ആരും വന്നിട്ടുമില്ല.എന്നാല്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ എതിരാളികളേയും മാധ്യമപ്രവര്‍ത്തകരേയും ന്യായാധിപന്മാരേയും വരെ തെറിയഭിഷേകം നടത്തിയവര്‍ ഇത് വരെ ഒരു വരി പോലും എവിടെയും ഖേദപ്രകടനം നടത്തിയതായി അറിവില്ല.

ഒരു സമുദായത്തെ മുഴുവന്‍ ജനസംഖ്യാ വര്‍ദ്ധനവിന് കാരണക്കാരെന്നും ഒരു പ്രദേശത്തെ മുഴുവന്‍ കോപ്പിയടിക്കാരെന്നും വിശേഷിപ്പിച്ചവര്‍ക്ക് മാനസാന്തരം വന്നതായി അറിയില്ല. അത്തരക്കാര്‍ ”സംസ്‌കാര സമ്പന്നതയെ” കുറിച്ച് മുസ്ലീം ലീഗിന് ട്യൂഷനെടുക്കേണ്ട.

വഖഫ് വിഷയത്തില്‍ അടുത്ത സമരപരിപാടികളെ കുറിച്ചുളള ആലോചനയിലാണ് മുസ്ലീം ലീഗ്, എന്നിരിക്കെ കോഴിക്കോട്ടെ റാലി കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ചിലരുടെ പ്രത്യേക ഏ-ക്ഷനോട് കൂടിയ നിലവിളികള്‍ക്ക് ഇപ്പോഴും ശമനമായിട്ടില്ല എന്നത് കൗതുകകരം തന്നെ.

വഖഫ് നിയമം പിന്‍വലിക്കും വരെ ഞങ്ങള്‍ പോരാടും..
ഈ നിലവിളികളെ നേരിടാന്‍ ”കര്‍മൂസത്തണ്ട്” തന്നെ ധാരാളം..
പി.എം.എ സലാം

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: PMA Salam says League is discussing next steps on Waqf issue